Latest News

വീടു പണി നടത്തുമ്പോള്‍ ബജറ്റ് താളം തെറ്റാതിരിക്കണോ?

Malayalilife
വീടു പണി നടത്തുമ്പോള്‍ ബജറ്റ് താളം തെറ്റാതിരിക്കണോ?

വരുടേയും സ്വപ്‌നമാണ് സ്വന്തമായി ഒരു വീടുപണിയുക എന്നത്. അതിനായി  ജീവിതത്തിലെ സമ്പാദ്യത്തിന്റെ നല്ലൊരു തുക വേണ്ടി വരും. എന്നാല്‍ ഇപ്പോഴത്തെ കണക്കുകള്‍ നോക്കിയാാല്‍ ഭവന വായ്പ എടുത്ത് തിരിച്ചടവ് മുടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്താണ് കാരണം. കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ പണച്ചെലവുണ്ടായി ബജറ്റ് താളം തെറ്റുന്നതാണ് കാരണം. അശ്രദ്ധയാണ് പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നഷ്ടമുണ്ടാകുന്നതിന് കാരണമാകുന്നത് എന്ന് നമുക്കറിയാം. ഇതിനെ തന്നെ ആദ്യം ഒഴിവാക്കുക. ആദ്യം തന്നെ നമ്മൂടെ വരുമാനം എത്രയുണ്ട് ജീവിതചെലവ്, വീടിനായി മനസില്‍ കരുതുന്ന ബഡ്ജറ്റ് എന്നിവയെ പറ്റി കൃത്യമായി ധാരണയുണ്ടാക്കുക.

ദമ്പതികളാണ് വീട് പണിയുന്നതെങ്കില്‍ ഒരേ മനസോടെ തങ്ങളുടെ ഉള്ളിലുള്ളത് പരസ്പരം പങ്കുവെച്ച് ഒരു തീരുമാനത്തിലെത്താം. ആഡംബരത്തിന് പ്രാധാന്യം നല്‍കാതെ ആവശ്യത്തിന് മുന്‍ഗണന നല്‍കി മുന്നോട്ട് പോവുക. പ്ലോട്ട് തിരഞ്ഞെടുക്കുമ്പോള്‍ കഴിവതും കൃത്യമായ ഷേപ്പുള്ളതും ഉറച്ച മണ്ണുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കുക. വീട് പണിയാനുള്ള ചെലവില്‍ 70 ശതമാനവും നിര്‍മ്മാണ സാമഗ്രികള്‍ക്ക് വേണ്ടിയാണെന്ന കാര്യം ഓര്‍ക്കുക. ഇതിനൊപ്പം തന്നെ ചിന്തിക്കേണ്ട കാര്യമാണ് വീടുപണിക്കായി നാം തീരുമാനിച്ചിരിക്കുന്ന ബഡ്ജറ്റില്‍ 75 ശതമാനം വീടിന്റെ നിര്‍മ്മാണ ഘട്ടത്തിന് വേണ്ടിയും ബാക്കി 25 ശതമാനം ഇന്റീരിയര്‍ ഡിസൈനിന് വേണ്ടിയുമാണ് ഉപയോഗിക്കേണ്ടത്.

എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ അനാവശ്യ ഡിസൈനിങ്ങിനായി പണം ചെലവഴിക്കരുത്. വീടുപണിയുടെ കാലാവധിയും നിര്‍മ്മാണ ചെലവിനെ സാരമായി ബാധിക്കുന്ന ഒന്നാണ് ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിവതും ശ്രമിക്കുക. ഇതിലും കൂടുതലായി നീണ്ടു പോയാല്‍ അനാവശ്യ ചെലവിന് കാരണമാകും.

സ്ഥലം കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്നതാണ് ആദ്യ ഘട്ടം. കുടുംബസ്വത്തായി ലഭിച്ചതാണെങ്കിലും അല്ലെങ്കിലും വീടിനു സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ലൊക്കേഷന്‍ പോലെ പ്രധാനമായ ചില കാര്യങ്ങള്‍ കൂടിയുണ്ട്. റോഡ് സൗകര്യം, തൊട്ടടുത്ത് വൈദ്യുതി പോസ്റ്റ്, വാട്ടര്‍ കണക് ഷന്‍ കിട്ടാനുള്ള സൗകര്യം, ജലലഭ്യത തുടങ്ങിയവയൊക്കെ പരിഗണിക്കണം. മറ്റൊന്ന്, തിരഞ്ഞെടുക്കുന്ന ഭൂമിയുടെ ഘടനയാണ്. നികത്തു ഭൂമിയാണോ, നിലമാണോ എന്നതെല്ലാം അന്വേഷിച്ചറിയണം. മണ്ണിന്റെ സ്വഭാവം അറിയണം. സര്‍ക്കാര്‍ രേഖകളില്‍ കൃഷിയിടമായ സ്ഥലം പുരയിടമായി ഉപയോഗിക്കണമെങ്കില്‍ ഒട്ടേറെ നിയമനൂലാമാലകളുണ്ട്.

വില്ലേജിലെ ബിടിആര്‍ അല്ലെങ്കില്‍ പഴയ സെറ്റില്‍മെന്റ് റജിസ്റ്റര്‍ ഒക്കെ പരിശോധിച്ച് കരഭൂമിയായി ഉപയോഗിക്കാന്‍ അനുവാദമുണ്ടോയെന്നറിയാം.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഭൂമിയുടെ കിടപ്പാണ്. ചിലപ്പോള്‍ റോഡുലെവലില്‍നിന്നു താഴെയാകാം, വളരെ ഉയരെയുമാകാം. കുത്തനെ ചെരിവുള്ള സ്ഥലവുമാകാം. ഇത്തരം സ്ഥലങ്ങളില്‍ വീട് പണിയുമ്പോള്‍ ഉണ്ടാകാവുന്ന അധികച്ചെലവുകള്‍ കൂടി നോക്കി വേണം സ്ഥലം വാങ്ങല്‍.

ഒരിക്കലും വെള്ളം കയറില്ലെന്നു വിശ്വസിച്ചിടത്തൊക്കെ പ്രളയത്തില്‍ വെള്ളം കയറി. ഇക്കാര്യം കൂടി സ്ഥലം തിരയുമ്പോള്‍ മനസ്സിലുണ്ടായിരിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും ചിലപ്പോള്‍ എല്ലാം തികഞ്ഞ സ്ഥലം ഒത്തുവന്നെന്നു വരില്ല. വിട്ടുവീഴ്ച വേണ്ടി വരാം. പക്ഷേ അപ്പോഴും ഫൗണ്ടേഷനും മറ്റും അധികമായി മുടക്കുന്ന തുക സ്ഥലവിലയുടെ ഭാഗമായി കണ്ടാലും നഷ്ടമാകില്ലെന്നൊരു ബോധ്യം വേണം.

പ്ലാന്‍ തയാറാക്കും മുന്‍പ്

വീടിനൊരു പ്ലാന്‍ വേണം, അല്ലെങ്കില്‍ നല്ലൊരു ഡിസൈന്‍ എന്നൊക്കെ നമുക്ക് വളരെ സിംപിളായി പറയാം. പക്ഷേ പുതിയൊരു വീടു പണിയുമ്പോള്‍ അതിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഭാഗമാണ് ഈ പ്ലാനിങ്. സ്ഥലം വാങ്ങുന്നതിനു മുന്‍പ് നമ്മുടെ ആര്‍ക്കിടെക്റ്റിനെയോ ഡിസൈനറെയോ അതൊന്നു കൊണ്ടുപോയി കാണിക്കാവുന്നതാണ്. സ്ഥലത്തിന്റെ സാധ്യതകള്‍ വിലയിരുത്തി പോരായ്മകളും പരിമിതികളും മനസ്സിലാക്കാന്‍ ഇതു സഹായിക്കും. അവിടെനിന്നു വേണം പ്ലാനിങ്ങിലേക്കു കടക്കാന്‍. നിങ്ങളുടെ ആഗ്രഹങ്ങളും അവസ്ഥയും (സാമ്പത്തികം ഉള്‍പ്പെടെ) വീട് രൂപകല്‍പന ചെയ്യുന്ന ആളോട് തുറന്നു പറയുക. (ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നു പറയുന്ന കൂടെ ഇനി ആര്‍ക്കിടെക്റ്റിനെ കൂടി ചേര്‍ക്കാം.)

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപത്തിന്, വീടിന്, പദ്ധതിയിടുമ്പോള്‍ നിങ്ങള്‍ക്കായി അല്‍പസമയം മാറ്റിവയ്ക്കാന്‍ തയാറുള്ള ആര്‍ക്കിടെക്റ്റ് അല്ലെങ്കില്‍ ഡിസൈനറെ വേണം തിരഞ്ഞെടുക്കാന്‍. അല്ലെങ്കില്‍ രോഗിയെ കാണാതെ രോഗം മാത്രമറിഞ്ഞ് മരുന്ന് നിശ്ചയിക്കുന്നതുപോലെയാകും. നിങ്ങളുടെ വീട് എങ്ങനെയാവണമെന്നും അതില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണമെന്നും നിങ്ങള്‍ക്കു തന്നെ ഒരു ധാരണയുണ്ടാകുമല്ലോ. അതു കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുക. വീടിനായി കണ്ടെത്താന്‍ കഴിയുന്ന പരമാവധി തുകയെത്രയാണെന്നും അവരോട് പറയണം.

ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വീട്ടില്‍ത്തന്നെ അഭിപ്രായ ഏകീകരണം വരുത്തിയ ശേഷം വേണം ഡിസൈനറെ സമീപിക്കാന്‍. ആവശ്യങ്ങളും ആഗ്രഹങ്ങളും ബജറ്റും മനസ്സിലാക്കിയ ശേഷം അദ്ദേഹം പ്രാഥമിക പ്ലാന്‍ തയാറാക്കും. അതു വീട്ടില്‍ കാണിച്ച് അഭിപ്രായങ്ങള്‍ ആരായണം. എന്നിട്ടുവേണം ഫൈനല്‍ ലേ ഔട്ടിലേക്ക് പോകാന്‍. 

must remember on budget home planning

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES