മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് തനിക്കിപ്പോഴും ഒരു വിസ്മയമാണെന്ന് തുറന്ന് പറഞ്ഞ് തമിഴ് നടന്‍ വിജയ്. മോഹന്‍ലാല്‍ സാര്‍ ജില്ല എന്ന സിനിമയെക്കുറിച്ച് ചര്‍ച്ച നടന്നപ്പോള്‍ താന്‍ ആദ്യം മുന്നോട്ടുവച്ച കാര്യം ശിവയുടെ വേഷം അഭിനയിക്കുകയാണെങ്കില്‍ ഈ സിനിമയില്‍ താന്‍ അഭിനയിക്കാം എന്നായിരുന്നു എന്ന് ഒരു മാധ്യമത്തിന് അനൽകിയ അഭിമുഖത്തിൽ വിജയ് തുറന്ന് പറയുന്നു.
ശരിക്കും ലാല്‍ സാറിന്റെ ഫാനാണ് ഞാന്‍. 'ജില്ല'യില്‍ സാര്‍ വേഷമിട്ടത് ഞാന്‍ അവതരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ പിതൃസ്ഥാനീയനായ ശിവ എന്ന കഥാപാത്രത്തെയാണ്. മറ്റൊരപൂര്‍വ്വതകൂടി 'ജില്ല'യിലുണ്ടായിരുന്നു. ലാല്‍സാറിന്റെ ഭാര്യയായി പൂര്‍ണ്ണിമ ഭാഗ്യരാജ് ആണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. സാറിന്റെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ നായികയായ അവര്‍ ഇരുപത്തിയൊമ്ബത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും തന്റെ ഭാര്യയായി ക്യാമറയ്ക്കു മുന്നില്‍ എത്തുന്നതെന്ന് സാര്‍ എന്നോടു പറഞ്ഞിരുന്നു.
തമിഴിലെ മുന്‍നിര സംവിധായകനായ ജയം രാജയുടെ അസിസ്റ്റന്റായിരുന്ന നേശന്‍ സ്വതന്ത്രസംവിധായകനായി എത്തിയ ആദ്യചിത്രമായിരുന്നു ജില്ല. ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്തപ്പോള്‍ ഞാന്‍ ആദ്യം മുന്നോട്ടുവച്ച കാര്യം മോഹന്‍ലാല്‍ സാര്‍ ശിവയുടെ വേഷം അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാം എന്നായിരുന്നു. സാറിനൊപ്പം അഭിനയിക്കുക എന്നത് എന്റെ ജിവിതത്തിലെ വലിയൊരു മോഹം കൂടിയായിരുന്നു. അത് ജില്ല സഫലമാക്കിത്തന്നു.
മധുരയിലും കാരൈക്കുടിയിലും ചിത്രീകരണം കഴിഞ്ഞ് 'ജില്ല' ചെന്നൈയിലെത്തിയപ്പോഴാണ് എന്റെയും ലാല്‍സാറിന്റെയും കോമ്ബിനേഷന്‍ സീനുകള്‍ക്ക് തുടക്കമായത്. ഒരുകോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ച വടപളനിയിലെ കൊട്ടാരസദൃശമായ ഒരു സെറ്റിലാണ് 'ജില്ല'യുടെ വലിയൊരു ഭാഗവും ചിത്രീകരിച്ചത്. ഞാന്‍ ഉള്‍പ്പെടെയുള്ള നടീ നടന്മാരും സംവിധായകനും സാങ്കേതിക പ്രവര്‍ത്തകരും ലാല്‍സാറിന്റെ പെര്‍ഫോര്‍മന്‍സ് കണ്ട് വിസ്മയിച്ച് നില്ക്കുകയായിരുന്നു. സാറിന്റെ അഭിനയത്തിന്റെ ആ മാജിക്കില്‍ സംവിധായന്‍ നേശന്‍ പലപ്പോഴും കട്ട് പറയാന്‍ മറന്നുപോയിരുന്നു.
''ഇങ്ങനെയൊരു ആര്‍ട്ടിസ്റ്റിനെ ഞാന്‍ കണ്ടിട്ടില്ല. എത്ര പെട്ടെന്നാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്. കട്ട് പറഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹം വീണ്ടും ലാല്‍ സാറായി. ഞാന്‍ ശരിക്കും ഭാഗ്യവാനാണ്. ലാല്‍സാറിനെ വച്ച് ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍.'' ഷൂട്ടിംഗിന്റെ ഇടവേളകളില്‍ നേശന്‍ എന്നോടു പറഞ്ഞു.
എം.ജി.ആറിന്റെ ജീവിതം 'ഇരുവര്‍' എന്ന മണിരത്‌നം ചിത്രത്തിലൂടെ അവതരിപ്പിച്ച് തമിഴകത്തെ അമ്ബരപ്പിച്ച ലാല്‍ സാര്‍ വര്‍ഷങ്ങള്‍ക്കുശേഷം കമല്‍ഹാസനൊപ്പമുള്ള 'ഉന്നൈപ്പോല്‍ ഒരുവനി'ല്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ വീണ്ടും തമിഴ് സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി. ഈ രണ്ടു ചിത്രങ്ങളും ഞാന്‍ കണ്ട് താന്‍ വിസ്മയിച്ചു പോയിട്ടുണ്ടെന്നും വിജയ് വ്യക്തമാക്കി