സൗബിന് ഷാഹിര്‍ നായകനായി എത്തിയ അമ്പിളി എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവടുവച്ച താരമാണ് തന്വി റാം. ചിത്രത്തില്‍ ടീന എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് തന്വി അവതരിപ്പിച്ചത്. ആദ്യ സിനിമയില്‍ തന്നെ വളരെ വലിയ ഒരു പ്രേക്ഷക സ്വീകാര്യതയാണ് തന്വി നേടിയത്. അമ്പിളിയുടെ സ്വന്തം ടീനയായി എത്തിയ തന്വിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
അമ്പിളിക്ക് ശേഷം പിന്നീട് കപ്പേള എന്ന ചിത്രത്തിലാണ് തന്വി വേശമിടുന്നത്. ശേഷം തെലുങ്കിലേക്ക് ചേക്കേറി അന്റെ സുന്ദരനിക്കി എന്ന ചിത്രത്തിലും തന്വി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. ഈ വര്‍ഷത്തില്‍ ഇതുവരെ നാല് മലയാള സിനിമകളിലാണ് തന്വി അഭിനയിച്ചിട്ടുളളത്. ആറാട്ട്, തല്ലുമാല, കുമാരി, മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍. അതില്‍ കുമാരിയിലും മുകന്ദനുണ്ണിയിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് തന്വി കാഴ്ചവെച്ചത്.
തന്‍വിയുടെ മുകുന്ദനുണ്ണിയിലെ കഥാപാത്രമിപ്പോള്‍ കയ്യടി നേടുകയാണ്. അഭിനവ് സുന്ദര്‍ നായികിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ജ്യോതി എന്ന വക്കീലിന്റെ വേഷത്തിലാണ് തന്വി അഭിനയിച്ചത്. വിനീത് ശ്രീനിവാസന് നായകനായ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രമായി വേഷമിട്ടിട്ടുണ്ട്. അതേസമയം, അമ്പിളിക്ക് ശേഷം ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് തന്വി. എന്നാല്‍ അമ്പിളിയിലേക്ക് അവസരം ലഭിക്കുന്നതിന് മുമ്പ് രണ്ട് സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിനെക്കുറിച്ചുളള സന്ദര്‍ഭങ്ങള്‍ വിവരിക്കുകയാണ് നടി. ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഓഡീഷനുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നും മുഖത്ത് ചിരി ഉണ്ടെന്ന കാരണത്താല്‍ അതില്‍ നിന്നും ഒഴിവാക്കിയെന്നും തന്വി പറഞ്ഞു.
ക്ലബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിച്ച തന്‍വിയുടെ വാക്കുകള്‍ ഇങ്ങനെ
.
2012 മുതല്‍ 2018 വരെ ഏകദേശം ആറ് വര്‍ഷത്തോളം ഓഡിഷന് പോയിട്ടുണ്ട്. നേരിട്ട് പോയി ആപ്ലിക്കേഷന്‍ കൊടുത്ത് പങ്കെടുത്ത ഓഡിഷന് രണ്ടാണ്. പിന്നെ അപ്പോള്‍ തൊട്ട് വരുന്ന എല്ലാ ഓഡീഷനും ഞാന്‍ എന്റെ ഫോട്ടോ അയക്കാറുണ്ട്. എനിക്ക് തോന്നുന്നു മിക്കവാറും എല്ലാ സംവിധായകരുടെയും മെയില്‍ ഐഡിയിലും എന്റെ ഫോട്ടോ ഉണ്ടാകും. ആദ്യം ഞാന്‍ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതൊക്കെ കഴിഞ്ഞ് രണ്ട് ദിവസം ഞാന്‍ അവിടെ നിന്നു. അതിനിടെ നിര്‍മാതാവ് മാറിയെന്ന് ഒക്കെ പറഞ്ഞു.
ഞാന്‍ ആണെങ്കില്‍ ബാങ്കില്‍ നിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞിട്ടാണ് അവിടെ പോയത്. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്. ആദ്യത്തെ പ്രൊഡ്യൂസര്‍ പിന്മാറിയപ്പോള് വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ തിരിച്ചു വന്നു. പിന്നെ അവര്‍ക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി. പിന്നെ വന്നൊരു ഓഡീഷനില്‍ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനയപ്പോള്‍ അവര്‍ക്ക് എന്നില്‍ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവര്‍ക്ക് വേണ്ടെന്നും പറഞ്ഞു.
അങ്ങനെ രണ്ട് സിനിമയും നഷ്ടപ്പെട്ടു. രണ്ടു സിനിമയും പിന്നീട് വേറെ ആളിനെ വെച്ച് ചെയ്ത് റിലീസ് ചെയ്തു. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല. പക്ഷേ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം കുറച്ച് വെയ്റ്റ് ചെയ്തിട്ടാണെങ്കിലും അമ്പിളി എന്ന നല്ല സിനിമയിലൂടെ എനിക്ക് ഒരു സ്റ്റാര്‍ട്ടിങ് കിട്ടിയത്. പക്ഷേ ഇതൊന്നും എന്നെ അത്ര വിഷമിപ്പിച്ചിട്ടില്ല. പിന്നെ ആള്‍ക്കാരോട് പറഞ്ഞിട്ട് വന്നതായത് കൊണ്ട് അവരോട് എന്ത് പറയും എന്ന ചമ്മല് മാത്രമേ ഉണ്ടായിരുന്നുള്ളു. വിഷമം എന്നൊന്നും പറയാന്‍ ഉണ്ടായില്ല,' തന്വി പറഞ്ഞു.