പ്രേമലു സിനിമയിലെ അമല്‍ ഡേവിസ് ആയി എത്തി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടനാണ് സംഗീത് പ്രതാപ്. മാത്രമല്ല ഇത്തവണത്തെ എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചതും ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ് കര്‍മം നിര്‍വ്വഹിച്ച സംഗീത് പ്രതാപിന് ആണ്. കഴിഞ്ഞ മാസം 27നാണ് ബ്രൊമാന്‍സ് സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിന് സംഗീതിന്അപകടം സംഭവിച്ച വാര്‍ത്ത പുറത്ത് വന്നിരുന്നു.
കൊച്ചി എംജി റോഡില്‍ വച്ച് ഷൂട്ടിനായി ഓടിപ്പിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. കാര്‍ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവര്‍ ആയിരുന്നു. ഡ്രൈവര്‍ക്കൊപ്പം മുന്‍ സീറ്റില്‍ അര്‍ജുന്‍ അശോകും പിന്നില്‍ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാര്‍ അപകടത്തില്‍ പെടുന്നത്. നടന്‍മാര്‍ സഞ്ചരിച്ച കാര്‍ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. ഇപ്പോളിതാ അപകടത്തെക്കുറിച്ച് നടന്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.അപകടത്തില്‍ കഴുത്തിന് പരിക്കേറ്റ സംഗീത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസം നീണ്ട വിശ്രമത്തിനു ശേഷം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങാനായതിന്റെ സന്തോഷം പങ്കിടുകയാണ് സംഗീത്.
'ഹോസ്പിറ്റല്‍ ഡയറി 27/7/24 - 27/8/24' എന്ന പേരില്‍ നീണ്ടൊരു കുറിപ്പു തന്നെ സംഗീത് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ു.
കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടത്തില്‍ എന്റെ ജീവിതം തലകീഴായി മറിഞ്ഞു. എനിക്ക് ഒന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്‌സ് പറഞ്ഞപ്പോള്‍ ടെന്‍ഷന്‍ തുടങ്ങി. അന്നുമുതല്‍, ഞാന്‍ പല വികാരങ്ങളിലൂടെ കടന്നുപോയി, ചിലപ്പോള്‍ വളരെ സങ്കടം, വിഷാദം, ഭയം... എന്നാല്‍ മറ്റുചിലപ്പോള്‍ ഇരുന്ന് ചിന്തിക്കാനുള്ള രണ്ടാമത്തെ അവസരമായി എനിക്ക് തോന്നി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാല്‍ പ്ലാനിംഗുകള്‍ പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി, ഭാവിയെക്കുറിച്ചുള്ള എന്റെ സംശയങ്ങള്‍ക്ക് എനിക്ക് നിരവധി ഉത്തരങ്ങള്‍ ലഭിച്ചു. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്.
എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്, അവള്‍ അവളുടെ കുഞ്ഞിനെയെന്നെപ്പോലെ എന്നെ പരിപാലിച്ചു, എനിക്ക് അവളെ എത്രമാത്രം സ്‌നേഹിക്കാന്‍ കഴിയുമെന്നും അവള്‍ അത് അര്‍ഹിക്കുന്നുവെന്നും ഞാന്‍ മനസ്സിലാക്കി. എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു.
നാളെ ഞാന്‍ എന്റെ പ്രിയപ്പെട്ട സ്ഥലമായ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. ഞാന്‍ ഇപ്പോഴും അല്‍പ്പം അസ്വസ്ഥനാണ്, പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം; മേഘങ്ങള്‍ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയില്‍ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകള്‍ മുന്നോട്ട് പോകാനുണ്ട്,' സംഗീത് കുറിച്ചു.