നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനായി നമ്മളോരോരുത്തരും ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെയാണ് വായ്‌നാറ്റത്തിന്റെ കാര്യത്തിലും. ശരിയായ രീതിയില്‍ പല്ലു തേച്ചിട്ടില്ലെങ്കില്‍ വായ്‌നാറ്റം ഉണ്ടാകുന്നു. അതിനു പുറമേ വായിലുളള ബാക്ടീരിയകളും ദുര്‍ഗന്ധം ഉണ്ടാകുന്നതിന് ഒരു കാരണമാണ്.
വായിലുളള അണുക്കളെ നശിപ്പിച്ചു കളയുന്നതിനും വായിലുളള ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനും ഏറെ സഹായകമാണ് മൗത്ത് വാഷ്. വിപണിയില്‍ വില്‍ക്കുന്ന മൗത്ത് വാഷുകളും വിവിധതരം രാസവസ്തുക്കള്‍ അടങ്ങിയതാണ്. ഇവ അമിതമായ രീതിയില്‍ ഉപയോഗിക്കുന്നത് നമ്മുടെ വായയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതിനാല്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വായിലെ ദുര്‍ഗന്ധം ഒഴിവാക്കാനും വായ ആരോഗ്യമുള്ളതുമാക്കാന്‍ മൗത്ത് വാഷ് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതാണ്. ഇവ പല്ലുകളെയും മോണകളേയും ശക്തിപ്പെടുത്തുകയും വായില്‍ ദുര്‍ഗന്ധം ഇല്ലാതാക്കി ഉന്മേഷം വര്‍ദ്ധിപ്പിക്കുകയും, പല്ലിലെ മഞ്ഞ കറ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വീട്ടില്‍ ഉണ്ടാക്കി എടുക്കാവുന്ന മൗത്ത് വാഷ് ഏതൊക്കെയാണെന്ന് അറിയാം.
1. ചെറുചൂടു വെള്ളത്തില്‍ രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് നന്നായി ഇളക്കുക. ബ്രഷ് ചെയ്യുന്നതിനു ശേഷമോ അതിനു മുന്‍പോ ഇത് ഉപയോഗിച്ച് മൂന്നു നാല് തവണ വായ കഴുകാവുന്നതാണ്.
2. അതുപോലെ തന്നെ ചൂടുവെള്ളത്തില്‍ ഒന്നര ടീസ്പൂണ്‍ ഉപ്പു ചേര്‍ത്ത് നന്നായി ഇളക്കുക. ഇതുപയോഗിച്ച് ദിവസം മൂന്നു നാല് തവണ വായ കഴുകുക.
3. ഒരു കപ്പ് വെള്ളത്തില്‍ രണ്ടു മൂന്നു പുതിയനയില ഇട്ട് നന്നായി തിളപ്പിക്കുക. എല്ലാ ദിവസവും ഭക്ഷണം കഴിച്ചതിനു ശേഷം ഇതുപയോഗിച്ച് വായ കഴുകുന്നത് നല്ലതാണ്.
4. ഒരു കപ്പ് വെള്ളത്തില്‍ ഓറഞ്ച് തൊലി പൊടിച്ചത് ചേര്‍ക്കുക. ഇത് അടുപ്പില്‍ വച്ച് നന്നായി തിളപ്പിക്കുക. ഇതു കൊണ്ട് ദിവസം രണ്ടു മൂന്നു തവണ വായ കഴുകാവുന്നതാണ്.