എന്താണ് വെസ്റ്റ് ബാങ്കിലെയും, ഗസ്സയിലെ നിലവിലുള്ള അവസ്ഥ? എന്നുമുതലാണ് ഗസ്സയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്? ഏതു രീതിയിലാണ് മീഡിയ ഈ പ്രശ്‌നങ്ങളെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്? ഒരു സാധാരണ ഇന്ത്യക്കാരന്‍ ഏതു രീതിയിലാണ് ഇസ്രയേലും, ഫലസ്തീനും തമ്മിലുള്ള പ്രശ്‌നത്തെ സമീപിക്കുന്നത്? എന്തൊക്കെയാണ് നമ്മുടെ മുന്‍വിധികള്‍?
വെസ്റ്റ് ബാങ്ക്
പലസ്തിന്റെ ഭാഗമാണ് വെസ്റ്റ് ബാങ്ക്. 1948ലെ യുദ്ധത്തില്‍ വെസ്റ്റ് ബാങ്ക് ജോര്‍ദ്ദാന്‍ പിടച്ചടക്കിയിരുന്നു. എന്നാല്‍ 1967 ലെ യുദ്ധത്തില്‍ ഇസ്രയേല്‍, ജോര്‍ദ്ദാനില്‍ നിന്ന് തിരിച്ചു പിടിക്കുകയും 1994 വരെ വെസ്റ്റ് ബാങ്ക് മുഴുവന്‍ നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ - ഫലസ്തീന്‍ സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഓസ്ലോ കരാര്‍ പ്രാബല്യത്തില്‍ വന്ന 1994ല്‍ ഫലസ്തീന്‍ പ്രദേശങ്ങളായ വെസ്റ്റ് ബാങ്കിന്റെയും, ഗസ്സയുടെയും താത്ക്കാലിക ഭരണത്തിന് വേണ്ടി പാലസ്തിന്‍ അഥോറിറ്റി രൂപീകരിക്കുകയുണ്ടായി. ഓസ്ലോ ഉടമ്ബടി പ്രകാരം വെസ്റ്റ് ബാങ്കിനെ മൂന്നു ഏരിയകളായി തരം തിരിച്ചു. ഏരിയ എ,ബി, സി എന്നിങ്ങനെ മൂന്നു പ്രവിശ്യകള്‍. വെസ്റ്റ് ബാങ്കിലെ എ,ബി പ്രവിശ്യയുടെ ഭരണം ഫലസ്തീന്‍ അഥോറിറ്റിക്ക് ഇസ്രയേല്‍ കൈമാറുകയുണ്ടായി. അതോടൊപ്പം ഇസ്രയേല്‍ ഡിഫെന്‍സ്, അവരുടെ പട്ടാളത്തെ ഫലസ്തീന്‍ അഥോറിറ്റിക്കു പരമാധികാരമുള്ള പ്രദേശങ്ങളില്‍ നിന്നും പിന്‍വലിച്ചു.
1995 മുതല്‍ പാലസ്തിന്‍ നാഷണല്‍ അഥോറിറ്റിയാണ് വെസ്റ്റ് ബാങ്ക് ഭരിക്കുന്നത്. പ്രസിഡന്റിനാണ് അഥോറിറ്റിയുടെ പരമാധികാരം. യാസര്‍ അറഫാത്തിന്റെ മരണശേഷം മഹമൂദ് അബ്ബാസാണ് ഇപ്പോഴത്തെ ഫലസ്തീന്‍ അഥോറിറ്റിയുടെ പ്രസിഡണ്ട്.ഏകദേശം 30 ലക്ഷത്തിനടുത്തു പാലസ്തിനികള്‍ വെസ്റ്റ് ബാങ്കില്‍ വസിക്കുന്നുണ്ട്. അതില്‍ ഭൂരിപക്ഷം ആളുകളും മുസ്ലിം മതസ്ഥരും ചെറിയ ശതമാനം അറബ് ക്രിസ്ത്യന്‍സും ഉണ്ട്. ഏകദേശം അഞ്ചു ലക്ഷത്തോളം ഇസ്രയേലി പൗരന്മാര്‍ ഇപ്പോള്‍ വെസ്റ്റ് ബാങ്കില്‍ കുടിയേറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ പ്രദേശങ്ങള്‍ ഏരിയ സി എന്നറിയപ്പെടുന്നു. ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇപ്പോഴും ഇസ്രയേലിനാണ്. ആയതിനാല്‍ ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്ക് എന്നാണ് ഐക്യരാഷ്ട്രസഭ ഈ പ്രദേശങ്ങളെ വിളിക്കുന്നത്. 1988ല്‍ വെസ്റ്റ് ബാങ്കിന് വേണ്ടിയുള്ള അവകാശവാദം ജോര്‍ദ്ദാന്‍ ഉപേക്ഷിച്ചു.പക്ഷെ ജെറുസലേമിലുള്ള ടെമ്ബിള്‍ മൗണ്ടിലെ മുസ്ലിം, ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കുള്ള ധനസഹായം ജോര്‍ദ്ദാന്‍ രാജാവ് ഇപ്പോഴും തുടരുന്നു.
ഗസ്സ
മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കുഭാഗത്തുള്ള ഒരു തുരുത്താണ് ഗസ്സ. ഇസ്രയേലുമായും, ഈജിപ്തുമായും അതിര്‍ത്തി പങ്കിടുന്നു. ഗസ്സയുടെ ഒരു അതിര്‍ത്തി മെഡിറ്ററേനിയന്‍ കടലാണ്. 20 ലക്ഷത്തോളം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സ, ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. ഗസ്സയില്‍ വസിക്കുന്ന മനുഷ്യര്‍ക്ക് ഗസ്സയില്‍ നിന്നും കര മാര്‍ഗ്ഗം പുറത്തേക്കു കടക്കണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ ഈജിപ്തിന്റെ, അല്ലെങ്കില്‍ ഇസ്രയേലിന്റെ അതിര്‍ത്തി കടന്നു മാത്രമേ പുറത്തേക്കു പോകുവാന്‍ സാധിക്കുകയുള്ളു. ഗസ്സയുടെ വ്യോമയാന, നാവിക മേഖല നിയന്ത്രിക്കുന്നത് ഇസ്രയേലാണ്. ഗസ്സക്ക് ചുറ്റിലും ഏഴ് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ ഉണ്ട്. അതില്‍ ആറു (6) ബോര്‍ഡര്‍ ക്രോസ്സിങ്ങും നിയന്ത്രിക്കുന്നത് ഇസ്രയേലാണ്. ഒരു ബോര്‍ഡര്‍ ക്രോസിങ് ഈജിപ്തിന്റെ നിയന്ത്രണത്തിലും.
