കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടൻ മണികണ്ഠന്‍ ആചാരി വിവാഹിതനായി. കൊറോണ വ്യാപനത്തെ തുടർന്ന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങിൽ ഏറെ ആളുകള്‍ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയേയാണ് താരം ജീവിത സഖിയാക്കിയിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം ആറ് മാസങ്ങൾക്ക് മുന്നേ ആയിരുന്നു നടന്നിരുന്നത്. എന്നാൽ ഇപ്പോൾ വിവാഹത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മണികണ്ഠനും അഞ്ജലിയും തുറന്ന് പറഞ്ഞിരിക്കുകയാണ്.
മണികണ്ഠന്റെ വാക്കുകള്‍
ഏപ്രില്‍ 26ന് എന്റെ നാടായ തൃപ്പൂണിത്തുറയില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ താലികെട്ട്. കളിക്കോട്ട പാലസില്‍ സദ്യ. വൈകുന്നേരം ഐഎംഎ ഹാളില്‍ റിസപ്ഷന്‍ എന്നിവയാണ് പ്ലാന്‍ ചെയ്തത്. ആറു മാസം മുന്‍പ് എന്റെ വീട്ടില്‍ വച്ചായിരുന്നു നിശ്ചയം. അപ്പോള്‍ മുതല്‍ ക്ഷണം തുടങ്ങി. ചെന്നൈയില്‍ പോയി വിജയ് സേതുപതി, സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ്, രജനി സാര്‍ ഇവരെയൊക്കെ വിളിച്ചു. ഇവിടെ ലാലേട്ടന്‍, മമ്മൂക്ക, തുടങ്ങി എല്ലാവരെയും. വിവാഹ വസ്ത്രം മാത്രമേ എടുക്കാന്‍ ബാക്കി ഉണ്ടായിരുന്നുള്ളു. അവിടെ വച്ചു എല്ലാം ലോക്ക് ആയി.
ലോകം മുഴുവന്‍ രോഗഭീതിയില്‍ ആകുമ്പോള്‍ ആഘോഷിക്കാനായി മാത്രം കല്യാണം മാറ്റി വയ്ക്കണ്ട എന്ന് എനിക്ക് തോന്നി. ഞാന്‍ ഇത് പറഞ്ഞപ്പോള്‍ ഇവള്‍ കട്ടയ്ക്ക് കൂടെ നിന്നു. എന്റെ വീട്ടുകാരോട് ഞാനും അഞ്ജലിയുടെ വീട്ടുകാരോട് അവളും സംസാരിച്ചു. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാവുന്നത്ര ആളുകളെ പങ്കെടുപ്പിച്ചു വിവാഹം നടത്താന്‍ തീരുമാനിച്ചു. ഇരുഭാഗത്തു നിന്നും പത്തു പേര്‍ വീതം പങ്കെടുക്കാം എന്നു ധാരണയായി. അഞ്ജലിയുടെ വീട് മരട് ആണ്. മരടിലെയും തൃപ്പൂണിത്തുറയിലെയും പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് അനുവാദം വാങ്ങി.
മുണ്ടും ഷര്‍ട്ടും രാജീവേട്ടന്റെ കസിനും സെക്കന്‍ഡ് ഷോയുടെ ക്യാമറാമാനുമായ പപ്പു ചേട്ടന്‍ ആണ് എടുത്തു തന്നത്. ഞങ്ങള്‍ രണ്ടുപേര്‍ക്കും മേക്കപ്പ് ചെയ്തു തന്നത് റോണക്‌സ് എന്ന സുഹൃത്താണ്. വിഡിയോയും സ്റ്റില്ലും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും മാധ്യമങ്ങള്‍ അത് സാധ്യമാക്കി തന്നു. അമ്മ സംഘടന സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ പോസ്റ്റ് ചെയ്തിരുന്നു. മ മ്മുക്ക, ലാലേട്ടന്‍, ചാക്കോച്ചന്‍, ജയസൂര്യ, ദുല്‍ഖര്‍ തുടങ്ങി ഒട്ടുമിക്ക സഹപ്രവര്‍ത്തകരും ആശംസകള്‍ അറിയിച്ചിരുന്നു. കല്യാണം കൂടാന്‍ മോഹിച്ച, കൂടെ വേണം എന്ന് ഞാന്‍ ആ ഗ്രഹിച്ച പലര്‍ക്കും അത് സാധിച്ചില്ല എന്ന ഒറ്റ കുറവേ കല്യാണത്തില്‍ ഉണ്ടായിരുന്നുള്ളൂ.