മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ചെമ്പൻ വിനോദ്. ലോക്ഡൗണിനിടെയായിരുന്നു ചെമ്പന്‍ വിനോദ് രണ്ടാമതും വിഹാഹിതനാകുന്നത്. എന്നാൽ ഈ വിവാഹത്തോടെ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ താരം തന്റെ കരിയറിലും സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്.
മറിയം സൈക്കോളജിസ്റ്റും സുംബ ഡാന്‍സ് ട്രെയിനറുമാണ്. ലോക്ഡൗണ്‍ ചട്ടങ്ങളെ മാനിച്ചായിരുന്നു വിവാഹം. ജീവിതം വളരെ ഹാപ്പിയായി പോകുന്നു. സിനിമയില്‍ കേന്ദ്രകഥാപാത്രം മാത്രമേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ല. എന്നെ കാണാന്‍ വേണ്ടി തിയറ്ററുകളില്‍ ആളുകള്‍ ഇടിച്ച് കയറുമെന്ന വിശ്വാസം എനിക്കില്ല. കഥാപാത്രം നല്ലതാണോ അഭിനയ സാധ്യത നിറഞ്ഞതാണോ എന്നേ നോക്കാറുള്ളു. ഇതിന് മുന്‍പ് ചെയ്ത കഥാപാത്രത്തെക്കാള്‍ വ്യത്യസ്തമാണോ എന്ന് ആദ്യം നോക്കും. ടൈപ്പ് കാസ്റ്റഡ് ആവാതിരിക്കാന്‍ പരമാവധി ശ്രമിക്കും. കുറേ സിനിമകളില്‍ കള്ളനായിഅഭിനയിച്ചു. പിന്നെ അത്തരം കഥാപാത്രങ്ങള്‍ ചെയ്യാതെ ഇരുന്നു. പ്രതിപലം പിന്നീട് വരുന്ന കാര്യം മാത്രമാണ്. ഇന്ന് മലയാള സിനിമയില്‍ എന്റെ സ്ഥാനം എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാം.
ഒരു സിനിമ വിജയിച്ചെന്ന് കരുതി അടുത്തതിന് പത്ത് ലക്ഷം രൂപ കൂട്ടി വാങ്ങാറില്ല. ഞാന്‍ ഒരു ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റാണ്. ഈ സ്വഭാവത്തിന് പ്രാപ്തനാക്കിയത് ബാംഗ്ലൂരിലെ ജീവിതമാണ്. പതിനാറം വയസില്‍ ഫിസിയോ തെറാപ്പി പഠിക്കാനാണ് ബാംഗ്ലൂരില്‍ എത്തുന്നത്. പഠനം കഴിഞ്ഞ ശേഷം അവിടെ തന്നെ ജീവിച്ചു. റിയല്‍ എസ്‌റ്റേറ്റും പ്രൊഫഷണല്‍ കോളേജുകളില്‍ സീറ്റ് റെഡിയാക്കി കൊടുക്കുമ്പോള്‍ കിട്ടുന്ന കമ്മിഷനും ഒക്കെയായി ജീവിതം അടിച്ച് പൊളിച്ചു.
വസ്തു കച്ചവടമായിരുന്നു മെയിന്‍. അങ്ങനെ ജീവിതം കെട്ടിപ്പടുത്തു. രാവിലെ പത്തു മണിക്ക് പോയി വൈകുന്നേരം അഞ്ചിന് വീട്ടില്‍ വരുന്ന ജോലിയോട് താല്‍പര്യമില്ലായിരുന്നു. അത്തരം ജോലികള്‍ എനിക്ക് പെട്ടെന്ന് ബോറടിപ്പിക്കും. ഒരിക്കലും ഒരു സിനിമാക്കാരന്റെ സെലിബ്രിറ്റി ലൈഫ് പിന്തുടരാറില്ല. നാളെ അഭിനയം ബോറടിപ്പിക്കുകയാണെങ്കില്‍ മറ്റെന്തിങ്കിലും നോക്കും. ബോറടിച്ചാല്‍ എന്ത് മോഹന വാഗ്ദാനങ്ങള്‍ തന്നാലും അതങ്ങ് വിടും. ഈ ആര്‍ജ്ജവം തന്നത് ബംഗ്ലൂരു ജീവിതമാണ്.