പാലസ്തിന്‍ എന്നറിയപ്പെടുന്ന വെസ്റ്റ് ബാങ്കും, ഗസ്സയും ഒരുമിച്ചുകിടക്കുന്ന പ്രദേശങ്ങളല്ല. ഇത് രണ്ടും രണ്ട് അറ്റത്തു കിടക്കുന്ന പ്രദേശങ്ങളാണ്. ഗസ്സക്കും വെസ്റ്റ് ബാങ്കിനുമിടയില്‍ ഇസ്രയേലിന്റെ ഭൂപ്രദേശങ്ങളാണ് ഉള്ളത്.വെസ്റ്റ് ബാങ്കില്‍ നിന്നും ഒരാള്‍ക്ക് ഗസ്സയിലേക്കു പോകണമെന്നുണ്ടെങ്കില്‍ ഇസ്രയേലില്‍ക്കൂടി സഞ്ചരിച്ചാല്‍ മാത്രമേ ഗസ്സയില്‍ പോകുവാന്‍ സാധിക്കുകയുള്ളു. 1948 മുതല്‍ 1967 വരെ ഗസ്സ ഈജിപ്തിന്റെ നിയന്ത്രണത്തിലും, ഭരണത്തിന് കീഴിലും ആയിരുന്നു. 1967ല്‍ അറബ് രാജ്യങ്ങളുമായി നടന്ന യുദ്ധത്തില്‍ (6 DAY WAR) ഗസ്സ, ഈജിപ്തില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്തു. 1993 ല്‍ ഇസ്രയേലും, പാലസ്തിന്‍ ലിബറേഷന്‍ പ്രതിനിധികളുമായി (PLO) അമേരിക്കയില്‍ വെച്ച് സമാധാന ചര്‍ച്ചകള്‍ നടക്കുന്നതുവരെ ഗസ്സ ഇസ്രയേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരുന്നു. 1993ലെ ഓസ്ലോ കരാര്‍ പ്രകാരം 1994 ല്‍ വെസ്റ്റ് ബാങ്കിന്റെയും, ഗസ്സയുടെയും താത്ക്കാലിക ഭരണത്തിനുവേണ്ടി PLO യുടെ നേതൃത്വത്തില്‍ പാലസ്തിന്‍ നാഷണല്‍ അഥോറിറ്റി രൂപീകരിച്ചപ്പോള്‍ ഇസ്രയേല്‍ അവരുടെ പട്ടാളത്തെ ഗസ്സയില്‍ നിന്നും ഭാഗികമായി പിന്‍വലിക്കുകയും, ഗസ്സയുടെ ഭരണം പാലസ്തിന്‍ അഥോറിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തു.
1967 ലെ യുദ്ധത്തില്‍ ഈജിപ്തില്‍ നിന്നും ഗസ്സ, ഇസ്രയേല്‍ പിടിച്ചടക്കിയപ്പോള്‍ മുതല്‍ ഇസ്രയേലി പൗരന്മാര്‍ ഗസ്സയിലേക്ക് കുടിയേറി 2005 വരെ അവിടെ ജീവിക്കുന്നുണ്ടായിരുന്നു. ഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണ്ണമായി പിന്മാറുക എന്ന നിര്‍ദ്ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ആയിരുന്ന ഏരിയല്‍ ഷാരോണ്‍ 2003ല്‍ ഇസ്രയേല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 2005 ഫെബ്രുവരിയില്‍ ഇസ്രയേലിന്റെ പാര്‍ലമെന്റ് ആയ Knesset ഈ തീരുമാനം അംഗീകരിച്ചു. ഗസ്സയില്‍ കുടിയേറിയ ഇസ്രയേലി പൗരന്മാരെ അവിടെനിന്നും കുടിയിറക്കാനും ഇസ്രയേലിന്റെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും, അവര്‍ക്കു മതിയായ നഷ്ടപരിഹാരം കൊടുക്കാനും തീരുമാനം എടുത്തു. ഈ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ 2005 ഓഗസ്റ്റ് 15ന് മുന്‍പ് അവിടെ കുടിയേറിയ ഇസ്രയേലി പൗരന്മാരോട് ഗസ്സയില്‍ നിന്നും പുറത്തുപോകാന്‍ ഇസ്രയേലിന്റെ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗസ്സയില്‍ കുടിയേറിയ ചില ഇസ്രയേലി പൗരന്മാര്‍ അവിടെ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. അവരെ ഷാരോണിന്റെ നിര്‍ദേശപ്രകാരം ബലപ്രയോഗത്തില്‍ക്കൂടി ഇസ്രയേലി പട്ടാളം ഗസ്സയില്‍ നിന്നും കുടിയൊഴിപ്പിച്ചു. ഏരിയല്‍ ഷാരോണിന്റെ നിര്‍ദേശപ്രകാരം 8000ത്തോളം യഹൂദ കുടിയേറ്റക്കാരെ ഗസ്സയില്‍ നിന്നും ഇസ്രയേലിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. അങ്ങനെ 2005 സെപ്റ്റംബര്‍ 12ന് ഇസ്രയേലി കുടിയേറ്റക്കാരും, പട്ടാളവും ഗസ്സയില്‍ നിന്നും പൂര്‍ണ്ണമായി പിന്മാറി.
