കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്.അമ്പലമുറ്റത്ത് നടയിരുത്തിയ മെക്കാനിക്കല്‍ ആനയാണ് ഇനി ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക.
യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെ തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. ക്ഷേത്രത്തിലേക്ക് മെഷീന്‍ ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു.
സുരക്ഷിതയും മൃഗ സൗഹൃദവുമായി വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു. നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള ലക്ഷണമൊത്ത യന്ത്ര ആന ആണിത് .ജീവനുള്ള ആനകളെ സ്വന്തമാക്കുകയോ വാടകയ്ക്ക് കൊണ്ടുവരികയോ ചെയ്യില്ലെന്ന ക്ഷേത്രത്തിന്റെ തീരുമാനത്തെ തുടര്‍ന്നാണ് യന്ത്ര ആനയെ നടക്കിരുത്തിയത്.
മഹദോവന്‍ എന്ന് പേരിട്ടിരിക്കുന്ന ആന, ക്രൂരതകളില്ലാതെയും സുരക്ഷിതമായും ക്ഷേത്ര ചടങ്ങുകള്‍ നടത്താന്‍ ഉപയോഗിക്കുമെന്ന് പെറ്റ ഞായറാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
വടക്കന്‍ പറവൂരിലെ ആനമേക്കര്‍ സ്റ്റുഡിയോ ആണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലേക്കായിരുന്നു ഇവര്‍ ആദ്യമായി ഇത്തരത്തില്‍ യന്ത്രയാനയെ നിര്‍മിച്ചത്. ഇതിന് പിന്നാലെയാണ് തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്കും ഓഡര്‍ ലഭിച്ചത്.