Latest News

പല വാക്കുകളും തമാശയായി പറഞ്ഞതാണ്; എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടന്റെ ഏറ്റുപറച്ചില്‍ സൂത്രവാക്യം സിനിമയുടെ പ്രമോഷനിടെ; പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്ന് ഇരുവരും 

Malayalilife
പല വാക്കുകളും തമാശയായി പറഞ്ഞതാണ്; എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു; നടി വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ; നടന്റെ ഏറ്റുപറച്ചില്‍ സൂത്രവാക്യം സിനിമയുടെ പ്രമോഷനിടെ; പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്ന് ഇരുവരും 

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് പരാതി നല്‍കിയ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വിന്‍സി അലോഷ്യസിന്റെ പരാതി. ഈ പരാതി സിനിമ മേഖലയില്‍ വന്‍ വിവാദമായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതേ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് വിന്‍സി അലോഷ്യസിനോട് ഷൈന്‍ ടോം ചാക്കോ പരസ്യമായി മാപ്പ് പറഞ്ഞത്. 

വിവാദങ്ങള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഷൈന്‍ പറഞ്ഞു. ഒന്നും മനപ്പൂര്‍വ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അഞ്ച് പേര്‍ അഞ്ച് വ്യത്യസ്ത രീതിയിലാണ് എടുക്കുക. വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും ഷൈന്‍ വിന്‍സിയോട് പറഞ്ഞു. താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമെന്നും വിന്‍സി വ്യക്തമാക്കി. വിവാദങ്ങള്‍ക്കെല്ലാം ശേഷം സൂത്രവാക്യം എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ആദ്യമായി ഒരുമിച്ച് ഒരേ വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. 

വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. നമ്മള്‍ ഓരോ നിമിഷവും ആളുകളെ രസിപ്പിക്കുവാന്‍ ഉദ്ദേശിച്ച് തമാശ രീതിയില്‍ പറയുന്ന കാര്യങ്ങള്‍ ഒരുപക്ഷേ മറ്റുള്ളവരെ വിഷമിപ്പിച്ചേക്കാം. എല്ലാവരും ഒരുപോലെയല്ല. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസ്സിലായിരുന്നില്ല', ഷൈന്‍ വിന്‍സിയോട് പറഞ്ഞു. വലിയ വിവാദമായി മാറിയ വിഷയമായിരുന്നു ഇതെന്നായിരുന്നു വിന്‍സിയുടെ മറുപടി. 'കാര്യങ്ങളെല്ലാം ഷൈന്‍ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോള്‍ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെര്‍ഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനില്‍ക്കും', വിന്‍സി മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, തന്റെ കുടുംബത്തിന് ഇക്കാര്യം മനസ്സിലാകുമെന്നും അവര്‍ക്കും പെണ്‍മക്കള്‍ ഉള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി. 

പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി. നേരത്തെ ഫിലിം ചേമ്പറിനും ഇന്റേണല്‍ കമ്മിറ്റിക്കുമാണ് (ഐസി) വിന്‍സി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി വിന്‍സി, ഐസി യോഗത്തില്‍ പ്രകടിപ്പിച്ചിരുന്നു. പോലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍സി നേരത്തേ പറഞ്ഞിരുന്നു. വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് അന്ന് വിന്‍സി മടങ്ങിയത്.

shine tom chacko apologizes TO Vincy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES