ബിഗ്ബോസ് ഹൗസിലെ മത്സരാര്‍ഥികളായി എത്തി പ്രണയത്തിലായതാണ് അവതാരക പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഷോയില്‍ ഇവര്‍ പ്രണയത്തിലായത് മുതല്‍ തന്നെ ഇവരുടെ പ്രണയത്തിന്റെ ആത്മാര്‍ഥതയില്‍ മത്സരാര്‍ഥികള്‍ക്കും ആരാധകരും സംശയമുണ്ടായിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തിറങ്ങിയശേഷം ഇരുവരും തങ്ങളുടെ പ്രണയം തുടരുകയും വീട്ടുകാരോട് പ്രണയത്തെകുറിച്ച് സംസാരിച്ച് കല്യാണത്തിന് സമ്മതം വാങ്ങുകയും ചെയ്തതോടെ പ്രേക്ഷകരുടെ സംശയവും മാറി. പേളിഷ് ആരാധകര്‍ ഇവരുടെ വിവാഹവാര്‍ത്തക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഇവരുടെ വിവാഹ നിശ്ചയം അടുത്ത വര്‍ഷം ആദ്യം ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
പേളിഷ് ആര്‍മിക്കാന്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പേളി-ശ്രീനി വിവാഹം അടുത്ത വര്‍ഷം ജനുവരി 7 നടക്കുമെന്നാണ് പേളിയോട് അനുബന്ധിച്ച വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇതുസംബന്ധിച്ചുളള വിശദാംശങ്ങള്‍ ഇന്ന് വൈകുന്നേരം പേളിയും ശ്രീനിയും ലൈവിലെത്തി ആരാധകരെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിവാഹം ഉടനുണ്ടാകില്ലെന്നും നിശ്ചയം നടത്തി അല്‍പം കഴിഞ്ഞാകും വിവാഹമെന്നുമാണ് വിവരം. പേളി അഭിനയിച്ച ഹൂ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ കാണാനായി ശ്രീനിഷ് ഇപ്പോള്‍ ചെന്നായില്‍നിന്നും കൊച്ചിയിലെത്തിയിട്ടുണ്ട്. പ്രീമിയര്‍ പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇരുവരും ലൈവിലെത്തി നിശ്ചയവിവരം പുറത്തുപറയുമെന്നാണ് കരുതുന്നത്. ഇതൊടെ ഇവര്‍ ഒന്നാകാന്‍ പോകുന്ന വാര്‍ത്തയ്ക്കായി പേളിഷ് ആര്‍മിക്കാര്‍ കാത്തിരിപ്പ് തുടങ്ങിയിരിക്കുകയാണ്.
ബിഗ്ബോസില്‍ നിന്നും പുറത്തായെങ്കിലും ഇപ്പോഴും പേളിയും ശ്രീനിയും തമ്മിലുള്ള പ്രണയം കൂടുതല്‍ ദൃഢമായി മുന്നോട്ട് പോവുകയാണ്. പേളിയെ കാണാനായി മാത്രം ശ്രീനി പലവട്ടം കൊച്ചിയിലെത്തിയിരുന്നു. ശ്രീനിയുടെയും പേളിയുടെയും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം ഇരുവരുമൊത്തുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. ശ്രീനിയും പേളിയും അഭിനയിക്കുകയാണെന്ന് പറഞ്ഞ സഹമത്സരാര്‍ഥികള്‍ക്കുള്ള മറുപടിയായിട്ടാണ് പേളിഷ് ആര്‍മിക്കാര്‍ പേളിയുടെയും ശ്രീനിയുടെയും വിവാഹത്തെ കാണുന്നത്.