ഹിറ്റായ മാളികപ്പുറത്തിന് ശേഷം 'ജയ് ഗണേഷ്' എന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. രഞ്ജിത്ത് ശങ്കര്‍ സംവിധാനം നിര്‍വഹിക്കുന്ന 'ജയ് ഗണേഷ്' ഉണ്ണിമുകുന്ദന്‍ ഫിലിംസിന്റെ മൂന്നാമത് ചിത്രമാണ്. രഞ്ജിത്ത് ശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീം ആന്‍ഡ് ബിയോന്‍ഡ് ഫിലിംസും ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഉണ്ണി മുകുന്ദന്‍ ഫിലിംസും ചേര്‍ന്നാണ് ജയ് ഗണേഷ് നിര്‍മ്മിക്കുന്നത്.
ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെയാണ് ഉണ്ണി മുകുന്ദന്‍ ഗണപതിയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ രഞ്ജിത്ത് ശങ്കറും ഔദ്യോഗികമായി ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പങ്കുവെച്ചു.
ജയ് ഗണേഷ് ഒരുക്കിയ ശേഷം ഞാനൊരു നടനെ തിരയുകയായിരുന്നു. മാളികപ്പുറത്തിന് ശേഷം കഴിഞ്ഞ 7 മാസമായി ഉണ്ണിമുകുന്ദന്‍ പുതിയ സിനിമയിലൊന്നും അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിരുന്നില്ല. തനിക്കിണങ്ങുന്നൊരു ശരിയായ തിരക്കഥക്കായി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ഉണ്ണി. ജയ് ഗണേഷിനെ പറ്റി ചര്‍ച്ചചെയ്തപ്പോള്‍ ഉണ്ണി അന്വേഷിച്ചിരുന്ന തിരക്കഥയും ഞാന്‍ അന്വേഷിച്ചു നടന്ന നടനെയും കണ്ടെത്തി. ഈ പ്രൊജക്ട് ഒരുമിച്ച് നിര്‍മ്മിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. ഇത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്രയായിരിക്കും. അതിലെ ഓരോ ഘട്ടവും ഞങ്ങള്‍ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- രഞ്ജിത്ത് ശങ്കര്‍ കുറിച്ചു
ഉണ്ണി മുകുന്ദന്‍ നായകനായി 'ഗന്ധര്‍വ ജൂനിയര്‍' എന്ന പുതിയ ചിത്രമാണ് അടുത്തതായി പുറത്തിറങ്ങുക. ഒരു ഗന്ധര്‍വന്റെ വരവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും രസകരമായി ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. വിഷ്ണു അരവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍.
സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നടത്തിയ ഗണപതി പരാമര്‍ശത്തിന് മറുപടിയായി കഴിഞ്ഞ ദിവസം താരം അഭിപ്രായം പറഞ്ഞിരുന്നു. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവര്‍ നാളെ കൃഷ്ണനും മറ്റന്നാള്‍ ശിവനും മിത്താണെന്ന് പറയുമെന്നും പിന്നീട് നിങ്ങള്‍ തന്നെ മിത്താണെന്ന് പറയുമെന്നുമായിരുന്നു താരത്തിന്റെ വിമര്‍ശനം. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചാണ് താരം ഇങ്ങനെ അഭിപ്രായം വ്യക്തമാക്കിയത്.