ഏവരുടെയും സ്വന്തമായ ഒരു സ്വപ്നമാണ് വീട്. വീടിന് വേണ്ടി പലതരത്തിലുള്ള പ്ലാനിങ്ങുകൾ എല്ലാം തന്നെ നടത്താറുമുണ്ട്. എന്നാൽ ഏറ്റവുമധികം മാറ്റം പുതിയ കാലത്ത് വീടുകളിൽ കൊണ്ട് വന്ന ഒരിടമാണ് ബാത്ത്‌റൂമുകൾ. കുളിമുറികളിൽ ആഡംബരം നിറഞ്ഞത് അടുത്ത കാലത്താണ്.
ബാത്ത്‌റൂം ആക്‌സസറീസിന് ഇന്ന് മിനിമം ബഡ്‌ജറ്റിൽ തീർക്കുന്ന വീടുകളിൽ പോലും പ്രാധാന്യം നൽകി വരുന്നു. എന്നാൽ ചില കാര്യങ്ങളിൽ പഴയ മനോഭാവം തന്നെയാണ് ഇപ്പോഴും ഉള്ളത്. ബാത്ത‌്‌റൂം വിൻഡോകൾ വളരെ ചെറിയ പകുതി എപ്പോഴും തുറന്നുകിടക്കുന്നത് പോലെയാണ് ഇപ്പോഴും അത്യാവശ്യം ബഡ്‌ജറ്റിലുള്ള വീടുകളിൽ പോലും നിർമ്മിക്കുന്നത്. ഇപ്പോഴും ഈ രീതി സ്വകാര്യതയുടെ പേരിലാണ് പിന്തുടരുന്നത്. പലരും ഇന്ന് ബാത്ത്‌റൂമുകളിൽ വെറ്റ് ഏരിയ , ഡ്രൈ ഏരിയ തിരിക്കുന്നതിലും താത്‌പര്യം കാണിക്കുന്നില്ല.
വെള്ളം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സ്ഥലമാണ് ഇവിടം. അതിനാൽ ഇവ ക്രമീകരിക്കാൻ നല്ല വെളിച്ചവും കാറ്റും കിട്ടുന്ന രീതിയിൽ വേണം. പലപ്പോഴും കുളിമുറികൾ ഡ്രൈ ഏരിയ, വെറ്റ് ഏരിയ തിരിക്കാത്തത് കാരമം അപകടകേന്ദ്രങ്ങളാകുന്നു. കുളിമുറി പലപ്പോഴും രാവിലെ ഒരാൾ കുളിച്ച് കയറിയാൽ ഡ്രൈ ആകാൻ വൈകുന്നേരം എങ്കിലും ആകും. കുളിമുറികളിലെ അപകടം എങ്ങനെ വെളിച്ചവും കാറ്റും കിട്ടുന്ന വിൻഡോ ഉൾപ്പെടുത്തിയും ഡ്രൈ, വെറ്റ് ഏരിയ തിരിച്ചും ഒഴിവാക്കാം എന്നു നോക്കാം. പ്രായമായവരും കുട്ടികളും ഉൾപ്പെടെ ആർക്കും എപ്പോഴും ഡ്രൈ ആയി കിടക്കുന്നത് കൊണ്ട് എപ്പോഴും പേടി കൂടാതെ ഉപയോഗിക്കാനാകും. വൃത്തിയാക്കാൻ എളുപ്പമായതിനാൽ ദുർഗന്ധത്തോടും ബൈ പറയാം. നല്ല സൂര്യപ്രകാശം പകൽ സമയങ്ങളിൽ ലഭിക്കുന്നതിനാൽ അഴുക്ക് ഉണ്ടെങ്കിൽ കാണാനും വൃത്തിയാക്കാനും എളുപ്പമാണ്,.
വിൻഡോ വലുത് ചെയ്യുമ്പോൾ അകത്തേക്ക് തുറക്കുന്ന രീതിയിലോ, സ്ലൈഡിംഗ് രീതിയിലോ വേണം ചെയ്യാൻ. കൊതുകിന്റെ ശല്യവും നെറ്റ് അടിച്ചാൽ ഒഴിവാക്കാം. വെറ്റ് ഏരിയയിൽ നല്ല ഗ്രിപ്പുള്ള ടൈലോ തെന്നാതിരിക്കാനുള്ള മാറ്റോ ഇടുന്നതും നല്ലതാണ്.