ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചിക്കൻ കടായി. വളരെ ചുരുങ്ങിയ സമയം കൊണ്ട് രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
ചിക്കന്‍ – അര കിലോ
സവാള – രണ്ടെണ്ണം
തക്കാളി – ഒരെണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത് – ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ് – രണ്ടു ടേബിള്‍ സ്പൂണ്‍
ഉലുവ – ഒരു ടീസ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
ഏലക്കായ് – നാലെണ്ണം
ചിക്കന്‍ മസാല – ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – ഒരു ടീസ്പൂണ്‍
ചുവന്ന മുളക് – രണ്ടെണ്ണം
ഗരം മസാല പൊടിച്ചത് – ഒരു ടീസ്പൂണ്‍
മല്ലിയില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി കഴുകി വെക്കുക.ഒരു കടായി അഥവാ ചീന ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ അതിലേക്കു നെയ്യ് ഒഴിച്ച് ഉലുവ പൊട്ടിച്ച ശേഷം ജീരകം ഏലക്ക എന്നിവയുമിട്ടു പൊട്ടിക്കുക, ശേഷം ചുവന്ന മുളകും ഇട്ടു മൂപ്പിക്കുക. ഇനി മസാല പൊടികളെല്ലാം ഇട്ടു വഴറ്റുക.ശേഷം സവാള ഇട്ടു വീണ്ടും വഴറ്റി രണ്ടു മിനിറ്റിനകം ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ചേര്‍ക്കുക.
ചിക്കന്‍ ഇട്ട ശേഷം തീ കുറച്ചു വെച്ച് വേവിക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം ഒട്ടും ഒഴിക്കരുത്.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.ഇരുപതു മിനിറ്റിനു ശേഷംതക്കാളി മിക്സിയില്‍ അടിച്ചെടുത്തു ചേര്‍ത്ത് ഇളക്കുക. ഇനി മല്ലിയില ചേര്‍ക്കുക.അഞ്ചു മിനിറ്റ് കഴിഞ്ഞു അടപ്പ് തുറന്നു മല്ലിയില വിതറി അലങ്കരിച്ചു വിളംബാവുന്നതാണ്.