മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്നറിയപ്പെടുന്ന താരമാണ് നടൻ ബാബു ആന്റണി. നിരവധി സിനിമകളിൽ നായകനായും സഹനടനായും വില്ലനായും എല്ലാം തിളങ്ങുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ വില്ലൻ വേഷങ്ങളിൽ മമ്മൂട്ടി നായകനായി അഭിനയിച്ച കാര്‍ണിവല്‍ എന്ന ചിത്രത്തിലെ ജെയിംസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിജി വിശ്വംഭരന്‍ സംവിധാനം നിർവഹിച്ച ചിത്രത്തിലെ ബൈക്ക് ഉപയോഗിച്ച് കൊണ്ടുള്ള താരത്തിന്റെ സംഘട്ടനം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിലെ കഥാപാത്രത്തെ കുറിച്ചും അതിന് ഉപയോഗിച്ചിരുന്ന ബൈക്കില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് ബാബു ആന്റണി. വര്‍സ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കാര്‍ണിവല്‍ സിനിമയെ കുറിച്ച് തുറന്ന് പറയുന്നത്.
'കാര്‍ണിവല്‍ എന്ന ഫിലിമിന് വേണ്ടി ഞാന്‍ ഉപയോഗിച്ച ബൈക്ക്. ഈ ബൈക്കിനു ആകെ ഒരു ഗിയര്‍ മാത്രമുള്ളു. ബ്രേക്ക് ഇല്ല. സേഫ്റ്റിക്ക് വേണ്ടി ബ്രേക്ക് റിമൂവ് ചെയ്തു. വണ്ടി ഓടിക്കുമ്പോള്‍ ഗിയര്‍ ലോക്ക് ആകും. ആക്‌സിലറേറ്റര്‍ മാത്രമാണ് വണ്ടിയുടെ ആകെയുള്ള കണ്‍ട്രോള്‍. അതിലെ എന്റെ ക്യാരക്ടര്‍ പെര്‍ഫെക്ഷന് വേണ്ടി ഒരു ജീവന്‍ മരണ പോരാട്ടമാണ് ഞാന്‍ നടത്തിയത്.
ആദ്യ റൈഡിനു മുന്‍പ് ഒരു ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫറോട് ഞാന്‍ ആവശ്യപ്പെടുകയായിരുന്നു. ആ ഫോട്ടോയാണ് ഇത്. എല്ലാവരും എന്നെ മരണക്കിണറിനുള്ളിലാക്കി ആകെയുള്ള എന്‍ട്രന്‍സും ലോക്ക് ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും ഏകാന്തമായ ഒരേ ഒരു നിമിഷമായിരുന്നു അത്.ഇത് ഓടിക്കുമ്പോള്‍ ബൈക്കിന്റെ സ്പീഡും വൃത്താകൃതിയിലുള്ള മൂവ്‌മെന്റും കാരണം എനിക്കൊന്നും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. സാധാരണ ഒരാള്‍ക്ക് മരണക്കിണറിലെ ബൈക്ക് പെര്‍ഫെക്ട് ആയി. ഓടിക്കാന്‍ 6 മാസമെങ്കിലും വേണ്ടിവരും. ഒരു പെര്‍ഫെക്ട് റൈഡ് കിട്ടാന്‍ 7 ല്‍ കൂടുതല്‍ തവണ ഈ സീന്‍ ഷൂട്ട് ചെയ്തു.
മരണക്കിണറിനക്കത്ത് ക്യാമറ സെറ്റ് ചെയ്യാന്‍ ക്യാമറ യൂണിറ്റ് സമ്മതിച്ചില്ല. അതു കൊണ്ട് തന്നെ കിണറിന്റെ മുകള്‍ഭാഗത്തുനിന്നാണ് ഈ രംഗം ചിത്രീകരിച്ചത്. ഷൂട്ട് ചെയ്ത വില്യംസും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. ഗോഡ് ഈസ് ഗ്രേറ്റ്. ഇനി ഞാന്‍ കാത്തിരിക്കുന്നത് പവര്‍സ്റ്റാറിനു വേണ്ടിയാണ്. നിങ്ങളും കാത്തിരിക്കുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം ബാബു ആന്റണി'.