പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന അപ്ഡേഷന്‍ ഇന്ന് പുറത്തുവിട്ടേക്കും. പൃഥ്വിരാജും സുപ്രിയയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച പോസ്റ്ററാണ് ഈ സൂചന നല്‍കുന്നത്.
പ്രത്യേകിച്ച് ഒരു ക്യാപ്ഷനും ഇല്ലാതെയാണ് പൃഥ്വിയും സുപ്രിയയും ഈ പോസ്റ്റ് പങ്കുവച്ചത്. 'ഓം ശ്രീ ഗണപതായേ നമഃ. 1999 മേടം അഞ്ച്, വ്യാഴാഴ്ച (2024 ഏപ്രില്‍ 18) സന്ധ്യയ്ക്ക് 5.59 നും 6.1 നും മദ്ധ്യേ മകം നക്ഷത്രം ചിങ്ങം രാശിയില്‍ മുഹൂര്‍ത്തം' എന്ന് കുറിച്ച ഓലയുടെ ചിത്രത്തിനൊപ്പമാണ് താരദമ്പതികളുടെ പോസ്റ്റ്. 'ഈ മുഹൂര്‍ത്തം മറക്കല്ലേ' എന്നാണ് രണ്ട് പേരുടെയും ക്യാപ്ഷന്‍. സ്റ്റേ ട്യൂണ്‍ഡ് എന്ന് ഹാഷ് ടാഗും കൊടുത്തിട്ടുണ്ട്.
ഇത്തരത്തിലൊരു പോസ്റ്ററായതിനാല്‍, 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട സര്‍പ്രൈസ് പ്രഖ്യാപനം ഇന്ന് ഉണ്ടാകാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചിത്രത്തിന്റെ ടീസറാകാം ഇന്നെത്തുന്നതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫ്, നിഖില വിമല്‍, അനശ്വര രാജന്‍ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ ദാസ് ആണ്. മുകേഷ് ആ മേത്തയ്ക്കും സിവി സാരഥിയ്ക്കും ഒപ്പം പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയയും ചേര്‍ന്നാണ് സിനിമ നിര്‍മിയ്ക്കുന്നത്. മെയ് 17 ന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് വിവരം.