ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക എത്തിയ സംവിധായകനായിരുന്നു ഹനീഫ് അദേനി മമ്മൂക്ക നായകനായ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂക്കയുടെ പ്രകടനത്തോടൊപ്പം ഹനീഫിന്റെ സംവിധാനവും മികച്ചുനിന്നിരുന്നു. പിന്നീട് അവര്‍ ഒന്നിച്ച ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. അതിന് ശേഷം യുവ താരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയെ നായകനാക്കി പുതിയ ചിത്രം പുറത്തിറങ്ങുന്നു.
മിഖായേല്‍ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത് . ഇത്തവണയും വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രവുമായാണ് ഹനീഫ് അദേനി എത്തുന്നത്.നിവിന്‍ പോളിക്കൊപ്പം വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മിഖായേലില്‍ നിവിനൊപ്പം ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇവരെ കൂടാതെ സിദ്ധിഖ്,കലാഭവന്‍ ഷാജോണ്‍,കെപിഎസി ലളിത,ശാന്തികൃഷ്ണ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫാമിലി ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന മിഖായേല്‍ മാസ് ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടായിരിക്കും സംവിധായകന്‍ ഒരുക്കുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.
നിവിന്‍ പോളി തന്നെയായിരുന്നു മിഖായേലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്. ഹനീഫ് അദേനിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നതിന്റെ സന്തോഷവും നിവിന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. ആഗസ്റ്റ് 22ണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. എറണാകുളം,കോഴിക്കോട്,ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിഖായേലിന്റെ ആദ്യ ഷെഡ്യൂള്‍ കൊച്ചിയിലായിരിക്കും ചിത്രീകരിക്കുക. പത്ത് ദിവസത്തെ ഷൂട്ടിംഗായിരിക്കും കൊച്ചിയില്‍ നടക്കുക.