അങ്ങനെയെങ്കില്‍ അതേ കലാകാരന്മാര്‍ക്ക് മുന്നില്‍ മതത്തിന്റെ അതിരുകള്‍ വരച്ച് അവരെ ദേവസന്നിധികളില്‍ നിന്നും വിലക്കുമ്ബോള്‍ നോവുന്നത് അവരില്‍ കലയുടെ പ്രസാദം ചൊരിഞ്ഞ ദൈവങ്ങള്‍ തന്നെയായിരിക്കും, തീര്‍ച്ച! ഏറെ വേദനയോടെയാണ് അതുല്യ കലാകാരിയായ മന്‍സിയ കൂടല്‍മാണിക്യം ക്ഷേത്ര ട്രസ്റ്റില്‍ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് വായിച്ചറിഞ്ഞത്. ഒപ്പം വേദനയോടെ തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത കൂടിയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ അന്നത്തെ കേരളത്തില്‍ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന യാഥാര്‍ത്ഥ്യം കൂടിയാണ് അത്.
അന്നത്തെ സാഹചര്യത്തില്‍ നിന്നും എന്ത് പ്രബുദ്ധതയും നവോത്ഥാനവുമാണ് നമ്മള്‍ ഇത്രയും കാലത്തിനിടയ്ക്ക് നേടിയത്? മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നു ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ സ്വന്തം കേരളത്തിലാണ് ഇന്ന് മതത്തിന്റെ പേരില്‍ ഏറ്റവും വലിയ ചേരിതിരിവ് കലകളില്‍ പോലും അടയാളപ്പെടുത്തുന്നത്. നൃത്തം നിഷിദ്ധമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മതത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിക്ക് ലഭിച്ച ശിവകടാക്ഷം അവള്‍ ചുവടുകള്‍ കൊണ്ടും മുദ്രകള്‍ കൊണ്ടും സ്വീകരിച്ചു. അതിന്റെ പേരില്‍ അവള്‍ നേരിട്ട യാതനകള്‍ എണ്ണിയാല്‍ ഒടുങ്ങാത്തത്.
നൃത്തം ഒരു മതത്തിന് നിഷിദ്ധമാകുമ്ബോള്‍ മറ്റൊരു മതത്തിന്റെ കുത്തകയാകുന്നുവെന്ന് മന്‍സിയയുടെ പോസ്റ്റില്‍ വായിച്ചു. അവരുടെ വേദന മനസ്സിലാക്കിക്കൊണ്ട് തന്നെ, മന്‍സിയയ്ക്ക് ഒപ്പം നിന്നുക്കൊണ്ട് തന്നെ ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. മന്‍സിയ എഴുതിയ പോലെ ഒരിക്കലും നൃത്തം ഒരു മതത്തിന്റെ കുത്തകയല്ല. അങ്ങനെ ഒരു കുത്തക ആയിരുന്നെങ്കില്‍ ഭരതമുനിയുടെ പേരില്‍ അറിയപ്പെടുന്ന ഈ നൃത്തത്തെ ഉപാസിക്കുവാന്‍ മന്‍സിയയ്ക്ക് കഴിയുമായിരുന്നില്ല. ഒരു ക്ഷേത്രത്തില്‍ നേരിട്ട ദുരനുഭവത്തിനൊപ്പം എത്രയോ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് നൃത്തം അവതരിപ്പിച്ചു കാണണം മന്‍സിയ. നൃത്തത്തിന്റെ ആദ്യ അരങ്ങേറ്റം നടന്നത് തന്നെ ഒരു ക്ഷേത്രമുറ്റത്ത് ആയിരിക്കും അല്ലേ? ഹൈന്ദവ ഇതിഹാസ പുരാണങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട ചരണങ്ങളും പദങ്ങളും ഉള്ള നൃത്ത രൂപം ഇതര മതത്തില്‍പ്പെട്ട ഒരാള്‍ക്ക് പഠിക്കാന്‍ കഴിയുന്നുവെങ്കില്‍ അത് ഒരു മതത്തിന്റെ മാത്രം കുത്തക ആവുന്നത് എങ്ങനെയാണ്?
ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേര്‍ത്ത നടന കലയായ , ഭരതനാട്യം ജീവിതത്തിന്റെ ഭാഗമാക്കിയ മന്‍സിയയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കൂടല്‍മാണിക്യം ക്ഷേത്രം മറ്റൊരു ഭരതന്റെ പേരിലുള്ള ക്ഷേത്രം എന്നത് യാദൃച്ഛികമാകാം. എന്തായാലും മന്‍സിയ എന്ന കലാകാരിയോട് വിവേചനം കാട്ടിയത് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ അല്ല. ആ ക്ഷേത്രം ഭരിക്കുന്ന ആളുകളാണ്. നോട്ടീസ് അടിക്കുവോളം മന്‍സിയ ഉണ്ടാവണം എന്ന അജണ്ടയുണ്ടാക്കിയ, എന്നാല്‍ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് അഹിന്ദുക്കള്‍ക്ക പ്രവേശനം ഇല്ല എന്ന നിയമത്തെ തിരുത്താന്‍ മിനക്കെടാത്ത കുരുട്ടു ബുദ്ധിയുള്ള ചിലര്‍. അവരാണ് മന്‍സിയയെ അപമാനിച്ചത്. കേരളത്തില്‍ മതഭ്രാന്ത് നല്ല രീതിയില്‍ ഉണ്ട്. അതില്‍ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വര്‍ഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധര്‍. അവര്‍ക്ക് ഒരു വിഷയം വേണം. അതില്‍ ഒരു കലാകാരിയെ ഇരയാക്കി ചൂണ്ടയില്‍ കോര്‍ത്തു. അത്രമാത്രം. വിഷയം സെലക്ടീവ് പ്രതികരണവാദികള്‍ ഏറ്റെടുത്തു. ഇനി പഴി മൊത്തം കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ഹൈന്ദവ മതത്തിനും മാത്രമാവും. അതാണല്ലോ പതിവും.അപ്പോഴും അഡ്രസ്സ് ചെയ്യപ്പെടാനുള്ള യഥാര്‍ത്ഥ റീസനുകള്‍ക്ക് മാറ്റമുണ്ടാകുന്നില്ല.
ക്ഷണിച്ചു നോട്ടീസ് അടിച്ച ശേഷം ഒരാളെ അപമാനിക്കുന്ന വിധത്തില്‍ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉണ്ടാകട്ടെ. അത് ആര് ചെയ്തു, എന്തിന് വേണ്ടി എന്നത് പുറത്തു വരട്ടെ. കൂടല്‍മാണിക്യം ക്ഷേത്രസമിതി ഭരിക്കുന്നത് ആര്, അവര്‍ ഇതിനെതിരെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചോദ്യങ്ങള്‍ വരട്ടെ. കെ റെയില്‍ പാളങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനോ, മനഃപൂര്‍വ്വം ഉള്ള കുത്തിത്തിരിപ്പോ അല്ലെങ്കില്‍ വാക്ക് വേറെ, പ്രവര്‍ത്തി വേറെ എന്ന സ്ഥിരം കമ്മി ലൈന്‍ ഇവിടെയും ബാധകമായോ എന്നറിഞ്ഞാല്‍ മാത്രം മതി.
നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം PR വര്‍ക്കുകളില്‍ കൂടിയല്ല. മാറ്റേണ്ട ചട്ടങ്ങള്‍ മാറ്റി എഴുതിച്ചു ക്കൊണ്ട് കൂടിയാണ്. കല ഈശ്വര വരദാനം ആയിരിക്കുവോളം യഥാര്‍ത്ഥ ഈശ്വരന്‍ കലാകാരന്റെ ഒപ്പമാണ്.