Latest News

വലിയ വലിയ കാര്യങ്ങളെക്കാള്‍ കുഞ്ഞുകാര്യങ്ങളില്‍ വ്യാപരിക്കാന്‍ വെമ്പുന്ന മനസ്സായിരുന്നു അച്ഛന്: മോഹൻലാൽ

Malayalilife
വലിയ വലിയ കാര്യങ്ങളെക്കാള്‍ കുഞ്ഞുകാര്യങ്ങളില്‍ വ്യാപരിക്കാന്‍ വെമ്പുന്ന മനസ്സായിരുന്നു അച്ഛന്: മോഹൻലാൽ

ഫാദേഴ്സ് ഡേയില്‍ അച്ഛനോര്‍മ്മകള്‍ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളും കുറിപ്പുകളുമെല്ലാം സജീവമാണ്. നിരവധിപേരാണ് അത്തരത്തിൽ കുറിപ്പുകൾ പങ്കുവച്ച് എത്താറുള്ളത്. എന്നാൽ ഇപ്പോൾ മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ മോഹന്‍ലാല്‍ മുന്‍പ് അച്ഛനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. അദ്ദേഹം അച്ഛനെക്കുറിച്ച് വാചാലനായത് . മാതൃഭൂമി ഓണപ്പതിപ്പിനായെഴുതിയ കുറിപ്പിലായിരുന്നു.പലര്‍ക്കും പലതരത്തിലുള്ള വികാരമാണ് അച്ഛന്‍.അമ്മ കടലോളം പോന്ന വാത്സല്യമാവുമ്പോള്‍ അച്ഛന്‍ ആശ്വാസത്തിന്‍റെ സ്നേഹത്തിന്റെ, സംരക്ഷണയുടെ തണലാവുന്നു എന്നതാണ് എന്റെ അനുഭവം.

എനിക്ക് അച്ഛന്‍ തണുപ്പായിരുന്നു. അടുത്തിരുന്നാലും എത്രയൊക്കെ അകലെയായാലും എനിക്ക് ആ തണുപ്പ് ഫീല്‍ ചെയ്യുമായിരുന്നു. ഇപ്പോഴും, അച്ഛന്‍ വിടപറഞ്ഞിട്ടും, എന്നെ ആ തണുപ്പ് പൊതിഞ്ഞുനില്‍ക്കുന്നത് ഞാനറിയുന്നു, ആ തണുപ്പിന് നേരിയ നോവുകൂടിയുണ്ട്. അച്ഛന്റെ വളരെ പഴകിയ ഓര്‍മ്മകള്‍ എന്നിലില്ല. എന്റെ കാഴ്ചകള്‍ ഉറച്ചുതുടങ്ങിയ കാലത്ത് അച്ഛന്‍ വളരെ തിരക്കുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. ഓഫീസിന്റെ തിരക്കുകള്‍ വീട്ടിലേക്കുകൂടി നീട്ടിയ വര്‍ക് ഹോളിക്.

മക്കളെക്കുറിച്ച് വാശികളോ, നിര്‍ബന്ധങ്ങളോ ഇല്ലാത്തയാളായിരുന്നു അച്ഛന്‍. യൗവനത്തിലെ എന്റെ എല്ലാ കുസൃതികളെയും അതിന്റെതായ സരസതയോടെയും, പ്രായത്തെയും അതിന്റെ സ്പന്ദനങ്ങളെയും തികഞ്ഞ സ്പോര്‍ട്സ്പിരിറ്റോടെയും അച്ഛന്‍ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സില്‍ ഞാന്‍ യാദൃച്ഛികമായി സിനിമയിലേക്ക് വഴിതിരിയവെ അച്ന്‍ എതിര്‍ത്തില്ല. ഏതുവഴി പോകും എവിടെയെത്തും എന്നൊന്നും അറിയില്ലല്ലോ. ഡിഗ്രി കഴിഞ്ഞിട്ടു പോരെ? എന്ന് ചോദിച്ചിരുന്നു.


ആ ചോദ്യത്തില്‍ വിലക്കിന്റെ കണ്ണികളോ കയറുകളോ ഒട്ടുമില്ലായിരുന്നു. ഒരു അഭിപ്രായത്തിന്റെ ആരോഗ്യകരമായ പങ്കുവെക്കല്‍ മാത്രമായിരുന്നു അത്. ഡിഗ്രി പൂര്‍ത്തിയാക്കാതെ തന്നെ ഞാന്‍ സിനിമയിലേക്ക് തിരിഞ്ഞുനടക്കാന്‍ തീരുമാനിച്ചപ്പോള്‍ അച്ഛന്‍ ആ മോഹവും അഭിപ്രായവും പിന്‍വലിച്ചു. അച്ഛന്റെയുള്ളില് തീര്‍ച്ചുയായും പേടിയും ആശങ്കയും ഉണ്ടായിട്ടുണ്ടാവുമായിരിക്കാം. ഇന്ന് എന്റെ മകന്‍ ഞാന്‍ അന്ന് എടുത്തപോലെ ഒരു തീരുമാനമെടുത്താല്‍ അതിനെ അച്ഛനെപ്പോലെ ശാന്തമായി എനിക്ക് നേരിടാന്‍ സാധിക്കുമോയെന്ന കാര്യം സംശയമാണ്.

