നിവിന്‍ പോളിയുടെ ബിഗ്ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ പേരിലുള്ള ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം വര്‍ധിച്ചിരിക്കുകയാണ്. നല്ലവനായ കള്ളനെ പ്രതിഷ്ഠയാക്കി ആരാധിച്ച് നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ കാരംവേലിക്ക് സമീപമുള്ള ഇടപ്പാറ മല.വിശ്വാസത്തിന്റെ മാത്രമല്ല, ഐതിഹ്യത്തിന്റെയും പിന്‍ബലമുണ്ട് കൊച്ചുണ്ണി ക്ഷേത്രത്തിന്. കായംകുളം കൊച്ചുണ്ണി സിനിമയിലും ക്ഷേത്രത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇതാണ് ഇവിടെ ഭക്തജന തിരക്കേറാന്‍ കാരണമായിരിക്കുന്നത്. വെറും കൊള്ളക്കാരനായി മാത്രം പരാമര്‍ശിക്കപ്പെട്ടിരുന്ന കൊച്ചുണ്ണിയുടെ യഥാര്‍ഥ മുഖം സിനിമയിലൂടെ വെളിപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ പേരില്‍ ഉള്ള ഏക ക്ഷേത്രത്തിലേയ്ക്ക് വിശ്വാസികള്‍ നേര്‍ച്ച കാഴ്ചകളുമായി എത്തുന്നത്.ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും പിന്‍ബലമുള്ള കായംകുളം കൊച്ചുണ്ണിയെ ഇടപ്പാറ മലയിലെ ഊരാളി മലയ്ക്ക് കാവലായാണ് പ്രതിഷ്ഠിച്ചതെന്ന് പഴമക്കാര്‍ പറയുന്നു.
തിരുവിതാംകൂര്‍ രാജവംശത്തിന്റെ കാര്‍മികനായിരുന്ന ഇടപ്പാറ മല ഊരാളി അവിടെ നിന്നുള്ള യാത്രയ്ക്കിടയില്‍ കായംകുളത്തു രാത്രി തങ്ങിയെന്നും അപ്പോള്‍ അത് വഴി അലയുന്ന കൊച്ചുണ്ണിയുടെ ആത്മാവിനെകണ്ടുമുട്ടിയെന്നുമാണ് കഥ. ഇവര്‍ തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ഇടപ്പാറ മലക്ക് കാവലാളായാല്‍ അര്‍ഹമായ സ്ഥാനം നല്‍കാമെന്ന് ഊരാളി ഉറപ്പ് നല്‍കി. ഇതോടെ കൊച്ചുണ്ണി കായംകുളം വിട്ട് ഊരാളിക്ക് ഒപ്പം ഇടപ്പാറയിലേക്ക് തിരിച്ചു. വാഗ്ദാനം പാലിച്ച ഊരാളി മുഖ്യക്ഷേത്രത്തിന് സമീപം ഉപദേവാലയം നിര്‍മ്മിച്ച് ഇരിപ്പിടം നല്‍കി.മലനടയില്‍ എത്തുന്നവര്‍ കൊച്ചുണ്ണിയുടെ ക്ഷേത്രത്തിലും വഴിപാടുകള്‍ നല്‍കി പ്രാര്‍ത്ഥിച്ചു തുടങ്ങി. ആദ്യ കാലങ്ങളില്‍ മദ്യവും മുറുക്കാനും ഒക്കെ ആയിരുന്നു വഴിപാടുകള്‍. ഇപ്പോള്‍ പുകയിലയും മുറുക്കാനും ഉടയാടയും മറ്റുമാണ് പ്രധാനം.
കൊച്ചുണ്ണി നടയില്‍ പ്രാര്‍ത്ഥിച്ചാല്‍ കാര്യസാധ്യമെന്ന് വിശ്വാസം.മോഷണം പോയ വസ്തുക്കള്‍ക്ക് വേണ്ടി നേര്‍ച്ച നേരാന്‍ പലരും ഇവിടെ എത്തി. അതില്‍ ചിലതൊക്കെ തിരിച്ചു കിട്ടിയതോടെ കൊച്ചുണ്ണിയുടെ ദിവ്യത്വം നാടെങ്ങും പരന്നു. മോഷണമുതല്‍ തിരിച്ചു കിട്ടിയവര്‍ അത് നാടെങ്ങും പറഞ്ഞു പരത്തി. ഇല്ലാത്തവര്‍ മിണ്ടാതിരുന്നു. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് വിശ്വാസികള്‍ എത്തി തുടങ്ങി.സിനിമ ഷൂട്ടിങിന് തുടക്കം കുറിച്ചതും മലനടയിലാണ്. സിനിമാ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ ഇടപ്പാറ മലയ്ക്കും കായംകുളം കൊച്ചുണ്ണി ക്ഷേത്രത്തിനും പ്രാമുഖ്യം ഏറുകയാണ്. മോഷണത്തിന് ഇരയായവര്‍ മാത്രമല്ല, മോഷ്ടാക്കളും ഇവിടെ എത്തി നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാറുണ്ടെന്ന് പറയുന്നു.