PLO യുടെ പൊളിറ്റിക്കല്‍ വിങ്ങാണ് ഫത (FATAH). 1987ല്‍ രൂപം കൊണ്ട ഇസ്ലാമിക തീവ്രവാദ സംഘടനയാണ് ഹമാസ്. പാലസ്തിന്‍ അഥോറിറ്റിയുടെ ലെജിസ്ലേറ്റീവ് തിരഞ്ഞെടുപ്പ് ഫതയും, ഹമാസും തമ്മിലുണ്ടായിരുന്ന ശത്രുത കാരണം 1996നു ശേഷം ഒരിക്കലും നടന്നിട്ടുണ്ടായിരുന്നില്ല. അമേരിക്ക പാലസ്തിന്‍ അഥോറിറ്റിക്ക് 2.3 മില്യണ്‍ ഡോളര്‍ കൊടുക്കുകയും 2006 ജനുവരി 25ന് പാലസ്തിന്‍ അഥോറിറ്റിയുടെ കീഴിലുള്ള നിയമ നിര്‍മ്മാണ സഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയുമുണ്ടായി. ആ തിരഞ്ഞെടുപ്പില്‍ ഫതയെ പരാജയപ്പെടുത്തി ഹമാസ് വിജയിച്ചു. പാലസ്തിന്‍ മുഴുവനായി അതായത് ഇപ്പോഴുള്ള പാലസ്തിന്റെ ഭാഗങ്ങളായ വെസ്റ്റ് ബാങ്കും, ഗസ്സയും മാത്രമല്ല ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ മുഴുവന്‍ പ്രദേശങ്ങളും കൂടി ഉള്‍പ്പെടുത്തി ഒരു ഇസ്ലാമിക രാജ്യം രൂപീകരിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യം. ഇസ്രയേല്‍ എന്ന രാജ്യത്തെ ഹമാസ് അംഗീകരിക്കുന്നില്ല. PLOയുമായിട്ടും ഹമാസ് ശത്രുതയിലാണ്. ഹമാസ് അധികാരം ഏറ്റെടുത്ത ഉടന്‍തന്നെ പാലസ്തിന്‍ അഥോറിറ്റിക്ക് നല്‍കിക്കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യന്‍ യൂണിയനും, ഇസ്രയേലും താത്ക്കാലികമായിട്ടു മരവിപ്പിച്ചു. കാരണം 1993 ലെ ഓസ്ലോ ഉടമ്ബടിയെ ഹമാസ് എതിര്‍ത്തിരുന്നു.
ഓസ്ലോ ഉടമ്ബടി പ്രകാരം ഇസ്രയേലും, PLOയും തമ്മില്‍ നേരിട്ട് സമാധാന ചര്‍ച്ചകള്‍ നടത്തി ഇസ്രയേല്‍ - പാലസ്തിന്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണമെന്നുള്ള നിര്‍ദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നില്ല, അംഗീകരിക്കുന്നുമില്ല. ചര്‍ച്ചകള്‍ നടത്തി സമാധാനം പുനഃസ്ഥാപിക്കുന്നതിനു പകരം ഇസ്രയേലിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി അവിടെയൊരു ഇസ്ലാമിക രാജ്യം പടുത്തുയര്‍ത്തുകയാണ് ഹമാസ് ലക്ഷ്യമിടുന്നത്. പുതിയതായി അധികാരം ഏറ്റെടുത്ത ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷം മാത്രമേ പാലസ്തിന്‍ അഥോറിറ്റിക്കുള്ള സഹായം പുനഃസ്ഥാപിക്കുകയുള്ളുവെന്നു UN അറിയിച്ചു. അക്രമം അവസാനിപ്പിക്കുകയും, ഇസ്രയേലിനെ രാജ്യമായിട്ടു അംഗീകരിക്കുകയും, സമാധാനം നിലനിര്‍ത്താനും പാലസ്തിന്റെ ഭാവി കാര്യങ്ങള്‍ക്കുവേണ്ടി പി ല്‍ ഓ യും, ഇസ്രയേലും തമ്മില്‍ നടന്ന മുന്‍കരാറുകളെ അംഗീകരിക്കുകയും ചെയ്താല്‍ മാത്രമേ പാലസ്തിന്‍ അഥോറിറ്റിക്കുള്ള സഹായം പുനരാരംഭിക്കുകയുള്ളുവെന്നു അമേരിക്കയും, റഷ്യയും, ഐക്യരാഷ്ട്രസഭയും, യൂറോപ്യന്‍ യൂണിയനും അറിയിച്ചു. എന്നാല്‍ ഈ നിര്‍ദ്ദേശം ഹമാസ് തള്ളിക്കളഞ്ഞു. അധികാരം ഏറ്റെടുത്ത ഉടന്‍തന്നെ ഹമാസ് ഇസ്രയേലിന്റെ നഗരങ്ങളും, ഗ്രാമങ്ങളും, റോക്കറ്റും, മോര്‍ട്ടറും ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഹമാസിന്റെ ഈ നടപടി മൂലം അന്താരാഷ്ട്ര രാജ്യങ്ങള്‍ ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ബഹിഷ്‌കരിക്കുകയും, പാലസ്തിന്‍ അഥോറിറ്റിക്കുള്ള സഹായം മരവിപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചു വിടാന്‍ അന്താരാഷ്ട്ര സമൂഹം മഹമൂദ് അബ്ബാസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി.
ഗസ്സയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്ബളം കൊടുക്കുവാനുള്ള പണം പോലും ഹമാസിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 2007 ജൂണ്‍ 10നു ഹമാസും പാലസ്തിന്‍ അഥോറിറ്റിയും തമ്മിലുള്ള ശത്രുത കൂടി വരികയും ഗസ്സയുടെ അധികാരത്തിനുവേണ്ടി ഫതയും, ഹമാസും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഹമാസും, ഫതയും തമ്മില്‍ ഗസ്സയില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം ആയിരത്തോളം പാലസ്തിനികള്‍ കൊല്ലപ്പെടുകയുണ്ടായി. അതോടുകൂടി പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 2007 ജൂണ്‍ 14 ന് ഹമാസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാരിനെ പിരിച്ചു വിടുകയും ചെയ്തു. ഉടന്‍ തന്നെ പാലസ്തിന്‍ അഥോറിറ്റിയില്‍ നിന്നും ഗസ്സയുടെ ഭരണം പിടിച്ചെടുത്ത ഹമാസ് അവരുടെ രാഷ്ട്രീയ എതിരാളിയായ ഫതയുടെ നേതാക്കളെയും, പാലസ്തിന്‍ അഥോറിറ്റിയുടെ ഉദ്യോഗസ്ഥരെയും ഗസ്സയില്‍ നിന്നും പുറത്താക്കി. 2008 ന്റെ അവസാനത്തോടുകൂടി ഈജിപ്തും, സൗദി അറേബിയയും, ജോര്‍ദ്ദാനും ഒരുമിച്ചു ഹമാസിന് എതിരെ നടത്തിയ സംയുക്ത പ്രസ്താവനയില്‍ വെസ്റ്റ് ബാങ്കിലുള്ള മഹമൂദ് അബ്ബാസിനെ മാത്രമേ പാലസ്തിന്റെ ഔദ്യോഗിക ഭരണകൂടമായി അംഗീകരിക്കുകയുള്ളുവെന്നു പ്രഖ്യാപിച്ചു. ഈജിപ്ത് അവരുടെ എംബസി ഗസ്സയില്‍ നിന്നും വെസ്റ്റ് ബാങ്കിലേക്ക് മാറ്റുകയും ചെയ്തു.
പാലസ്തിന്‍ അഥോറിറ്റിയില്‍ നിന്നും ഗസ്സയുടെ ഭരണം ഹമാസ് പിടിച്ചെടുത്തപ്പോള്‍ ഇസ്രയേലും, ഈജിപ്തും ഗസ്സയില്‍ നിന്നും പുറത്തേക്കുള്ള ബോര്‍ഡര്‍ ക്രോസിങ് മുഴുവനും അടച്ചുപൂട്ടി ഉപരോധം ഏര്‍പ്പെടുത്തി. അതോടുകൂടി ഗസ്സയില്‍ ജീവിക്കുന്നവര്‍ക്ക് പുറത്തേക്കു പോകുവാനും, പുറമെ ഉള്ളവര്‍ക്ക് ഗസ്സയിലേക്കു വരുവാനും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇസ്രയേലും, ഈജിപ്തും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ അടച്ചുവെങ്കിലും, ടണല്‍ നിര്‍മ്മിച്ച് ഈജിപ്തില്‍ നിന്നും ആയുധങ്ങളും, സ്‌ഫോടകവസ്തുക്കളും ഹമാസ് ഗസ്സയിലേക്ക് കടത്തുന്നുണ്ടായിരുന്നു. 2007ല്‍ ഗസ്സയില്‍ നിന്നും ഈജിപ്തിന്റെ അതിര്‍ത്തികളിലേക്കു കടക്കുവാന്‍ സാധിക്കുന്ന അറുപതോളം തുരങ്കങ്ങള്‍ ഈജിപ്ഷ്യന്‍ സുരക്ഷാ സേന കണ്ടെത്തി. വെള്ളം, വൈദ്യുതി, ടെലികമ്യൂണിക്കേഷന്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി ഗസ്സ ഇസ്രയേലിനെ ആശ്രയിച്ചാണ് കഴിയുന്നത്. ഗസ്സയിലേക്കു ഭക്ഷണവും, മറ്റു അത്യാവശ്യ സാധനങ്ങളും ഇസ്രയേലിന്റെ അതിര്‍ത്തിയില്‍ക്കൂടി കര്‍ശന നിയന്ത്രണങ്ങളോടുകൂടി മാത്രമേ കടത്തി വിടാറുള്ളു. മരുന്നിന്റെയും, ഫുഡിന്റെയും മറവില്‍ ആയുധങ്ങളും മറ്റ് സ്‌ഫോടക വസ്തുക്കളും ഗസ്സയിലേക്കു ഹമാസ് കള്ളക്കടത്തു നടത്തുന്നത് തടയുവാന്‍ ഇസ്രേലിന്റെയും, ഈജിപ്തിന്റെയും പട്ടാളം അവരുടെ ബോര്‍ഡര്‍ ചെക്‌പോസ്റ്റുകളില്‍ കര്‍ക്കശമായ പരിശോധനകളാണ് നടത്തി വരുന്നത്.
ചുരുക്കത്തില്‍ 2007 മുതല്‍ ഹമാസാണ് ഗസ്സ ഭരിക്കുന്നതും നിയന്ത്രിക്കുന്നതും. ഇന്ന് പാലസ്തിന്‍ എന്നറിയപ്പെടുന്ന പ്രദേശങ്ങള്‍ വെസ്റ്റ് ബാങ്കും ഗസ്സയും മാത്രമാണ്. പാലസ്തിന്‍ അഥോറിറ്റിയുടെ പരമാധികാരി പ്രസിഡണ്ടാണ്. എന്നാല്‍ പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡണ്ടിനോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഭരണകൂടത്തിനോ ഗസ്സയുടെ മേല്‍ യാതൊരു നിയന്ത്രണവും അധികാരവും ഇല്ല. മാത്രമല്ല 2007നു ശേഷം ഇതുവരെ പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡന്റ് ആയ മഹമൂദ് അബ്ബാസ് ഗസ്സയിലേക്ക് പോയിട്ടുമില്ല. പാലസ്തിന്‍ അഥോറിറ്റിക്ക് നിലവില്‍ വെസ്റ്റ് ബാങ്കില്‍ മാത്രമേ അധികാരവും നിയന്ത്രണവും ഉള്ളു. ഇന്ത്യന്‍ പ്രധാനമന്ത്രിക്കും, പ്രസിഡന്റിനും ഇന്ത്യയിലെ പകുതി സംസ്ഥാനങ്ങളുടെമേല്‍ യാതൊരു നിയന്ത്രണമില്ലാത്തതും അവിടേക്കു പോകുവാന്‍പോലും കഴിയാത്തതുമായ സ്ഥിതി വിശേഷം ഒന്ന് ആലോചിച്ചു നോക്കിക്കേ? അതാണ് ഇന്ന് ഗസ്സയിലെ അവസ്ഥ. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ് ഗസ്സയിലെ പാലസ്തിനികള്‍ ഇന്ന് ജീവിക്കുന്നത്. ഹമാസിന്റെ ഏകാധിപത്യ ഭരണമാണ് നിലവില്‍ ഗസ്സയില്‍ നടക്കുന്നത്. ഹമാസിന്നെതിരെ പ്രതിഷേധിക്കുന്നവരെ ഹമാസിന്റെ പട്ടാളം വെടിവെച്ചു കൊല്ലുന്നു. കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ സിവിലിയന്‍സിനെ മനുഷ്യകവചമാക്കി മുന്നില്‍ നിറുത്തിയാണ് ഇസ്രയേലിനു എതിരെ അതിര്‍ത്തിയില്‍ക്കൂടി ഹമാസ് പോരാടുന്നത്.
ഗസ്സയിലെ ജനസംഖ്യയുടെ പകുതിയോളവും മനുഷ്യര്‍ ഇന്ന് പട്ടിണിയിലാണ്. തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഒന്നും ഗസ്സയില്‍ ഇല്ല. കുടിവെള്ളം പോലും വേണ്ട രീതിയില്‍ കിട്ടാറില്ല. കിട്ടുന്ന ജലത്തിന്റെ ഭൂരിഭാഗവും മലിനമാണ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതിന് അപ്പുറം, ഗസ്സയിലെ പൗരന്മാര്‍ക്ക് ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഹമാസ് ഒരുക്കികൊടുക്കുന്നില്ല. വിദ്യാഭ്യാസം പോലും പല കുട്ടികള്‍ക്കും നിഷേധിക്കുന്നു.മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനും അതോടൊപ്പം തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യങ്ങളുടെ അഭാവവും നിമിത്തം ജനങ്ങള്‍ അസംതൃപ്തരാണ്. ഹമാസിനെതിരെ, ഗസ്സയില്‍ ശബ്ദം ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് ഭയമാണ്. ഗസ്സക്കുള്ളിലെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും, ജനങ്ങളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുമുള്ള പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ഗസ്സയിലെ സ്‌കൂളുകളും, ഹോസ്പിറ്റലും, സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് ഹമാസിന്റെ ആയുധപ്പുരകളാണ്. ഗസ്സയില്‍ ചെറുതും വലുതുമായ നിരവധി തീവ്രവാദ ഗ്രൂപ്പുകളുണ്ട്. ഹമാസ് കഴിഞ്ഞാല്‍ അവിടുത്തെ വലിയ തീവ്രവാദ സംഘടന 1981 ല്‍ രൂപീകരിച്ച പാലസ്തിന്‍ ഇസ്ലാമിക് ജിഹാദാണ്. ഇറാനും, സിറിയയുമാണ് ഇവര്‍ക്കൊക്കെ ട്രെയിനിങ്ങും, ഫണ്ടും കൊടുക്കുന്നത്. ഇസ്രയേലിനെ നശിപ്പിച്ചു, ഒരു ഇസ്ലാമിക രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ സംഘടനകളൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇസ്ലാമിക് ജിഹാദ്, ഹെസ്‌ബൊള്ളാ (Hezbollah), ഹമാസ് തുടങ്ങി നിരവധി തീവ്രവാദ സംഘടനകള്‍ക്ക് ഇറാന്‍ ഫണ്ട് ചെയ്യുന്നതിനാലും, ആയുധങ്ങള്‍ കൊടുത്തു ഇസ്രേലിന്നെതിരെ ആക്രമിക്കാന്‍ വിടുന്നതിനാലും ഇറാനുമായി, ഇസ്രയേല്‍ ശത്രുതയിലാണ്.
ഗസ്സ ഹമാസിന്റെ നിയന്ത്രണത്തില്‍ ആയതിനാല്‍ പാലസ്തിന്‍ അഥോറിറ്റിക്കുള്ള ധനസഹായവും മറ്റും അന്താരാഷ്ട്രസമൂഹം ഇന്ന് മഹമൂദ് അബ്ബാസിന് നേരിട്ടാണ് കൊടുക്കുന്നത്. പാലസ്തിന്‍ അഥോറിറ്റിയും ഗസ്സക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗസ്സയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ശമ്ബളം അബ്ബാസ് വെട്ടിച്ചുരുക്കി. ഒരു ദിവസം വെറും നാല് മണിക്കൂര്‍ മാത്രമേ ഗസ്സക്കുള്ള വൈദ്യുതിയും അബ്ബാസ് കൊടുക്കുന്നുള്ളു. ഗസ്സക്ക് എതിരെ സാമ്ബത്തിക ഉപരോധവും, ശിക്ഷാ നടപടികളും എടുക്കുന്നുവെന്നും, ഗസ്സയിലെ ജനങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപിച്ചു പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസിന് എതിരെ പലപ്പോഴും ഗസ്സയില്‍ പ്രതിഷേധം നടക്കുന്നുണ്ട് . ഗസ്സയുടെ നിയന്ത്രണം പാലസ്തിന്‍ അഥോറിറ്റിയെ ഏല്‍പ്പിക്കാത്തിടത്തോളം കാലം, ഗസ്സയില്‍ എന്തുതന്നെ സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം മുഴുവനും ഹമാസിനായിരിക്കുമെന്നും, പാലസ്തിന്‍ അഥോറിറ്റിക്കല്ലെന്നും അബ്ബാസ് പലപ്പോഴും പരസ്യമായിട്ടു പറഞ്ഞിട്ടുണ്ട്.
2014ല്‍ ഗസ്സയില്‍വെച്ച്, ഹമാസും, ഫതയും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തി ഒരു ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ധാരണ എടുത്തിരുന്നു. ഗസ്സയിലെ ഹമാസ് ഭരണകൂടത്തിന്റെ പ്രധാനമന്ത്രി ഇസ്മായില്‍ ഹാനിയെഹും, പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് അയച്ച PLO യുടെ പ്രതിനിധിയും തമ്മില്‍ ഗസ്സ കരാര്‍ ഒപ്പിടുകയും അതിന്റെ അടിസ്ഥാനത്തില്‍ 2014 ജൂണ്‍ 2 നു ഗസ്സയില്‍ യൂണിറ്റി സര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്തു. എന്നാല്‍ 2015 ജൂണ്‍ 17 നു ഈ സര്‍ക്കാരിനെ അബ്ബാസ് പിരിച്ചു വിട്ടു. അതിനുശേഷം 2017 ഒക്ടോബറില്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഈജിപ്തില്‍ വെച്ച് വീണ്ടും ഹമാസും, ഫതയും തമ്മില്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടത്തുകയും, ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയില്‍ എത്തുകയുമുണ്ടായി. ഹമാസ് അബ്ബാസിനെ ഗസ്സയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായി ഗസ്സ സന്ദര്‍ശിക്കുവാന്‍പോയ പാലസ്തിന്‍ അഥോറിറ്റിയുടെ പ്രധാനമന്ത്രി Rami Hamdallah ക്ക് നേരെ ഗസ്സയില്‍ വെച്ച് 2018 മാര്‍ച്ച് 13നു ബോംബ് ആക്രമണം (വധശ്രമം) നടന്നിരുന്നു. ഈ ആക്രമണത്തെ പാലസ്തിന്‍ അഥോറിറ്റിയുടെ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ശക്തമായി അപലപിക്കുകയും ഹമാസിനെ കുറ്റപ്പെടുത്തുകയും ഉണ്ടായി. അതോടൊപ്പം പാലസ്തിന്‍ അഥോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ഗസ്സ സന്ദര്‍ശിക്കുന്നതില്‍ നിന്നും അബ്ബാസ് വിലക്കുകയും ചെയ്തു.
