അപടത്തില്‍ പരുക്കേറ്റ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്തു. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നു ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം ലക്ഷ്മി കഴിച്ചു തുടങ്ങിയതായും ഡോ. മാര്‍ത്താണ്ഡന്‍പിള്ള അറിയിച്ചു.
വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരുമെന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായ സ്ഥിതിക്ക് ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയിലും മികച്ച പുരോഗതിയുണ്ട്.
അതേസമയം ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരക്കുന്നുണ്ട്. അവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കിയിരിക്കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.
കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മകളുടെ ദീര്‍ഘായുസിനുള്ള വഴിപാടുകള്‍ നേര്‍ന്ന് മടങ്ങിയ കുടുംബത്തിന്റെ അപകടം സെപ്റ്റംബര്‍ 25 ലെ പുലരിയിലാണ് ഉണ്ടായത്.
ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിക്കും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിക്കും അറിയില്ല. തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവര്‍ക്കും അറിയാം. ബാലു ഓര്‍മ്മയിലേക്ക് മായുമ്പോള്‍ ലക്ഷ്മിയെ ഓര്‍ത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും.