തെലങ്കാനയിലെ തൊരൂരില്‍ മാള്‍ ഉദ്ഘാടന ചടങ്ങിനിടയില്‍ സ്റ്റേജ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ നടി പ്രിയങ്ക മോഹന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നടിക്കൊപ്പം മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഝാന്‍സി റെഡ്ഡിയ്ക്കും പരിക്കേറ്റിട്ടുണ്ട്.
'ഇന്ന് തൊരൂരില്‍ ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ ഉണ്ടായ അപകടത്തില്‍ എനിക്ക് കുഴപ്പമൊന്നുമില്ലെന്നും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നും എന്റെ അഭ്യുദയകാംക്ഷികളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. സംഭവത്തില്‍ എന്തെങ്കിലും പരിക്ക് പറ്റിയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എനിക്ക് അയച്ച സ്‌നേഹവും കരുതലും ദയയും നിറഞ്ഞ സന്ദേശങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നന്ദി,' നടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത് ഇങ്ങനെ.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വേദിയില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്ന ചെറിയ സ്റ്റേജ് തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇവിടെനിന്ന് പ്രിയങ്ക മോഹനെ രക്ഷിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങളും കാണാം...
ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയയാണ് പ്രിയങ്ക മോഹന്‍. ഒന്ത് കഥെ ഹെല്ല (2019) എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന പ്രിയങ്ക തെലുങ്ക് ചിത്രമായ ഗാങ് ലീഡറില്‍ നായികയായിരുന്നു. ഡോക്ടര്‍, ഡോണ്‍, എതര്‍ക്കും തുനിന്തവന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും നായികയായി. അടുത്തിടെ പുറത്തിറങ്ങിയ ധനുഷിന്റെ കാപ്റ്റന്‍ മില്ലറിലും പ്രിയങ്കയുണ്ടായിരുന്നു. റോമാന്റിക് ഡ്രാമയായ ബ്രദര്‍ എന്ന ചിത്രവും പവന്‍ കല്യാണിന്റെ വരാനിരിക്കുന്ന 'ദേ കാള്‍ ഹിം ഓജി' എന്ന ചിത്രത്തിലും പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്നുണ്ട്..