അച്ഛന്റെ അടുത്ത് എത്തുമ്പോള്‍ ഞാന്‍ കോളേജുകാലത്തെ, അല്ലെങ്കില്‍ അതിനും മുന്‍പുള്ള ലാലു ആയി മാറും. നിറയെ വാത്സല്യവും തമാശകളും കുറുമ്പുകളുമായി ഞാനും അച്ഛനും മുടവന്‍മുകളിലെ വീട്ടില്‍ നിറഞ്ഞുകവിയും. എന്റെ മേല്‍ ചാര്‍ത്തപ്പെട്ട എല്ലാ അലങ്കാരങ്ങളെയും ഞാന്‍ ആ നിമിഷങ്ങളില്‍ മറക്കും. ഇതാണ് എന്റെ യഥാര്‍ത്ഥ അവസ്ഥ എന്നും മറ്റുള്ളതൊക്കെ വരികയും പോകുകയും ചെയ്യുന്നതാണ് എന്നും തിരിച്ചറിയും. അഭിനയത്തിന്റെ നിമിഷങ്ങള്‍ കഴിഞ്ഞാല്‍ ആര്‍ക്ക് ലൈറ്റിന്റെ വെളിച്ചത്തില്‍ നിന്നും മാറിയാല്‍ ഞാന്‍ അച്ഛന്റെ ലാലുവിലേക്ക് തിരിച്ചുപോവാന്‍ പഠിച്ചു.

മരണംവരെ മോഹന്‍ലാല്‍ എന്ന താരത്തിന്റെ അച്ഛന്‍ എന്ന നിലയിലേക്ക് എന്റെ അച്ഛന്‍ ഒരിക്കലും മാറുകയോ ഭ്രമിക്കുകയോ ചെയ്തിട്ടില്ല. ജീവിതചര്യകളില്‍ മാറ്റം വരുത്തിയില്ല. സൗഹൃദങ്ങളെ ഇളക്കി പ്രതിഷ്ഠിച്ചില്ല. അച്ഛന്‍ അച്ഛന്റെ വഴിയിലൂടെ തന്നെ യാത്ര തുടര്‍ന്നു; സുഹൃത്തുക്കളും സായാഹ്നസവാരിയും തമാശകളും പൊട്ടിച്ചിരികളുമൊക്കെയായി. എന്റെ അച്ഛന്‍ എന്ന നിലയില്‍ സ്വാഭാവികമായി ലഭിച്ച പരിഗണനകള്‍ മാത്രമേ അദ്ദേഹം ആസ്വദിച്ചുള്ളു. ഒരിക്കലും ആ അവസ്ഥയെ ദുരുപയോഗം ചെയ്തില്ല.

അസുഖം വന്ന് കിടപ്പാകുന്നതിന്റെ തൊട്ടുള്ള ദിവസങ്ങളില്‍പ്പോലും അച്ഛന്‍ സൗഹൃദങ്ങളെ തേടി നടക്കാന്‍ പോവുകയും ബസ്സില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. സമയത്തിന്റെയും സംസാരത്തിന്റെയും ചിട്ടയും കൃത്യതയും അച്ഛന്‍ ജീവിതത്തില്‍ മുഴുവന്‍ പാലിച്ചു. വീട്ടിലാണെങ്കിലും മിതഭാഷിയായിരുന്നു അദ്ദേഹം. പക്ഷേ, ആ വാക്കുകളില്‍ പറയാനുള്ളത് പറഞ്ഞിരിക്കും. ശമ്പളം കിട്ടിയാല്‍ മുഴുവന്‍ തുകയും അമ്മയുടെ കൈയില്‍ ഏല്‍പ്പിക്കും. പിന്നെ അതിന്റെ കണക്കുകൂട്ടലും ചെലവു വരവുകളുമൊന്നും നോക്കാന്‍ അച്ഛനെക്കിട്ടില്ല.

എവിടേക്കെങ്കിലും പോവുന്നുണ്ടെങ്കില്‍ തലേദിവസംതന്നെ അച്ഛന്‍ അതിന്റെ ഒരുക്കങ്ങള്‍ മുഴുവന്‍ ചെയ്തുവെക്കും. കാറില് ഫുള്‍ ടാങ്ക് ഡീസല്‍ അടിപ്പിക്കും. ടയറിലെ കാറ്റ് ചെക്ക് ചെയ്യിക്കും. കൃത്യസമയത്ത് ഇറങ്ങണം എന്നുള്ളതും നിര്‍ബന്ധമാണ്. ഇല്ലെങ്കിലാണ് അച്ഛന്റെ ക്ഷോഭം പുറത്തുവരിക. അച്ഛന്റെ ചിട്ടയൊത്തുള്ള ജീവിതം എനിക്കു കിട്ടിയിട്ടേയില്ല. ജോലിയുടെ വ്യത്യാസം മാത്രമാണ് അതിന്റെ കാരണം എന്ന് ഞാന്‍ കരുതുന്നില്ല. ഞാന്‍ ഒരു ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായാലും ഇങ്ങനൊക്കെയേ ഫ്രെയിം ചെയ്യപ്പെടുമായിരുന്നുള്ളൂ.

വലിയ വലിയ കാര്യങ്ങളെക്കാള്‍ കുഞ്ഞുകാര്യങ്ങളില്‍ വ്യാപരിക്കാന്‍ വെമ്പുന്ന മനസ്സായിരുന്നു അച്ഛന്. വാച്ചുകള്‍ കൊച്ചുപേനാക്കത്തി, പേനകള്‍ എന്നിവയുടെ ശേഖരം അച്ഛന്‍ ജീവിതം മുഴുവന്‍ തുടര്‍ന്നു. എവിടെ കണ്ടാലും അവ വാങ്ങും. വാങ്ങി വീട്ടില്‍ കൊണ്ടുവന്നുവെക്കുക മാത്രമല്ല, നിത്യവും തുടച്ചു വൃത്തിയാക്കി തിളക്കം വരുത്തിെവക്കും. വലിയ വലിയ സര്‍ക്കാര്‍ ഫയലുകള്‍ പഠിച്ചു, നിയമവഴികളെക്കുറിച്ചാലോചിച്ചു തലപുകച്ചിരുന്ന അച്ഛന്‍ തന്നെയാണ് ഈ കുഞ്ഞുകാര്യങ്ങളുമായി സല്ലപിച്ചിരിക്കുന്നത് എന്നത് എന്നില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്.

സന്തോഷമായാലും സങ്കടമായാലും സംഘര്‍ഷങ്ങളായാലും ഒന്നും അമിതമായി പുറത്തുകാണിക്കാത്ത ആളായിരുന്നു അച്ഛന്‍. ഒരു നോട്ടത്തിലൂടെ, ചെറിയ തലോടലിലൂടെ, കൈകൊണ്ടുള്ള ചെറിയ ഒരു ചേര്‍ത്തുപിടിത്തത്തിലൂടെ മനസ്സിലുള്ളതെല്ലാം അച്ഛന്‍ ഞങ്ങളിലേക്ക് കൈമാറുമായിരുന്നു. എന്റെ ജ്യേഷ്ഠന്‍ മരിച്ചപ്പോഴാണ് അച്ഛന്‍ ഏറ്റവുമധികം ദുഃഖിച്ചത് തകര്‍ന്നുപോയത്. പക്ഷേ, അപ്പോഴും അദ്ദേഹം നിലവിട്ട് കരയുകയോ പതറിവീഴുകയോ ചെയ്തില്ല. എല്ലാറ്റിനേയും സ്വന്തം ഉള്ളിലൊതുക്കി, തലോടിയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് ഞങ്ങളെ ആശ്വസിപ്പിച്ചു.

അച്ഛന്റെ ഈ സ്വഭാവം ഞാന്‍ ജീവിതത്തിലേക്കും അഭിനയത്തിലേക്കും പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ജീവിതത്തിലേക്ക് അതിനെ ഞാന്‍ മനഃപൂര്‍വം പകര്‍ന്നപ്പോള്‍ അഭിനയത്തിലേക്ക് ഞാനറിയാതെ തന്നെ അത് ഒഴുകിവരികയായിരുന്നു.സങ്കടത്തിന്റെയും ആന്തരിക സംഘര്‍ഷത്തിന്റെയും മുഹൂര്‍ത്തങ്ങള്‍ അഭിനയിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ഒരിക്കലും അമിതമായ പ്രകടനങ്ങളിലേക്കു പോവാറില്ല.

എന്റെ സിനിമയിലെ വളര്‍ച്ചകളിലും ലഭിച്ച ബഹുമതികളിലും മതിമറന്നാഹ്ലാദിക്കുന്ന അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. ആഹ്ലാദത്തിനും അഭിനന്ദനങ്ങള്‍ക്കുമെല്ലാം ഒരു മിതത്വവും പരിധിയുമുണ്ടായിരുന്നു. എന്നാല്‍ സുഹൃത്തുക്കല്‍ക്കിടയില്‍ എന്റെ വളര്‍ച്ചയെക്കുറിച്ചുള്ള സന്തോഷം അദ്ദേഹം പങ്കുവച്ചിരുന്നു എന്ന് ഞാന്‍ അറിഞ്ഞു. അതറിഞ്ഞപ്പോള്‍ ഒരു മകന്‍ എന്ന നിലയില്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.

അച്ഛനായിട്ടല്ല, മകനായിട്ടാണ് ഞാന്‍ ഏറെയും അഭിനയിച്ചത്. എന്റെ അച്ഛനായി തിലകന്‍ ചേട്ടനും വേണുചേട്ടനും (നെടുമുടി വേണു) പലതവണ അഭിനയിച്ചിട്ടുണ്ട്.. ഇവര്‍ രണ്ടുപേരുമായി ചേര്‍ന്ന് അഭിനയിക്കുമ്പോഴും എനിക്ക് മകന്‍ എന്ന കഥാപാത്രത്തെ സംതൃപ്തിയോടെ നടിച്ച് ഫലിപ്പിക്കാന്‍ സാധിച്ചു. ഇവര്‍ രണ്ടുപേരും അച്ഛനായി മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ ഞാനറിയാതെ തന്നെ ഒരു മകനായിപ്പോകുന്നു എന്നതാണ് സത്യം. ഇവര്‍ രണ്ടാളോടും എനിക്കുള്ള സ്നേഹവും ബഹുമാനവും ഒരു മകന് അച്ഛനോടുള്ളതുപോലെ നെഞ്ചില്‍ തൊട്ടുനില്‍ക്കുന്നതായതുകൊണ്ടാവാം.

അച്ഛന്റെ അന്ത്യഘട്ടങ്ങളില്‍ ഞാന്‍ പരദേശി, ബാബാ കല്യാണി, ആഗ് എന്നീ സിനിമകളില്‍ അഭിനയിക്കുകയായിരുന്നു. ഒറ്റപ്പാലത്തുനിന്നും കൊച്ചിയില്‍ നിന്നും ബോംബെയില്‍ നിന്നും ഓരോ തവണയും ഞാന്‍ ഓടി ആശുപത്രിയില്‍ എത്തി. ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്ത മുറിയില്‍ കയറി അച്ഛനെ കണ്ടു. അച്ഛന്‍ ബോധത്തിനും അബോധത്തിനും ഇടയിലുള്ള ഏതൊക്കെയോ ഇടനാഴികളിലായിരുന്നു. എന്നെ ചിലപ്പോള്‍ തിരിച്ചറിഞ്ഞു, ചിലപ്പോള്‍ തിരിച്ചറിഞ്ഞില്ല.

അച്ഛനെ ചിതയിലേക്കെടുത്തു. കുളിച്ച് ഈറനുടുത്ത്, കത്തുന്ന കൊള്ളിയില്‍ നിന്നും അച്ഛന്റെ ശരീരത്തിലേക്ക് തീ പകരുമ്പോള്‍ എന്റെയുള്ളില്‍ എത്രയോ സിനിമകളില്‍ ഞാന്‍ കൊളുത്തിയ നിരവധി ചിതകള്‍ വീണ്ടും എന്തിനോ കത്തിത്തെളിഞ്ഞു. ഇത് അത്തരത്തിലുള്ള ഒരു ചിത്രീകരണനിമിഷമാവണേ എന്ന് ഒരുനിമിഷം എന്റെ മനസ്സ് പ്രാര്‍ഥിച്ചുവോ? അച്ഛനെ തിരിച്ചുകിട്ടാനുള്ള ഒരു മകന്റെ മനസ്സിന്റെ സ്വാഭാവിക പ്രാര്‍ത്ഥനയാവാം അത്. അപ്പോഴേക്കും ചിത കത്തിപ്പിടിച്ചിരുന്നു. ആരോ തണുത്ത കൈത്തലംകൊണ്ട് തോളില്‍ സ്പര്‍ശിക്കുംപോലെ. ആ സ്പര്‍ശനത്തിന് ഒരു ആശ്വസിപ്പിക്കലിന്റെ ഛായ. അച്ഛന്റെ സ്പര്‍ശവും ഇതുപോലെത്തന്നെയായിരുന്നു .

Actor Mohanlal words about her father

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES