നവാഗതയായ പായല്‍ കപാഡിയ സംവിധാനം ചെയ്ത്, മലയാളികളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടക്കുന്നത്.
മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും കുടിയേറിയ രണ്ട് നഴ്‌സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂണ്‍, ലവ്ലീന്‍ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനിലെ പാം ഡി ഓര്‍ പുരസ്‌കാരത്തിന് പരിഗണിക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണ് പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്. 1994-ല്‍ ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'സ്വം' ആയിരുന്നു അവസാനമായി പാം ഡി ഓര്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ചിത്രം.
പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായല്‍ കപാഡിയയുടെ 'എ നൈറ്റ് ഓഫ് നോയിങ് നത്തിങ്' എന്ന ചിത്രം മികച്ച ഡോക്യുമെന്ററിക്കുള്ള ഗോള്‍ഡന്‍ ഐ പുരസ്‌കാരം 2021-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റുവാങ്ങിയിരുന്നു.
യോര്‍ഗോസ് ലാന്തിമോസിന്റെ 'കൈന്‍ഡ്‌സ് ഓഫ് കൈന്‍ഡ്‌നെസ്സ്', ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ 'മെഗലോപൊളിസ്', അലി അബ്ബാസിയുടെ 'അപ്രന്റിസ്' തുടങ്ങീ ചിത്രങ്ങളും ഇത്തവണ പാം ഡി ഓര്‍ മത്സരവിഭാഗത്തിലുണ്ട്.