ഹമാസുമായോ, ഹമാസ് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരുമായോ തങ്ങള്‍ യാതൊരുവിധത്തിലുള്ള സമാധാന ചര്‍ച്ചകളും നടത്തുകയില്ലെന്നു ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ആവര്‍ത്തിച്ചു പറയുന്നു. പാലസ്തിന്‍ അഥോറിറ്റിക്ക് ഗസ്സയില്‍ യാതൊരു നിയന്ത്രണവും, അധികാരവും ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പാലസ്തിന്‍ - ഇസ്രയേല്‍ പ്രശ്‌ന പരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ പലപ്പോഴും തടസ്സപ്പെടുന്നു. . ഈജിപ്തിലെ സീനായി പെനിന്‍സുല, ഗസ്സയുടെ അടുത്തുകിടക്കുന്ന ഒരു പ്രദേശമാണ്. സീനായി ഇന്ന് തീവ്രവാദ ഗ്രൂപ്പുകളുടെ താവളമാണ്. al-Qaeda ഉള്‍പ്പെടെയുള്ള പതിനഞ്ചോളം തീവ്രവാദ സംഘടനകള്‍ സീനായില്‍ ബേസ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അതില്‍ മിക്ക തീവ്രവാദ സംഘടനകളും ഗസ്സയിലെ ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകളുമായി നല്ല ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഈജിപ്ത് പറയുന്നു
ഗസ്സയുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തത് മുതല്‍ ഗസ്സയില്‍ നിന്നും ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിടുന്നത് പതിവായി. 2008 മാര്‍ച്ചില്‍ ഒരുദിവസം തന്നെ അന്‍പതോളം റോക്കറ്റുകള്‍ ഇസ്രയേലില്‍ വീഴുകയും, അതിനു പ്രതികാരമായി ഇസ്രയേല്‍ ഡിഫെന്‍സ് ഫോഴ്‌സ് നടത്തിയ വ്യോമ ആക്രമണത്തില്‍ നൂറിലധികം പാലസ്തിനികള്‍ കൊല്ലപ്പെടുകയുമുണ്ടായി. 2008 ഡിസംബറിലും , 2014 ജൂലൈയിലും ഹമാസും , ഇസ്രയേലും തമ്മില്‍ യുദ്ധം നടന്നിരുന്നു. ആയിരക്കണക്കിന് മനുഷ്യര്‍ ഈ യുദ്ധങ്ങളില്‍ കൊല്ലപ്പെടുകയുണ്ടായി. ഹമാസ് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയും, തിരിച്ചു ഗസ്സയിലെ ഹമാസിന്റെ കേന്ദ്രങ്ങളിലേക്ക് ഇസ്രയേല്‍ വ്യോമ ആക്രമണവും, പീരങ്കി ഷെല്ലുകള്‍ വഴി ആക്രമിക്കലും ഇന്ന് പതിവ് സംഭവമാണ്.
ആദ്യമൊക്കെ ഗസ്സയുടെ അതിര്‍ത്തിയിലുള്ള ഇസ്രയേല്‍ ഗ്രാമങ്ങളായിരുന്നു ഹമാസ് ആക്രമിച്ചു കൊണ്ടിരുന്നത്. ഇപ്പോള്‍ ടെല്‍ അവീവിലും ജെറുസലേമിലും റോക്കറ്റുകള്‍ വീഴുന്നുണ്ട്. ടെല്‍ അവീവിലുള്ള ഒരു സുഹൃത്ത് പറഞ്ഞത് 2014 ല്‍ ഹമാസ് - ഇസ്രയേല്‍ യുദ്ധം നടക്കുന്ന സമയത്തു ഏഴോളം തവണ ഷെല്‍റ്ററില്‍ അഭയം തേടേണ്ടി വന്നിട്ടുണ്ടെന്നാണ്. ഗസ്സയില്‍ നിന്നും ഏകദേശം 95 കിലോമീറ്റര്‍ ദൂരമാണ് ടെല്‍ അവീവിലെ ഞങ്ങള്‍ താമസിക്കുന്ന അപ്പാര്‍ട്ടുമെന്റിലേക്കുള്ളത്. അതായതു ഞങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിന്റെ ഷെല്‍ട്ടറില്‍ പോയി 2014 ല്‍ ഒളിച്ച കാര്യമാണ് സുഹൃത്ത് പറഞ്ഞത്. ജനവാസ കേന്ദ്രങ്ങളില്‍ റോക്കറ്റ് വീഴുന്നതിനു മുന്‍പ് തന്നെ ഇസ്രയേല്‍ അതിനെ അയണ്‍ ഡോം ഉപയോഹിച്ചു നശിപ്പിക്കുകയാണ് പതിവ്.
അമേരിക്കന്‍ എംബസി ജെറുസലേമിലേക്കു മാറ്റിയതിനുശേഷം ഗസ്സയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ച് എന്നപേരില്‍ പ്രതിഷേധങ്ങള്‍ ഗസ്സയുടെയും ഇസ്രയേലിന്റെയും അതിര്‍ത്തികളില്‍ നടക്കുന്നു. ഗസ്സയുടെ അതിര്‍ത്തിയില്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ സംഘടിച്ചു നില്‍ക്കുന്നു. സ്ത്രീകളെയും , കുട്ടികളെയും മനുഷ്യകവചമാക്കി ഹമാസ് ഉപയോഗി ക്കുകയാണ്. അതിര്‍ത്തികളിലെ മതിലും മറ്റും കുട്ടികളോട് പൊളിച്ചു നീക്കാന്‍ ഹമാസ് ആവശ്യപ്പെടുന്നു. ചില അതിര്‍ത്തി പ്രദേശങ്ങളിലെ മുള്ളുവേലികള്‍ പ്രക്ഷോപകര്‍ പൊളിച്ചു മാറ്റുന്നു. രഹസ്യ താവളങ്ങളില്‍ ഇരുന്നുകൊണ്ട് ഹമാസിന്റെയും ഇസ്ലാമിക ജിഹാദിന്റെയും നേതാക്കള്‍ ഗസ്സയിലെ ജനങ്ങളെ ഇസ്രയേലി പട്ടാളത്തിന്റെ തോക്കുകള്‍ക്കു ഇരയായി ഇട്ടുകൊടുക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടുന്ന സിവിലിയന്‍സിനെ മനുഷ്യ കവചമായി ഉപയോഗിച്ച്, അതിന്റെ മറവില്‍ ചിത്രങ്ങളും, വീഡിയോയും പകര്‍ത്തി ഇസ്രയേലിനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം (BDS മൂവ്‌മെന്റ്) ഹമാസ് നടത്തിവരുന്നുണ്ട്.
