സ്ത്രീകള്‍ക്ക് ജോലിസ്ഥലത്തും വീട്ടിലും സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതിന് അപാരമായ ക്ഷമ അത്യാവശ്യമാണ്. ഇവിടെ യോഗ ഒരു സ്വാന്തനമാവും. എന്നാല്‍, അവര്‍ക്ക് സന്തുലിതാവസ്ഥ നഷ്ടമാവുന്ന സമയങ്ങളും ഉണ്ടാകാം. ആര്‍ത്തവം അഥവാ മെന്‍സസ് ഇത്തരമൊരു അവസരമാണ്. ആര്‍ത്തവത്തിന്റെ 3-5 ദിവസങ്ങളില്‍ ഒരു സ്ത്രീക്ക് ശാരീരികവും (ക്ഷീണം, പുറംവേദന, കോച്ചിപ്പിടുത്തം) മാനസികവുമായ (നിരാശ, കോപം, അസ്വസ്ഥത) അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ആര്‍ത്തവം ഉള്ള അവസരത്തില്‍ യോഗ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയരാം. ഈ സമയത്ത് യോഗ ചെയ്യുന്നത് സുരക്ഷിതമാണോ? അങ്ങിനെ ചെയ്താല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലേ? യോഗ ചെയ്യുമ്പോള്‍ വേദന വര്‍ദ്ധിക്കുമോ? തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണ പ്രതീക്ഷിക്കാവുന്നതാണ്.
ഇതിനുള്ള ഉത്തരം എപ്പോഴും വിവാദവിഷയമാണ്. ചില ശാഖകള്‍ ഇതിനെ ശരിവയ്ക്കുമ്പോള്‍ മറ്റു ചിലര്‍ ഇത് ശക്തമായി എതിര്‍ക്കുന്നു. എന്നാല്‍, ശരിയായ അഭ്യാസങ്ങള്‍ ശരിയായ രീതിയില്‍ ചെയ്താല്‍ ആര്‍ത്തവസമയത്ത് യോഗ മൂലം ഒരു ദോഷവും ഉണ്ടാവില്ല. യോഗാഭ്യാസങ്ങള്‍ ചെയ്യുന്നതിനു മുമ്പ് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
യോഗ ചെയ്യുമ്പോള്‍ ആയാസപ്പെടരുത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ (പുറം വേദന, കഴുത്ത് വേദന..തുടങ്ങിയവ) ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം.
അമിത രക്തസ്രാവമുണ്ടെങ്കില്‍ യോഗ ചെയ്യരുത്.
ശീര്‍ഷാസനം, സര്‍വാംഗാസനം, കപാലബതി (ശ്വസന വ്യായാമം) ബന്ധ യോഗകള്‍ തുടങ്ങിയവ ആര്‍ത്തവ സമയത്ത് ഒഴിവാക്കണം.