ലിജോ ജോസ് പെല്ലിശ്ശേരിയുമായി പതിനഞ്ച് വയസ് മുതല്‍ സൗഹൃദമുണ്ട്. ലിജോയുടെ അമ്മയുടെ ചേച്ചിയുടെ വീട് അങ്കമാലിയില്‍ എന്റെ വീടിന്റെ അടുത്താണ്. ഫിസിയോ തെറാപ്പി പഠിക്കാന്‍ ഞാന്‍ ബാംഗ്ലൂരില്‍ പോയപ്പോള്‍ ലിജോ അവിടെ മറ്റൊരു കോഴ്‌സ് പഠിക്കാന്‍ വന്നു. കാണുമ്പോഴെല്ലാം സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സംവിധായകനാവുക എന്നതായിരുന്നു അന്നേ ലിജോയുടെ ലക്ഷ്യം. അവനൊപ്പം ഒരുപാട് സിനിമ കണ്ടു. എന്നാല്‍ സിനിമയില്‍ വരാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ബംഗ്ലൂരുവില്‍ ലോക സിനിമകളുടെ ഡിവിഡികള്‍ വാടകയ്ക്ക് കൊടുക്കുന്ന സിനിമാ പാരഡിസോ എന്ന ക്ലബ്ബ് ഉണ്ട്. യഥാര്‍ഥ ഡിവിഡി ആയതിനാല്‍ ഒരു ദിവസത്തെ വാടക നൂറ് രൂപയാണ്. ലിജോ ആ സിനിമയുടെ സംവിധായകനെയും ക്യാമറമാനെയും ശ്രദ്ധിക്കും. ഞാന്‍ താരങ്ങളെയും.
അവന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രത്യേക സന്തോഷമാണ്. അവന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഒരു നോട്ടത്തിലൂടെ തന്നെ എനിക്ക് മനസിലാകും. ലിജോയുടെ ആദ്യ സിനിമയായ 'നായകനാ'യിരുന്നു എന്റെയും ആദ്യ ചിത്രം. എന്റെ ഈ രൂപമൊക്കെ വച്ച് സിനിമയില്‍ എത്രത്തോളം സാധ്യതയുണ്ടെന്ന് സംശയമുണ്ടായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ അമിത എളിമ കാണിക്കാന്‍ എനിക്ക് അറിയില്ല. അത് എന്റെ ഒരു രീതിയാണ്. ആമേന്‍ സിനിമ ജീവിതം മാറ്റി മറിച്ചു. ആമേന്‍, നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്‌കര, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയ സിനിമകളെല്ലാം വൈവിദ്ധ്യമായ കഥാപാത്രങ്ങള്‍ കിട്ടി. ഇതിന് ശേഷമാണ് അഭിനയം ആസ്വദിക്കാന്‍ തുടങ്ങിയത്.
ഞാനൊരു പ്രശ്‌നക്കാരനാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. അതിന് കാരണം എന്റെ രൂപമാകാം. പ്രീഡിഗ്രി പഠന കാലത്ത് കോളേജില്‍ വെറുതേ ചിലര്‍ എന്നോട് ഉടക്കുണ്ടാക്കും. എന്നാല്‍ ഈ രൂപം എനിക്ക് ഗുണമേ തന്നിട്ടുള്ളു. കറുപ്പ് നിറം, കാണാന്‍ അത്ര പോര, എന്നൊക്കെയുള്ള തോന്നലാണ് ജീവിതത്തില്‍ ഒരുപാട് മുന്നേറണമെന്ന ആഗ്രഹം ഉണ്ടാക്കിയത്. അതാണ് ഇവിടെ വരെ എത്തിച്ചത്. അതില്‍ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പേ ഞാനാണെന്ന് കരുതുന്നവരുണ്ട്. പെപ്പേ എന്ന പേര് എന്റെ മകനിടാന്‍ നിശ്ചയിച്ചിരുന്നതാണ്. സ്പാനിഷ് പേരാണ് അത്.