ബോളിവുഡ് യുവതാരം സുശാന്തിന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ വിഷാദരോഗത്തെപ്പറ്റി സജീവ ചർച്ചകൾ നടന്ന കൊണ്ടിരിക്കുകയാണ്. ജീവിതത്തിലും കരിയറിലും വിജയിച്ച വ്യക്തി എന്ന ലേബലിൽ സമൂഹം നോക്കിക്കണ്ടിരുന്ന താരം വിഷാദരോഗി ആയിരുന്നെന്ന് വിശ്വസിക്കാൻ ആരാധകർക്ക് ഇപ്പോഴും കഴിയുന്നില്ല എന്ന് ഇൻസ്റാഗ്രാമിലൂടെ ബോളിവുഡ് താരം ദീപിക പദുക്കോൺ തുറന്ന് പറയുന്നു.
'മാനസിക രോഗാവസ്ഥകളുമായി ജീവിച്ച ഒരു വ്യക്തി എന്ന നിലയിൽ മറ്റുള്ളവരുടെ സഹായം തേടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയാൻ എനിക്ക് കഴിയില്ല. സംസാരിക്കൂ... സംവദിക്കൂ.. പ്രകടിപ്പിക്കൂ.. സഹായം തേടൂ... ഓർക്കുക, നിങ്ങളൊരിക്കലും തനിച്ചല്ല. ഇക്കാര്യത്തിൽ നമ്മൾ ഒന്നിച്ചാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എല്ലായ്പ്പോഴും, എവിടെയും പ്രതീക്ഷയുണ്ട് എന്നതാണ്,' ദീപിക കുറിച്ചു.
ഇതിനു മുൻപും താൻ അതിജീവിച്ച വിഷാദരോഗത്തെക്കുറിച്ച് ദീപിക തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തിൽ ദീപിക പറഞ്ഞതിങ്ങനെ,– "2012 മുതൽ ഞാൻ വിഷാദത്തിന്റെ പിടിയിലായിരുന്നു. ഇത് എട്ടുമാസം നീണ്ടുനിന്നു. ഇതിന്റെ വേദനയും സമ്മർദ്ദവും വിട്ടുപോകാൻ ബുദ്ധിമുട്ടാണ്. പെട്ടെന്നൊരു ദിവസം ചെവിവേദനയും എന്തൊക്കെയോ അസ്വസ്ഥതകളുമായാണ് വിഷാദം എന്നിലേക്കെത്തിയത്. വിഷാദരോഗത്തെക്കുറിച്ച് വിശദീകരിക്കുവാൻ സാധിക്കില്ല. അത്രയും മാനസിക അസ്വസ്ഥതകളിലൂടെയാകും കടന്നുപോകുക. ജീവിക്കുന്നത് എന്തിനു വേണ്ടിയെന്നും ചിന്തിക്കും, ഒന്നിലും സന്തോഷം കണ്ടെത്താൻ സാധിക്കില്ല.
''പല്ലു തേയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യാൻവരെ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനെല്ലാം ഒരുപാട് ഊർജം ആവശ്യമാണെന്നു തോന്നും. ഓരോ ദിവസവും ഉണരാൻ പോലും ഞാൻ ഭയന്നു, കാരണം ആ ദിവസത്തെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു തന്നെ. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കൂട്ടത്തിൽ നിൽക്കാൻ ഭയമായിരുന്നു.''
‘ജീവിതത്തില്‍ ഒരിക്കലും തനിക്ക് മാനസികമായ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. പിന്തുണയ്ക്കുന്ന മാതാപിതാക്കളും നല്ലൊരു കരിയറും സ്നേഹബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ദിവസം ഒട്ടും പ്രതീക്ഷിക്കാതെ ജീവിതം കൈവിടുന്ന അവസ്ഥ ഉണ്ടായി. അന്ന് താന്‍ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. ഒരുദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ തോന്നാത്ത അവസ്ഥ ഉണ്ടായി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തലചുറ്റി വീണു. ഭാഗ്യത്തിന് വീട്ടിലെ സഹായി ഉണ്ടായിരുന്നത് കൊണ്ട് അവര്‍ പരിപാലിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ രക്തസമ്മര്‍ദം കൂടിയതാകാം എന്നു പറഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. വിശപ്പ് ഇല്ലാതായി, ഇടയ്ക്കിടെ പാനിക് അറ്റാക്ക് ഉണ്ടായി ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായി.'
ഒരിക്കല്‍ തന്നെ കാണാന്‍ മാതാപിതാക്കള്‍ മുംബൈയില്‍ വന്നു. അവര്‍ തിരികെ പോകാന്‍ നേരം കരച്ചില്‍ നിയന്ത്രണം വിട്ട പോലെയായി. അവരുടെ നിര്‍ദേശപ്രകാരം ഡോക്ടറെ കണ്ടപ്പോഴാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്നു സ്ഥിരീകരിച്ചതെന്നു ദീപിക പറയുന്നു. കൗൺസിലിങ്, മരുന്നുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. വിഷാദരോഗം ഉണ്ടെന്നു ലോകത്തോടെ തുറന്നു പറഞ്ഞപ്പോള്‍തന്നെ അത് വലിയ സന്തോഷം നല്‍കി.
ഇന്ത്യയിൽ വിഷാദരോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരും സഹായം തേടുന്നില്ലെന്നും ദീപിക പറയുന്നു. ''വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രഫഷനൽ സഹായമാണ്. വിഷാദം ഒരു രോഗമാണെന്നു തിരിച്ചറിയുകയും അതു തുറന്നു പറയാൻ ധൈര്യം കാണിക്കുകയും ചെയ്താൽത്തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കിതു പറയാനാകും. ഇതൊരു രോഗാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു ചികിത്സ തേടണം.'' ദീപിക കൂട്ടിച്ചേർത്തു.
ഇന്ന് വിഷാദരോഗത്തെ ദീപിക അതിജീവിച്ചു കഴിഞ്ഞു. വിഷാദരോഗം അനുഭവിക്കുന്നവർക്കു പിന്തുണ നൽകാൻ ‘ലീവ്, ലവ്, ലാഫ്’ എന്ന പേരിൽ ഒരു ഫൗണ്ടേഷന്‍ ദീപിക തുടങ്ങിയിട്ടുണ്ട്.