പദ്മരാജന്റെ 'കൂടെവിടെ' എന്ന ചിത്രത്തില്‍ ആലിസ് ആയി വന്നു മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സുഹാസിനി മണിരത്‌നം . പിന്നീട് എണ്ണിയാല്‍ തീരാത്ത നിരവധി അനവധി പ്രിയപ്പെട്ട കഥാപാത്രങ്ങളിലൂടെ നിറഞ്ഞു നിന്ന നടി. എന്നാല്‍ ഇപ്പോള്‍ മലയാളം സിനിമ ഇന്‍ഡസ്ട്രി സുരക്ഷിതമല്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുഹാസിനി.
ഗോവയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തിയ ആദ്യ പാനല്‍ ചര്‍ച്ചയിലാണ് സുഹാസിനി ഈ കാര്യം തുറന്നു പറഞ്ഞത്. സ്ത്രീ സുരക്ഷയും സിനിമയും എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച നടന്നത്. സിനിമ നടനും നിര്‍മ്മാതാവുമായ വാണി തൃപ്തി ടിറ്റോ ആയിരുന്നു ചര്‍ച്ചയുടെ മോഡറേറ്റര്‍. ചര്‍ച്ചക്കിടയിലാണ് മലയാളം സിനിമ ഇന്‍ഡസ്ട്രി മറ്റു ഇന്‍ഡസ്ട്രികളെ വെച്ച് നോക്കുമ്പോള്‍ സുരക്ഷിതമല്ലായെന്നു സുഹാസിനി പറഞ്ഞത്.
'മലയാള സിനിമകള്‍ ഭൂരിഭാഗവും ലൊക്കേഷനില്‍ ചിത്രീകരിക്കുന്നതിനാല്‍ ആളുകള്‍ കൂടുതലും വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. മറ്റ് വ്യവസായങ്ങളും സിനിമാ വ്യവസായവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് സുഹാസിനി പറയുന്നു. മറ്റ് വ്യവസായങ്ങളില്‍, ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുന്നു. എന്നാല്‍ സിനിമകളില്‍ സംഭവിക്കുന്നത്, ഏകദേശം 200-300 ആളുകള്‍ ഒരു സ്ഥലത്തേക്ക് മാറുകയും തുടര്‍ന്ന് അവിടെ ഒരു കുടുംബമായി ജീവിക്കുകയും ജോലി ചെയുകയും ചെയ്യുന്നു. ചിലപ്പോള്‍, മനസ്സോടെയോ ഇഷ്ടപ്പെടാതെയോ അതിരു കടന്നുപോകുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട് . അവിടെ അവസരം മുതലെടുക്കുന്ന ചില ആളുകള്‍ ഉണ്ടാകും. സിനിമ ഇന്‍ഡസ്ട്രി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാര്‍ വ്യവസായത്തിലുണ്ട്, അതുകൊണ്ട് അവരെ മുതലെടുത്തേക്കാം' എന്നും സുഹാസിനി പറയുന്നു.
ആളുകള്‍ അതിരു കടക്കുന്ന'' സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് തന്റെ ഭര്‍ത്താവവും സംവിധായകനുമായ മണിരത്നത്തോട് ചോദിച്ചപ്പോള്‍, അത്തരം ആളുകളെ പുറത്താക്കിയ സംഭവങ്ങള്‍ ആണ് മറുപടിയായി അദ്ദേഹം തനിക്കു നല്‍കിയതെന്നും സുഹാസിനി പറയുന്നു. മിക്ക തമിഴ് സിനിമകളും ചെന്നൈയിലും, കന്നഡ സിനിമകള്‍ ബെംഗളൂരുവിലും തെലുങ്ക് സിനിമകള്‍ ഹൈദരാബാദിലും, ഹിന്ദി സിനിമകള്‍ മുംബൈയിലുമാണ് ചിത്രീകരിക്കുന്നതെന്ന് സുഹാസിനി സൂചിപ്പിച്ചു. അതേസമയം മലയാളം സിനിമകള്‍ ഷൂട്ട് ചെയ്യുന്നത് ഒരു പ്രത്യേക സ്ഥലത്തല്ല.
അതിനാല്‍ ജോലിക്കാര്‍ക്ക് നാട്ടിലേക്ക് പോകാനും കഴിയില്ല. കൂടുതല്‍ നേരം ഔട്ട്ഡോര്‍ ഷൂട്ടുകളില്‍ കഴിയേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും അതിരു കടന്നുള്ള പ്രേശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നും ചര്‍ച്ചയില്‍ സുഹാസിനി വ്യക്തമാക്കി. സുഹാസിനിയെ കൂടാതെ, സംവിധായകാന്‍ ഇംതിയാസ് അലി , ഖുശ്ബു സുന്ദര്‍, ഭൂമി പഠനേക്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.