തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗ ചൈതന്യയുടെ 36-ാം ജന്മദിനം ആണിന്ന്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് സംവിധായകന്‍ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള താരത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കസ്റ്റഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കൃതി ഷെട്ടിയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്
ചലച്ചിത്ര നിര്‍മ്മാതാവ് വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം താരം നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ഒന്നായിരിക്കും എന്നാണ് ലഭിക്കുന്ന സൂചന.ചിത്രത്തിന്റെ പ്രീ - ലുക്ക് ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പൊലീസ് വേഷത്തിലാണ് ചിത്രത്തിലെ നാഗചൈതന്യയുടെ എന്‍ട്രി.
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തം സഹപ്രവര്‍ത്തകരെ ഏറ്റെടുക്കുന്ന ഒരു പൊലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത് എന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.തോക്കുകള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമിടയിലായി നാഗ ചൈതന്യയെ നിയന്ത്രിച്ചു നിര്‍ത്തിയിരിക്കുന്നത് പോസ്റ്ററില്‍ കാണാവുന്നതാണ്. എന്നാല്‍ ചിത്രത്തിന്റെ റിലീസിങ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റൊമാന്റിക് കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇത്. തമിഴ് - തെലുങ്ക് എന്നീ ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴില്‍ നാഗ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ കീര്‍ത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇളയരാജയും മകന്‍ യുവന്‍ ശങ്കര്‍ രാജയും ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിര്‍മിക്കുന്നത്. എസ് ആര്‍ കതിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജന്‍ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. പിആര്‍ഒ എസ് ദിനേശ്, ശബരി.