Latest News

ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം?

Malayalilife
topbanner
ദുരന്തങ്ങൾ സംഭവിക്കുമ്പോഴുണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ നേരിടാം?

പകടങ്ങളും ദുരന്തങ്ങളും സംഭവിക്കുമ്പോൾ അതിനിരയാകുന്നവർക്ക് ശാരീരികമായ പിന്തുണ നൽകുന്നതിനുള്ള ഫസ്റ്റ് എയ്ഡിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. എന്നാൽ ഇത്തരം സംഭവങ്ങൾ കാരണമുണ്ടാകുന്ന മാനസികാഘാതവും വളരെ വലുതായിരിക്കും. ഇങ്ങനെ മനസ്സിനേൽക്കുന്ന ആഘാതത്തെ തുടക്കത്തിലേ കൈകാര്യം ചെയ്യുന്നതിന് “സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ്” ആവശ്യമാണ്. ദുരന്തങ്ങളിൽപ്പെട്ടവർക്കും അതിജീവിച്ചവർക്കും മാനസികവും വൈകാരികവുമായ പിന്തുണ നൽകാനാണ് ഇവിടെ ശ്രമിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അവരെ മനസ്സിലാക്കാനും ആശ്വസിപ്പിക്കാനും പിന്തുണ നൽകാനും കഴിയുന്നവർ ചുറ്റിലുമുണ്ട് എന്ന തിരിച്ചറിവ് വളരെ നിർണായകമാണ്. മാനസികപിന്തുണ വാഗ്ദാനം ചെയ്യുന്നവർ, അത് തേടുന്നവർ അർഹിക്കുന്ന ബഹുമാനം നൽകുകയും അവരുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് അനുവാദമില്ലാതെ ചൂഴ്ന്നിറങ്ങുന്നില്ലെന്നും ഉറപ്പാക്കണം. മനസിനേറ്റ മുറിവുകൾക്ക് ആശ്വാസം കണ്ടെത്താനുള്ള ഈ യാത്രയിൽ അവർ ആദരിക്കപ്പെടുമെന്നും സുരക്ഷിതരായിരിക്കുമെന്നും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്.

എന്താണ് പി.റ്റി.എസ്.ഡി?

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ചർച്ചയായ ഒരു വിഷയമാണ് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡർ അഥവാ പി.റ്റി.എസ്.ഡി. ശരീരത്തിനുണ്ടാകുന്ന പരിക്കുകൾ, മോശമായ അനുഭവങ്ങൾ, അപകടങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, ശാരീരികമായോ മാനസികമായോ നേരിടുന്ന അക്രമങ്ങൾ എന്നിവയുടെയെല്ലാം ഫലമായി ഒരു വ്യക്തിയുടെ മാനസികാരോഗ്യം മോശമാകാം. ഇത്തരം തിക്താനുഭവങ്ങൾ തുടർച്ചയായ ബുദ്ധിമുട്ടുകൾക്കും ശല്യപ്പെടുത്തുന്ന ചിന്തകൾ, ദുസ്വപ്നങ്ങൾ, അലട്ടുന്ന ഓർമകൾ എന്നിവയ്ക്കിടയാക്കുമ്പോൾ അത് പി.റ്റി.എസ്.ഡി ആയി മാറുന്നു. ട്രോമയ്ക്ക് ഇടയായ സംഭവം നടന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ  പി.റ്റി.എസ്.ഡിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാറുണ്ട്. പി.റ്റി.എസ്.ഡിയുള്ള വ്യക്തികൾക്ക് വല്ലാത്ത ഭയം അനുഭവപ്പെടും. അവരെ പിടിച്ചുലച്ച ആ സംഭവത്തെക്കുറിച്ച് സംസാരിക്കാൻ അവർ വിമുഖത കാണിക്കും. എന്നാൽ ദുസ്വപ്നങ്ങളുടെയും ഓർമകളുടെയും രൂപത്തിൽ ആ സംഭവങ്ങൾ അവരുടെ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യും. ഒരുമാസം വരെ ഇങ്ങനെ തുടരുമ്പോഴാണ് പി.റ്റി.എസ്.ഡിയാണെന്ന് ഒരു സൈക്കോളജിസ്റ്റ് സ്ഥിരീകരിക്കും. മൂന്ന് മാസത്തിനുള്ളിൽ പി.റ്റി.എസ്.ഡിയുടെ തീവ്രത കുറയേണ്ടതാണ്. അതിനുശേഷവും പി.റ്റി.എസ്.ഡി തുടരുകയാണെങ്കിൽ ദീർഘകാല കൗൺസലിംഗ് വേണ്ടിവരും.

പി.റ്റി.എസ്.ഡി എങ്ങനെ കൈകാര്യം ചെയ്യണം?

ട്രോമയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് കൃത്യവും ചിട്ടയുമുള്ള  മാനസികപിന്തുണ ആവശ്യമാണ്. വിദഗ്ധരായ സൈക്കോളജിസ്റ്റുകളുടെയും സൈക്കോതെറാപ്പിസ്റ്റുകളുടെയും ഇടപെടലാണ് അനിവാര്യം. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള വ്യക്തിഗത ശ്രദ്ധയും പരിചരണവും നല്കാൻ കഴിവുള്ളവരാണ് മാനസികാരോഗ്യ വിദഗ്ധർ. ഹ്രസ്വകാല കൗൺസലിംഗ് മുതൽ ദീർഘകാല ചികിത്സാപദ്ധതികൾ വരെ രൂപപ്പെടുത്തുന്നതിൽ മികവുള്ളവരെയാണ് ഇത്തരം ദുരന്തഘട്ടങ്ങളിൽ ആവശ്യം. സാധാരണഗതിയിൽ ഹ്രസ്വകാല തെറാപ്പി ആറോ എട്ടോ സെഷനുകൾ നീളാറുണ്ട്. എന്നാൽ കൗൺസലിംഗ് തേടുന്ന വ്യക്തിയുടെ ആവശ്യങ്ങൾക്കും സന്ദർഭത്തിനുമനുസരിച്ച് ഇരുപത് സെഷനുകൾ വരെ വേണ്ടിവരാറുണ്ട്. ഈ കൗൺസലിംഗ് രീതി ഒരു വർഷം വരെ നീളുന്നതാണ്.

