ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ സാന്ദ്രാ തോമസ് നിയമനടപടിക്ക്.. തന്നെ പുറത്താക്കിയ നടപടി ചട്ടവിരുദ്ധമാണെന്ന് ചചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് എറണാകുളം സബ് കോടതിയെ സമീപിച്ചു.
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനത്തിനെതിരെ ഫിലിം ചേംമ്പറിനും കത്ത് നല്‍കും. നീക്കം മുന്നില്‍ കണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും നിയമ നടപടികള്‍ തുടങ്ങി.
മലയാള സിനിമയിലെ നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ആന്റോ ജോസഫ് അടക്കം പത്ത് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ എടുത്തത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ നിന്ന് സാന്ദ്രയെ പുറത്താക്കിയത്.
ആന്റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കന്‍മാരായി വാഴിക്കുകയാണെന്നും പുറത്താക്കപ്പെട്ട ശേഷം സാന്ദ്ര പറഞ്ഞിരുന്നു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവര്‍ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തിരുന്നു.
പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ബില്‍ഡിങ്ങില്‍ സിസിടിവിയുണ്ട്. അവിടെ റൂമുകളുണ്ട്. എന്തിനാണ് ഈ റൂമുകളെന്നും അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അന്വേഷിക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണം. എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ട്. താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും അവര്‍ റിപ്പോര്‍ട്ടറിലൂടെ വ്യക്തമാക്കിയിരുന്നു.
സാന്ദ്ര തോമസിനെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കിയ നടപടിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. സാന്ദ്ര തോമസിനെ പുറത്താക്കിയ സംഘടനാ നടപടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പോലെയെന്ന് ഡബ്യു.സി.സിയുടെ വിമര്‍ശനം. ഫെയ്‌സ്ബുക്കിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.