എ നിക്ക് ഒരു പട്ടി ഉണ്ടായിരുന്നു.ഒന്നര വയസായ ജൂലി. എന്റെ അരുമയായിരുന്നു അവള്‍. എന്റെ ഫാമില്‍ ഞാന്‍ രാത്രി കഴിയാറുള്ളപ്പോള്‍ അവള്‍ എനിക്ക് കാവലിരുന്നു.കോഴികളെ കുറുക്കന്മാരില്‍ നിന്നും അവള്‍ കാത്തു പൊന്നുഎന്നോടൊപ്പം അവളും നടക്കാനിറങ്ങും.
എല്ലാവരുമായും അവള്‍ വേഗം ഇണങ്ങും പക്ഷെ അവള്‍ക്ക് ഏറ്റവും ഇഷ്ടമില്ലാത്തവര്‍ പൂച്ചകളായിരുന്നു. ചില കാരണങ്ങളാല്‍ ഞാന്‍ ഫാം അവസാനിപ്പിച്ചപ്പോള്‍ ഇവളെ എന്ത് ചെയ്യും എന്ന പ്രശ്നം ഉയര്‍ന്നു വന്നു.അവളെ ഉപേക്ഷിക്കാനോ വില്‍ക്കാനോ എനിക്കിഷ്ടമായിരുന്നില്ല. എന്റെ വീട്ടില്‍ കൊണ്ട് പോയി വളര്‍ത്തുവാനും ചില കുടുംബാഗങ്ങളുടെ നിലപാട് കാരണം കഴിയുമായിരുന്നില്ല.
അങ്ങനെ എന്റെ സുഹൃത്തായ അയല്പക്കത്തെ വീട്ടമ്മക്ക് അവളെ ഞാന്‍ പരിപാലിക്കാനായി നല്‍കി. അവിടത്തെ കുട്ടികള്‍കു അവളെ നന്നായി ഇഷ്ടപ്പെട്ടു.അവരതിനെ നന്നായി ഒമാനിച്ചു വളര്‍ത്തി. ഞാന്‍ പലപ്പോഴും അവളെ അവിടെ സന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ അവള്‍ അവരോട് ഇണങ്ങി സന്തോഷമായി അവിടെ കഴിയാന്‍ തുടങ്ങിയപ്പോള്‍ പുതിയൊരു പ്രശ്നം ഉയര്‍ന്നു വന്നു.
അയല്‍പക്കക്കാര്‍ പലരും മുസ്ലിംകളാണ്. അവരില്‍ പലരും എതിര്‍പ്പുമായി വന്നു
ചിലര്‍ നിങ്ങളുടെ വീട്ടില്‍ ഇനി ഞങ്ങള്‍ വരില്ലെന്ന് പറഞ്ഞു. മറ്റു ചിലര്‍ കുട്ടികള്‍ ആ വീട്ടില്‍ പോകുന്നത് വിലക്കി.അവര്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ചിലര്‍ വരാതായി.
ആയിടക്ക് വന്നു ചേര്‍ന്ന വിഷുവിനു മുന്‍പൊക്കെ വീട്ടില്‍ വന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്ന മുസ്ലിം സ്ത്രീകള്‍ ഇത്തവണ വിഷുവിനു വന്നില്ല. ഇവിടെ വേനലില്‍ വെള്ളം കുറഞ്ഞപ്പോള്‍ മുന്‍പത്തെ പോലെ അയല്‍ വീട്ടില്‍ വെള്ളമെടുക്കാന്‍ ചെന്നപ്പോള്‍ നിങ്ങള്‍ ഇവിടെ വെള്ളാണെടുക്കുന്നത് ശരിയാവില്ല എന്നു പറഞ്ഞു അവര്‍ അനിഷ്ടം കാണിച്ചു.!
എല്ലാം ജൂലി എന്ന അരുമയായ സ്നേഹം ചൊരിയുന്ന ആ പാവം കൊച്ചു പട്ടി കാരണം
ഈ വീട്ടില്‍ ഞാന്‍ കൊച്ചായിരുന്ന കാലത്തേ പട്ടി ഉണ്ടായിരുന്നു. അടുത്ത മറ്റു ചില വീടുകളിലും ഉണ്ടായിരുന്നു. അന്നൊന്നും ഇപ്പോള്‍ എതിര്‍പ്പുമായി വന്ന ആളുകളുടെ മുന്‍ തലമുറ ഒരു പ്രശ്നവും ഉണ്ടാക്കിയിരുന്നില്ല. സമീപത്തുള്ള മുസ്ലിം വീട്ടിലെ ടിപ്പു എന്നു പേരുള്ള പട്ടി എന്നും രാത്രി എന്റെ വീട്ടില്‍ അത്താഴ സമയത്ത് വരുമായിരുന്നു. ഉപ്പ അതിനു എന്നും ഭക്ഷണം കൊടുക്കാറുണ്ടായിരുന്നു. എന്റുപ്പയുടെ 105 വയസില്‍ മരിച്ചു പോയ അമ്മാവന്‍ പണ്ഡിതനും പള്ളിയിലെ ഇമാമും ആയിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഒരു നായ സന്തത സഹചാരി ആയിരുന്നു. മങ്ങാട്ടു നിന്നും എല്ലാ ഞായറാഴ്ചയും അദ്ദേഹം പൂന്നൂര്‍ ചന്തയില്‍ പോകുമ്ബോള്‍ ഈ നായ അദ്ദേഹത്തെ അനുഗമിക്കുമായിരുന്നു. അദ്ദേഹം മരിച്ചപ്പോഴും ആ നായ ശവ മഞ്ചത്തെ അനുഗമിച്ചതും ദിവസങ്ങള്‍ ആ കബറിന്നടുത്തു കുത്തിയിരുന്നതും ഓര്‍മയുണ്ട്. അന്നൊന്നുമില്ലാത്തിരുന്ന നായ വിരോധം ഇപ്പോള്‍ കാണുന്നത് നാട്ടില്‍ തെറ്റായ മത മൗലിക വാദം വളര്‍ന്നതുകൊണ്ടാണ്. അത് ഈ പട്ടി വിരോധത്തിലും പ്രതികരിക്കുന്നു എന്നു മാത്രം.
ഇതെല്ലാം കാരണം ജൂലിയെ ഞങ്ങള്‍ നാട് കടത്താന്‍ തീരുമാനിച്ചു. അതിനവളെ കാറിന്റെ പുറകില്‍ കെട്ടി വലിച്ചില്ല. തെരുവില്‍ കൊണ്ട് പോയി കളഞ്ഞുമില്ല.മകളുടെ ഭര്‍തൃ ഗൃഹം കണ്ണൂരാണ്. അവിടെ നേരത്തെ ഒരു പട്ടിയുണ്ട് എങ്കിലും ഇവളെ കൂടി ഏറ്റെടുക്കാന്‍ ഇക്കഥ ഒക്കെ അറിഞ്ഞപ്പോള്‍ അവര്‍ തയാറായി..ജൂലിക്കു ഇപ്പോള്‍ സുഖമാണ്. അയല്‍വാസികളുടെ ശത്രുത ഒന്നുമില്ല. ഞാന്‍ ഇപ്പോള്‍ ഗള്‍ള്‍ഫിലാണ്. നേരത്തെ 13 വര്‍ഷം സൗദിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഒന്നര വര്‍ഷമായി വീണ്ടും ഇവിടെ. ഇവിടെ അറബികള്‍ പല വീടുകളിലും നായയെ വളര്‍ത്തുന്നുണ്ട് അവരുടെ കുട്ടികള്‍ നായയുടെ കൂടെ കളിക്കുന്നു. കാറില്‍ കൊണ്ട് പോകുന്നു . വീട്ടിനകത്തു പ്രവേശിക്കുന്നു. ഇവര്‍ക്കില്ലാത്ത നായ വിരോധം എങ്ങനെയാണ് കേരളത്തിലെ മുസ്ലിംകളില്‍ ഉടലെടുടുത്തത്? മനസ്സിലാകുന്നില്ല.
അടുത്ത് തന്നെ നാട്ടില്‍ പോകുന്നുണ്ട് പോകുമ്ബോള്‍ അവളെ പോയി കാണണം.പട്ടിയോടുള്ള ഈ എതിര്‍പ്പിനുള്ള കാരണം തെറ്റായ മത വിശ്വാസം മാത്രമാണെന്നത് വലിയ ഒരു ചോദ്യമാണ്. ഇത്തരം മത വിശ്വാസം ഒരു ജീവിയോട് പോലും അസഹിഷ്ണുത കാണിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് കഷ്ടം തന്നെ.