കാന്താരയിലെ 'വരാഹരൂപ' ത്തിന് എതിരായ കേസില്‍ നടന്‍ പൃഥ്വിരാജിന്റെ മൊഴിയെടുക്കും. കാന്താര സിനിമയുടെ കേരളത്തിലെ വിതരണക്കാരാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്. അതേസമയം കേസില്‍ നടനും സംവിധാകനുമായ ഋഷഭ് ഷെട്ടിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഋഷഭ് ഷെട്ടി, നിര്‍മാതാവ് വിജയ് കലരഗന്ദൂര്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍പോലീസ് രണ്ടുദിവസമായി ചോദ്യംചെയ്തത്.
വരാഹരൂപം' പാട്ട് ഒറിജിനല്‍ ആണെന്നും പകര്‍പ്പവകാശം ലംഘിച്ചിട്ടില്ലെന്നും റിഷബ് ഷെട്ടി ആവര്‍ത്തിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊലീസ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത് സാധാരണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമാെണന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്താര' സിനിമയിലെ ' വരാഹരൂപം' എന്ന ഗാനത്തിന്റെ സംഗീതം തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാന്റ് ചിട്ടപ്പെടുത്തിയ ' നവരസം' എന്ന ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നാണ് പരാതി. മാത്യഭുമിയും തൈക്കുടം ബ്രിഡ്ജും നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍.
പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച 'കാന്താര' എന്ന കന്നഡ ചിത്രം രാജ്യത്തുടനീളം വന്‍ വിജയമായിരുന്നു.
ഹോംബാലെ ഫിലിംസ്, ഋഷഭ് ഷെട്ടി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ടൗണ്‍ എസ്‌ഐ പറഞ്ഞു. അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ക്കായി ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്റ്റേഷനില്‍ ഹാജരാകാനും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ ഗാനം കോപ്പിയടിച്ചെന്നാരോപിച്ച് തൈക്കുടം ബ്രിഡ്ജ് ആദ്യം സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് ഇടുകയാണുണ്ടായത്. ഗാനം കോപ്പിയടിച്ചെന്നാരോപിച്ച് തങ്ങളുടെ വേദന പ്രകടിപ്പിക്കുകയും സിനിമാ സംഘത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള തങ്ങളുടെ അടുത്ത നടപടി പ്രഖ്യാപിക്കുകയും ചെയ്തു. പാട്ടിന്റെ ഓഡിയോ പകര്‍പ്പവകാശ നിയമങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ ജുഡീഷ്യറിയില്‍ നിന്ന് നീതി തേടുകയാണെന്നും മ്യൂസിക് ബാന്‍ഡ് പറയുന്നു