അതിര്‍ത്തിയില്‍ നിന്നും മാറിയില്ലെങ്കില്‍ വെടിവെക്കുമെന്നു ഇസ്രയേല്‍ പട്ടാളം പ്രക്ഷോപകര്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇസ്രയേല്‍ -ഗസ്സ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരിക്കുന്ന കമ്ബി വേലികള്‍ പല സ്ഥലങ്ങളിലും ഹമാസിന്റിന്റെ അനുയായികള്‍ പൊളിച്ചു മാറ്റി ഇസ്രയേല്‍ അതിര്‍ത്തികളിലേക്കു നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് . ആയിരക്കണക്കിന് ടയര്‍ അതിര്‍ത്തികളില്‍ കൂട്ടിയിട്ടു കത്തിച്ചു അതിന്റെ പുകമറക്കുള്ളില്‍ നിന്ന് ഹമാസ്, അതിര്‍ത്തിയിലുള്ള ഇസ്രയേലി പട്ടാളത്തിന് നേരെ വെടിവെപ്പുകളും മോര്‍ട്ടാര്‍ ഷെല്‍ ആക്രമണങ്ങളും നടത്തുന്നു. ഇസ്രയേല്‍ തിരിച്ചും ആക്രമിക്കുന്നു. നൂറിനുമുകളില്‍ പാലസ്തിനികള്‍ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടു. ഇപ്പോഴത്തെ പ്രക്ഷോപം ആരംഭിച്ചതിനുശേഷം ആയിരക്കണക്കിന് ഏക്കര്‍ കൃഷി ഭൂമികള്‍ പ്രക്ഷോപകര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച പട്ടവും, ബലൂണും മറ്റും ഉപയോഗിച്ചു കത്തിനശിപ്പിച്ചതായി ഇസ്രയേല്‍ ഒഫീഷ്യല്‍സ് പറയുന്നു. റോക്കറ്റും , മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം തുടങ്ങിക്കഴിഞ്ഞു. ഇസ്രയേലി യുദ്ധ വിമാനങ്ങള്‍ ഗസ്സയില്‍ ഹമാസിന്റെ കേന്ദ്രങ്ങളും, ആയുധപ്പുരകളും ബോംബിട്ടു നശിപ്പിക്കാന്‍ തുടങ്ങി.
ഇതുവരെ പാലസ്തിന്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടിട്ടില്ല. Non-member observer സ്റ്റേറ്റ് എന്ന രീതിയിലാണ് ഫലസ്തീനെ ഐക്യരാഷ്ട്രസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യം എന്ന നിലയില്‍ പാലസ്തിനെ അംഗീകരിക്കണമെങ്കില്‍ അവിടെ വ്യവസ്ഥാപിതമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ഉണ്ടായിരിക്കണം. അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടത്തിന് അതിനുകീഴില്‍ വരുന്ന പ്രദേശങ്ങളുടെ മുഴുവന്‍ നിയന്ത്രണവും പരമാധികാരവും വേണം. എന്നാല്‍ നിലവിലുള്ള പാലസ്തിന്‍ അഥോറിറ്റിക്ക് പാലസ്തിന്‍ പ്രദേശങ്ങളുടെ പരമാധികാരമില്ല. നിലവില്‍ പാലസ്തിന്‍ അഥോറിറ്റിക്ക് വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളുടെ മാത്രം അധികാരമേയുള്ളു. ഗസ്സ ഇപ്പോഴും തീവ്രവാദ സംഘടനയായ ഹമാസാണ് നിയന്ത്രിക്കുന്നത്.നിലവില്‍ ഇസ്രയേല്‍ കയ്യേറിയിരിക്കുന്നതു വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളാണ്. ഇത് വെറുമൊരു അതിര്‍ത്തി പ്രശ്‌നമല്ല. 1967 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചെടുത്ത സ്ഥലമാണ്. യുദ്ധത്തില്‍ പിടിച്ചെടുത്ത സ്ഥലങ്ങള്‍ ആരും ആര്‍ക്കും വെറുതെ കൊടുത്ത ചരിത്രമില്ലല്ലോ. സമാധാനം പുനഃസ്ഥാപിക്കുകയും, ഹമാസിനെ നിരായുധീകരിക്കുകയും ചെയ്താല്‍ മാത്രമേ തങ്ങള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുകയുള്ളുവെന്നു ഇസ്രയേല്‍ പറയുന്നു. സമാധാന പ്രക്രിയയുടെ അവസാനം വെസ്റ്റ് ബാങ്ക് മുഴുവനായും പാലസ്തിന്‍ അഥോറിറ്റിക്ക് വിട്ടു കൊടുക്കുമെന്നാണ് ഓസ്ലോ കരാര്‍ നിബന്ധനകള്‍ വഴി ഇസ്രയേല്‍ പണ്ട് അംഗീകരിച്ചിരുന്നത്. അതിനു സമാധാന ചര്‍ച്ചകള്‍ ഇരു പ്രദേശങ്ങളുടെയും നേതാക്കള്‍ തമ്മില്‍ നടക്കണം. ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കാരണം നിലവില്‍ സമാധാന ചര്‍ച്ചകള്‍ പലപ്പോഴും തടസ്സപ്പെടുന്നു.
ഇസ്രയേലിനെപ്പറ്റി സാധാരണ മോശം അഭിപ്രായമാണ് ഇന്ത്യയില്‍ പ്രചരിക്കുന്നത്. പാലസ്തിനികളെ എല്ലാ ദിവസവും കൂട്ടക്കൊല ചെയ്യുന്ന രാജ്യം, ഒരു മുസ്ലിമിനെപ്പോലും പ്രവേശിപ്പിക്കാത്ത രാജ്യം എന്നൊക്കെയാണ് പലരും പറയുന്നത്. മീഡിയ പറയുന്നതല്ല യാഥാര്‍ഥ്യമെന്ന് ഇവിടെ ജീവിക്കുമ്ബോള്‍, ഇസ്രയേലില്‍ക്കൂടെയും, വെസ്റ്റ് ബാങ്കിന്റെ ചില പ്രദേശങ്ങളില്‍ക്കൂടെയും സഞ്ചരിച്ചപ്പോഴും ഇവിടെയുള്ള കുറച്ചു അറബ് വംശജരോടും, യഹൂദരോടും സംസാരിച്ചപ്പോഴും മനസ്സിലായത്. ഞാന്‍ ആദ്യം ചിന്തിച്ചിരുന്നത് ഇസ്രയേല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം മതസ്ഥരെ ഇസ്രയേലിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്നാണ്. എന്നാല്‍ ഇവിടെ റിസര്‍ച്ച് ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള മുസ്ലിം മതസ്ഥരെ നേരിട്ട് കണ്ടപ്പോള്‍ ഇന്ത്യയില്‍ നിന്നും ഞാന്‍ കേട്ടതല്ല ശരിയെന്നു മനസ്സിലായി. അതുമാത്രമല്ല കഴിഞ്ഞ ആഴ്ച ഈദ് പെരുന്നാളിന്റെ അന്ന് ആഫ്രിക്കയില്‍ നിന്നുള്ള നൂറുകണക്കിന് മുസ്ലിം അഭയാര്‍ത്ഥികള്‍ ജാഫയിലെയും, ടെല്‍ അവീവിലെയും മുസ്ലിം പള്ളികളില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ആഭ്യന്തര കലാപങ്ങളും, പട്ടിണിയും മറ്റും കാരണം ആഫ്രിക്കന്‍ രാജ്യങ്ങളായ എറിത്രിയയില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള പതിനായിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇസ്രയേലിലുണ്ട്.
എന്നാല്‍ നല്ലൊരു ശതമാനം മുസ്ലിം അഭയാര്‍ത്ഥികള്‍ ഇവിടെയുണ്ടെന്ന് ഈദിന്റെ അന്നാണ് മനസ്സിലായത്. നമ്മുടെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇടയ്ക്കിടക്ക് ഉണ്ടാകാറില്ലേ, അങ്ങനെ പോലും ഒരു അക്രമവും ഇസ്രയേലിനുള്ളില്‍ ജീവിക്കുന്ന അറബ് - യഹൂദ വിഭാഗങ്ങള്‍ തമ്മില്‍ നടക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. 1948 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ പിടിച്ചടക്കിയ അറബ് ഭൂരിപക്ഷ പ്രദേശങ്ങളാണ് ഹൈഫ , ജാഫ , നസ്രേത് ,റാംല, ആക്കോ എന്നീ നഗരങ്ങള്‍. അവിടെയൊക്കെ ഇപ്പോഴും അറബ് വംശജര്‍ തന്നെയാണ് ഭൂരിപക്ഷം. ടെല്‍ അവീവ് പട്ടണത്തിന്റെ ഒരു ഭാഗമാണ് ജാഫ. അവിടെയുള്ള ഷോപ്പുകള്‍ അധികവും അറബികളുടേതാണ്. അറബ് ഫുഡ് കഴിക്കാന്‍ വരുന്നവരില്‍ അധികവും യഹൂദരാണ്. ചുരുക്കിപ്പറഞ്ഞാല്‍ പരസ്പരം ഇടകലര്‍ന്നും, സമാധാനത്തിലുമാണ് അറബ് - യഹൂദ വിഭാഗങ്ങള്‍ ഇസ്രയേലില്‍ ജീവിക്കുന്നത്.
ഇസ്രയേല്‍ എന്ന രാജ്യത്തിന് കേരളത്തിന്റെ പകുതിപോലും വലുപ്പമില്ല. ഇവിടുത്തെ ആകെ ജനസംഖ്യ തൊണ്ണൂറു ലക്ഷത്തിലും താഴെയാണ്. ജനസംഖ്യയുടെ 75 ശതമാനവും യഹൂദരാണ്. അവരുകഴിഞ്ഞാല്‍ അറബ് മുസ്ലിം വിഭാഗമാണ് കൂടുതലുള്ളത്. പിന്നെ അറബ് ക്രിസ്ത്യന്‍സും, Druze , കുറച്ചു ബഹായി മതക്കാര്‍ തുടങ്ങിയ സമൂഹങ്ങളാണ് ഇസ്രയേലില്‍ ജീവിക്കുന്നത്. ഇന്ത്യയിലുള്ള Brahmakumari വിഭാഗത്തില്‍ പെടുന്ന ആളുകളും ഇവിടെയുണ്ട്. അവര്‍ക്കു ഇസ്രയേലില്‍ എട്ടോളം സെന്ററുകള്‍ ഉണ്ടെന്നാണ് ഒരു ദിവസം യാത്രക്കിടെ പരിചയപ്പെട്ട ബ്രഹ്മ കുമാരി ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന ഒരു യഹൂദവംശജയായ സ്ത്രീ പറഞ്ഞത്. ഇതൊരു ജനാധിപത്യ രാഷ്ട്രവും അതോടൊപ്പം യഹൂദ രാഷ്ട്രവുമാണ്. ഫലസ്തീന്‍ - ഇസ്രയേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനുവേണ്ടി രണ്ടു ഫോര്‍മുലകളാണ് പൊതുവെ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ചിലര്‍ രണ്ടു സ്റ്റേറ്റും ഒരു രാജ്യവുമെന്നുള്ള ആശയം പങ്കുവെക്കുമ്ബോള്‍ മറ്റുചിലര്‍ രണ്ടു രാജ്യമെന്ന ആശയം മുന്നോട്ടു വെക്കുന്നു. ഒരു രാജ്യമെന്നുള്ള നിര്‍ദേശത്തെ രണ്ടുകൂട്ടരും അംഗീകരിക്കുന്നുണ്ടെന്നു തോന്നുന്നില്ല. പിന്നെ ചര്‍ച്ചകളില്‍ മുന്‍തൂക്കം കിട്ടുന്നത് രണ്ടു രാജ്യങ്ങള്‍ എന്ന ആശയത്തിനാണ്. വെസ്റ്റ് ബാങ്കും, ഗസ്സയും ഭരിക്കുന്ന ഫലസ്തീന്‍ അഥോറിറ്റിയും, ഹമാസും തമ്മിലുള്ള അനൈക്യവും, ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങളും കാരണം സമാധാന ചര്‍ച്ചകള്‍ പലപ്പോഴും വഴിമുട്ടി നില്‍ക്കുന്നു.
ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ The Green Prince എന്ന ഡോക്യുമെന്ററി കിട്ടും. വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ നേതാവായ ഹസ്സന്‍ യൂസഫിന്റെ മകനായ മൊസാബ് ഹസ്സന്‍ യൂസഫ് ഇസ്രയേലിന്റെ തടവില്‍ എത്താനിടയായ സാഹചര്യങ്ങളും അതിനുശേഷം എങ്ങനെയാണ് യൂസഫ് ഇസ്രയേലി ചാരസംഘടനയായ മൊസാദിന്റെ ചാരനായി പ്രവര്‍ത്തിച്ചതെന്നുമുള്ള കാര്യങ്ങള്‍ The Green Prince പറയുന്നുണ്ട്. ഗസ്സയിലെയും, വെസ്റ്റ് ബാങ്കിലെയും യുവാക്കളുടെ ജീവിതം എങ്ങനെയാണ് ഹമാസ് നശിപ്പിക്കുന്നതെന്നും മൊസാബ് വ്യക്തമായി പറയുന്നു.