നഖംകടി വളരെ സാധാരണമായ ഒരു ശീലമാണ്. വെറുതെയിരിക്കുന്ന സമയങ്ങളിലും ചിന്തിച്ചിരിക്കുമ്പോഴുമൊക്കെ നഖം കടിക്കുന്ന ദുശീലം പലര്‍ക്കുമുണ്ട്. ലോകജനസംഖ്യയില്‍ 20 മുതല്‍ 30 ശതമാനം പേരെ ബാധിക്കുന്നതാണ് 'ഓണിക്കോഫാഗിയ' എന്ന നഖംകടി ശീലം.നഖം കടിക്കുന്ന ആളുകള്‍ നെഗറ്റീവ് ചിന്താഗതിക്കാരാണെന്നാണ് മനഃശാസ്ത്രം പറയുന്നത്. ഒസിഡി രോഗമുള്ളവരിലാണ് നഖം കടിക്കുന്ന ശീലം കൂടുതലായി കണ്ട് വരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. വെറുതെ ബോറടിക്കുമ്പോഴാവും നമ്മളില്‍ പലരും നഖം കടിക്കുന്നത് ,എന്നാല്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം , ഒബ്‌സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ മുതലായവയും പുറമേ നിസാരമെന്നു തോന്നാവുന്ന ഈ ശീലത്തിനു പിന്നിലുണ്ട്.
നഖം കടിക്കുന്നതു മൂലം ബാക്ടീരിയെയും ഫംഗസ് അണുബാധകളെല്ലാം ശരീരത്തിലേക്ക് എത്തും. ഇതു മൂലം പനി, ജലദോഷം ഇവ ഉണ്ടാകാനുള്ള സാധ്യത കൂടും. മാത്രമല്ല നമ്മുടെ പുഞ്ചിരിയെപ്പോലും ഇല്ലാതാക്കാന്‍ നഖം കടി ശീലത്തിനു കഴിയും എന്നാണ് മയോക്ലിനിക് ഗവേഷകര്‍ പറയുന്നത്.
ഇടയ്‌ക്കൊന്ന് നഖം കടിച്ചാല്‍ എന്തു പറ്റാനാ എന്ന് ചിന്തിക്കുന്നവരാകും നമ്മള്‍. എന്നാല്‍ നഖങ്ങള്‍ക്കിടയില്‍ നിരവധി കീടാണുക്കള്‍ ഉണ്ട്. നഖം കടിക്കാത്തവരേക്കാള്‍ നഖം കടിക്കുന്നവരുടെ ഉമിനീരില്‍' ഇ കോളിബാക്ടീരിയ 'മൂന്നിരട്ടിയാണ് ഉള്ളത്. നഖത്തിനിടയില്‍ രോഗാണുക്കളായ സ്റ്റെഫിലോ കോക്കസ്, സ്‌ട്രെപ്, കാരിന്‍ ഫോം ബാക്ടീരിയകള്‍ ഉണ്ട്. നഖം കടിക്കുകവഴി ഇവ ശരീരത്തിലെത്തും. നഖം കടി പല്ലിനെയും മോണകളെയും കേടു വരുത്തും. നഖം കടിക്കുന്നതു മൂലം മുന്നിലെ പല്ലിന് പൊട്ടലും പോറലും വീഴും. കൂടാതെ മോണവേദനയ്ക്കും മോണയിലെ കലകളുടെ നാശത്തിനും കാരണമാകും.
നഖങ്ങളെയും ഈ ശീലം ചീത്തയാക്കും. നഖം ശരിയായി വളരുകയുമില്ല. ചിലര്‍ കുട്ടിക്കാലം മുതലേ നഖം കടി ഒരു പതിവാക്കിയവരാകും അവര്‍ പോലും അറിയാതെയാകും ഈ ശീലം തുടരുന്നത്.നഖം വൃത്തിയായി വെട്ടി നിര്‍ത്തുക എന്നതും ഈ ശീലത്തിന് നല്ലൊരു പരിഹാരമാണ്. ച്യൂയിംഗം പോലുള്ളവ ചവയ്ക്കുന്നതും വായിലേക്ക് നഖം കൊണ്ടു പോകുന്നതിനെ തടയും.
ഉത്കണ്ഠയും സമ്മര്‍ദ്ദവും ആണ് പലപ്പോഴും ഈ ശീലത്തിനു കാരണം. മനസ്സിനെ ശാന്തമാക്കുന്ന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം. ഇവയെല്ലാം ശീലമാക്കാം. ഇത് സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റുകയും അതു വഴി നഖം കടിക്കുന്ന ശീലം ഒഴിവാക്കാനും സാധിക്കും.