തമിഴ് സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ തമിഴ് നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന വിമര്‍ശനവുമായി നടി വനിത വിജയകുമാര്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ താന്‍ 25 സിനിമകള്‍ ചെയ്‌തെന്നും എന്നാല്‍ പരുക്കനായ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രം തനിക്ക് ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പറയുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ അത്തരം കഥാപാത്രങ്ങള്‍ മലയാളം നടിമാര്‍ക്ക് ധാരാളം ലഭിക്കുന്നുണ്ടെന്നും വനിത പറഞ്ഞു. തണ്ടുപാളയം എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു നടിയുടെ പരാമര്‍ശങ്ങള്‍.
താന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചുവെന്നും എന്നാല്‍ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണെന്നും വനിത കുറ്റപ്പെടുത്തി.
അതേസമയം നന്നായി അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ ഭാഷ ഒരു പ്രശ്നമല്ലെന്നും, മികച്ച സിനിമകളുടെ ഭാഗമാവുന്നത് മികച്ച സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്ത് കൊണ്ടാവണമെന്നും സോഷ്യല്‍ മീഡിയയില്‍ വനിതയെ വിമര്‍ശിച്ചുകൊണ്ട് നിരവധി ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്.
'തമിഴ് ഇന്‍ഡസ്ട്രിയെ വിശ്വസിക്കുന്ന തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. അത് വളരെ നിര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 25 സിനിമകള്‍ ഞാന്‍ ചെയ്തു. ഈ ചിത്രങ്ങളിലെല്ലാം പൊലീസ്, വക്കീല്‍, നെഗറ്റീവ്, പോസിറ്റീവ് അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഞാന്‍ ചെയ്തത്.
എന്നാല്‍ നമ്മള്‍ 90കളില്‍ കണ്ടുവളര്‍ന്ന നാട്ടിന്‍പുറങ്ങളിലെ സിനിമകള്‍ ഇന്ന് വളരെ കുറവാണ്. എപ്പോഴൊക്കെ അത്തരം ചിത്രങ്ങള്‍ പുറത്തുവരുന്നോ അതെല്ലാം വിജയിക്കുന്നുണ്ട്. അത്തരം സിനിമകള്‍ ചെയ്യുന്ന സംവിധായകരും വളരെ കുറഞ്ഞു. എന്റെ അച്ഛനൊക്കെ ചെയ്തതു പോലെയുള്ള പഴയ സിനിമകളും കഥകളും എനിക്ക് വളരെ ഇഷ്ടമാണ്.
അങ്ങനെ പരുക്കനായ നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ എന്തുകൊണ്ട് നമുക്ക് വരുന്നില്ല പറയുന്നതില്‍ വിഷമമുണ്ട്, ഒരുപാട് മലയാളം നടിമാര്‍ക്ക് അത്തരം വേഷങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ തമിഴ്നാട്ടിലുള്ള തമിഴ് നടിമാര്‍ക്ക് അത് ലഭിക്കില്ല.' എന്നാണ് വനിത പറഞ്ഞത്.
ഓപ്പറേഷന്‍ ലൈല എന്ന ചിത്രമാണ് വനിതയുടെ അവസാനം പുറത്തിറങ്ങിയ തമിഴ് ചിത്രം. ഇന്നലെ പ്രഖ്യാപിച്ച മാരി സെല്‍വരാജ് ധ്രുവ് വിക്രം ചിത്രം ബൈസണില്‍ മലയാളികളായ അനുപമ പരമേശ്വരനും, രജിഷ വിജയനുമാണ് നായികമാര്‍.