ഉറ്റവരുടെയോ ഉടയവരുടെയോ മരണം കാരണമുള്ള മാനസികവിഷമം അനുഭവിക്കുന്നവർക്ക് ആ വേദനകളിൽ നിന്നും ആശ്വാസം കണ്ടെത്താൻ  പ്രത്യേക രീതിയിലുള്ള ഗ്രീഫ് തെറാപ്പി ഉപയോഗിക്കുന്നു. സാധാരണ 8 മുതൽ 12 സെഷനുകൾ വരെ നീണ്ടുനിൽക്കുന്ന തെറാപ്പിയാണിത്.

ദുഃഖകരമായ ഓർമ്മകൾ നിരന്തരം ഫ്ലാഷ്ബാക്കുകളായി ഓർമയിലേക്ക് വരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നല്കാൻ വികസിപ്പിച്ചെടുത്തുള്ള ഒരു തെറാപ്പി രീതിയാണ് ഇ.എം.ഡി.ആർ (ഐ മൂവ്മെന്റ് ഡിസെൻസിറ്റൈസേഷൻ ആൻഡ് റീപ്രോസസിംഗ്). ഇതിന് എട്ട് സെഷനുകൾ വരെ ആവശ്യമായി വരാറുണ്ട്.

ചിലർക്ക് അവരുടെ വികാരങ്ങൾ സ്വതന്ത്ര്യമായി തുറന്നുവിടാനുള്ള ഒരു തുറന്ന ഇടമായിരിക്കും ആവശ്യം. അവരുടെ തോന്നലുകൾ കേട്ടിരിക്കാനും അവർക്ക് പിന്തുണ നൽകാനും കഴിയുന്ന ഒരു അന്തരീക്ഷമാണ് അവർ തേടുന്നത്.

പ്രാഥമിക തെറാപ്പി സെഷനുകൾ കഴിഞ്ഞ ശേഷമാണ് തുടർന്നുള്ള സെഷനുകൾ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. ഭാവിയിൽ ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ നേരിടാൻ ആ വ്യക്തിയെ സഹായിക്കുകയാണ് ലക്ഷ്യം. അത്തരം സന്ദർഭങ്ങളുണ്ടാകുമ്പോൾ അതിനെ നേരിടാനാവശ്യമായ ഉപായങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കും. അവരുടെ വികാരങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നുണ്ട് എന്നുറപ്പാക്കാൻ ബൂസ്റ്റർ സെഷനുകളും വേണ്ടിവരാറുണ്ട്. ഏതാനും മാസങ്ങൾക്ക് ശേഷമായിരിക്കും ഇത്തരം സെഷനുകൾ ആസൂത്രണം ചെയ്യുക. പുതിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പഴയ ഓർമ്മകൾ വെല്ലുവിളികളായി മാറുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കും.

ഭാവി പദ്ധതികൾമുന്നോട്ടുള്ള വഴികൾ

മാനസികാഘാതം നേരിടുന്ന വ്യക്തികൾക്ക് തെറാപ്പി നൽകുന്നവരും പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. ആദ്യം സ്വന്തം വൈകാരിക പ്രതികരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ. മറ്റുള്ളവർക്ക് തെറാപ്പി നൽകുമ്പോൾ തെറാപ്പിസ്റ്റിന്റെ മാനസികാരോഗ്യത്തിനും വലിയ പങ്കാണുള്ളത്.

മാനസികാഘാതത്തിന്റെ തീവ്രത കുറഞ്ഞെന്ന് തോന്നിയാലും ഭാവിയിൽ പ്രശ്നങ്ങൾ വീണ്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ തുടർ സെഷനുകൾ വേണ്ടിവരാറുണ്ട്. മാനസികമായ പ്രഥമശുശ്രൂഷ, സവിശേഷ തെറാപ്പി സെഷനുകൾ, തുടർച്ചയായ പിന്തുണ, ആദരവ് എന്നിവയുൾപ്പെടുന്ന സമഗ്രമായ സൈക്കോളജിക്കൽ സമീപനമാണ് പി.റ്റി.എസ്.ഡി നേരിടുന്നവർക്ക് ആവശ്യമുള്ളത്. ചിട്ടയൊത്തതും കൃത്യവുമായ മാനസികാരോഗ്യ പരിചരണത്തിലൂടെ, മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർക്ക് അവരുടെ വൈകാരികശക്തി വീണ്ടെടുക്കാൻ സഹായിക്കാൻ ഞങ്ങൾക്ക് കഴിയും.


വിവരങ്ങൾക്ക് കടപ്പാട്ഡോലിഷ പി ബാലൻക്ലിനിക്കൽ സൈക്കോളജിസ്റ്റ്പ്രയത് സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ്കൊച്ചി.

special article PT SD

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES