ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടി ശ്വേത മേനോന്‍. സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നും തനിക്കും അനധികൃത വിലക്ക് ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. ഇതുമൂലം കരാര്‍ ഒപ്പിട്ട ഒന്‍പത് സിനിമകള്‍ നഷ്ടമായതായും താരം ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
'റിപ്പോര്‍ട്ട് വന്നതില്‍ വളരെ സന്തോഷമുണ്ട്. കുറച്ച് ലേറ്റ് ആയെന്നാണ് ഞാന്‍ പറയുന്നത്. സ്ത്രീകള്‍ക്ക് അതിന്റേതായ പ്രശ്‌നങ്ങളുണ്ടെന്ന് കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്ന കാര്യമാണ്. ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നില്‍ക്കാന്‍ പോണില്ല. സ്ത്രീകള്‍ തന്നെയാണ് സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ പുറത്തും വരുന്നില്ല. ആണുങ്ങളെല്ലാം പിന്നെയാണ്. സ്ത്രീകള്‍ തന്നെ സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്താല്‍ കുറേപ്പേര്‍ പുറത്തുവരും. ഇപ്പോള്‍ കുറച്ചുപേര്‍ പുറത്തുവരുന്നത് നല്ലൊരു മാറ്റമാണ്.
ഒരു പത്ത് പന്ത്രണ്ട് കേസ് ഞാന്‍ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഞാന്‍ എപ്പോഴും പ്രതികരിക്കുന്ന ആളായതുകൊണ്ട് എനിക്കിതൊന്ന് പുതുമയായി തോന്നുന്നില്ല. നോ പറയേണ്ട സമയത്ത് നോ പറയണം എന്നു വിശ്വസിക്കുന്ന ആളാണ്. നോ പറയാത്തതിന്റെ പ്രശ്‌നമാണ്. പിന്നെ എല്ലാവരുടെയും സാഹചര്യമൊന്നും അറിയില്ല.
എനിക്ക് എന്നെപ്പറ്റി മാത്രമേ പറയാന്‍ പറ്റുള്ളൂ. പ്രതിഫലം സമയത്ത് കിട്ടാത്തതുള്‍പ്പടെ സ്ത്രീകളുടെ നിരവധി പ്രശ്‌നങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ ബോളിവുഡില്‍ കുറേക്കാര്യങ്ങള്‍ കണ്ടതുകൊണ്ട്, ഇവിടെ ഞാന്‍ ചോദിച്ചു. എനിക്ക് കിട്ടി.
കാസ്റ്റിംഗ് കൗച്ച് ഒന്നും ഞാന്‍ അനുഭവിച്ചിട്ടില്ല. ഞാന്‍ അമ്മയുടെ വൈസ് പ്രസിഡന്റായിരുന്ന സമയത്ത് ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വരണമെന്ന് പറയാറുണ്ട്. പക്ഷേ ആരും വരാറില്ല. സിനിമ കിട്ടാതെ പോകാറുണ്ട്.
അനധികൃതമായ വിലക്ക് എനിക്കും ഉണ്ടായിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഒന്‍പത് കരാറുകള്‍ ഒപ്പിട്ടു, പക്ഷേ സിനിമകളൊന്നും നടന്നില്ല. എനിക്ക് വരാനുള്ള കാര്യം വരുമെന്ന് കരുതുന്നു. പവര്‍ ഗ്രൂപ്പുണ്ട്. അതില്‍ ആണുങ്ങള്‍ മാത്രമല്ലല്ലോ, പെണ്ണുങ്ങളുമുണ്ടാകും.