മനുഷ്യരൂപങ്ങള്‍ ദൈവങ്ങളായി രൂപാന്തരം പ്രാപിക്കുമ്പോള്‍ അരങ്ങുതകര്‍ത്താടുന്ന അനുഷ്ടാനകോലങ്ങളാണ് തെയ്യം. മലബാറിന്റെ സാംസ്‌കാരിക തനിമയും വിശ്വാസങ്ങളുമെല്ലാം തെയ്യങ്ങളില്‍ നിറഞ്ഞാടുകയാണ്.വിശ്വവിഖ്യാത എഴുത്തുകാരന്‍ വില്ല്യം ഷേക്‌സ്പിയറിന്റെ ഒഥല്ലോയുടെ മലയാള വ്യാഖ്യാനം എന്ന രീതിയിലാണ് ജയരാജ് കളിയാട്ടത്തെ അരങ്ങിലെത്തിച്ചത്. സിനിമയില്‍ നിറയുന്നത് തെയ്യവും,വര്‍ണങ്ങും കാവും മുത്തപ്പനുമെല്ലാം. അനുഷ്ടാനങ്ങളെ അതേ പടി പകര്‍ത്തിയപ്പോഴും അതേ പ്ലാറ്റ് ഫോമിലൂടെ തന്നെ തീവ്രമായ ഒരു പ്രണയത്തിന്റെ കഥയും ഒടുവില്‍ ഒഥല്ലോയുടെ പര്യവസാനവും ജയരാജ് കളിയാട്ടത്തിലൂടെ കാഴ്ചവയ്ക്കുന്നു.
കണ്ണന്‍ പെരുമലയനായി എത്തിയ സുരേഷ് ഗോപി നിറഞ്ഞാടുക മാത്രമല്ല വര്‍ണങ്ങള്‍ക്കും ആളിപടര്‍ന്ന തീ പന്തങ്ങള്‍ക്കും മീതേ ആടിത്തകര്‍ത്തു. 1997ല്‍ പുറത്തിറങ്ങിയ കളിയാട്ടത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സുരേഷ് ഗോപിക്ക് സ്വന്തമായി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ജയരാജിനും. നേട്ടങ്ങള്‍ ഒരുമിച്ച് കിട്ടിയ മലയാളത്തിലെ ലക്ഷണമൊത്ത സിനിമയായിരുന്നു കളിയാട്ടം.സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ലാല്‍, ബിജു മേനോന്‍, ബിന്ദു പണിക്കര്‍ നരേന്ദ്ര പ്രസാദ് തുടങ്ങി മറ്റ് താരങ്ങളും ക്യത്യവും ചിട്ടപ്പെടുത്തിയതുമായ റോളുകളില്‍ തകര്‍ത്തു.
കാവും കളരിയും കാണിച്ച് തുടങ്ങുന്ന കളിയാട്ടത്തില്‍ ആദ്യം കാട്ടിത്തന്നത് നായകനെയല്ല. മറിച്ച് കോമാളിവേഷത്തിലും തന്നിലെ പകയും കൂര്‍മബുദ്ധിയും സൂക്ഷിച്ച പനിയനെയാണ്. പാനിയന്‍ അധവ ഷേക്‌സ്‌സ്പിയര്‍ വ്യാഖ്യാനത്തിലെ ലാഗോയായി എത്തുന്നത് ലാലാണ്. പെരുമലന്റെ തീ ചാമുണ്ഡി കോലത്തിന് കണ്ണുതട്ടാതിരിക്കാന്‍ മുന്‍പേ ആടുന്ന തീ ചാമുണ്ഡി കോലമെന്ന് സ്വയം പറയുന്നുണ്ട്. തനിക്ക് അവകാശപ്പെട്ട ദേശത്തിന്റേയും കാവുകളുടേയുമെല്ലാം അവകാശം തീ ചാമുണ്ഡി തെയ്യം കെട്ടുന്ന കണ്ണന്‍ പെരുമലയന്റെ കൈകളിലാണ്. എന്നും കേവലം പരിഹാസനായ പാനനനായി തനിക്ക് ആടാന്‍ കഴിയില്ലെന്ന വ്യാകുലതകളാണ് ലാലിന്റെ കഥാപാത്രത്തെ പലപ്പോഴും സിനിമയില്‍ അഡ്രസ് ചെയ്തത്. മുഖംമൂടിക്കുള്ളില്‍ ചിരിയും കോമാൡയും കോലമഴിച്ചാല്‍ തനി സൂത്രശാലിയും.
ദേശത്തെ നാടുവാഴിയുടെ മകളായ താമരയ്ക്ക് കണ്ണന്‍ പെരുമലയനോട് അനുരാഗം തോന്നുന്നു. തെയ്യക്കോലങ്ങളില്‍ ദൈവികമായ രൂപം കണ്ടിട്ടാകണമല്ലോ അത്തരത്തിലൊരു അനുരാഗം. തീവ്രമായ പ്രണയത്തിനാടുവില്‍ തമ്പുരാട്ടി കുട്ടി പെരുമലയന്റെ കൂടെ ഇറങ്ങി പോകുന്നിടത്ത് ചിത്രത്തിന്റെ ഒന്നാം പകുതിക്ക് തുടക്കമാകുന്നു. നരേന്ദ്ര പ്രസാദിന്റെ അച്ഛന്‍ കഥാപാത്രം ഉരുവിടുന്ന ശാപവാക്കുകളാണ് പെരുമലയന്റെ കൂടെ താമര ഇറങ്ങി ചെല്ലുമ്പോള്‍ കൂട്ടായി കിട്ടുന്നത്. 'സ്വന്തം അച്ഛനെ ചതിച്ചവള്‍ നിന്നെയും ചതിക്കില്ലെന്ന് ഉറപ്പുണ്ടോ'എന്നു പറയുന്ന രംഗമുണ്ട്.
ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകന്റെ നെഞ്ചിലേക്കും ഈ ശാപശരം വന്ന് നിറഞ്ഞിരിക്കും. പിതാവിന്റെ ശാപത്തെ തള്ളിക്കളഞ്ഞും താമര പെരുമലയനോടുള്ള തന്റെ സ്‌നേഹം പകരുന്നു. കൊട്ടാരത്തില്‍ നിന്ന് മലയന്റെ കുടിയിലേക്ക് അസൗക്യരങ്ങളെ സൗകര്യങ്ങളുടെ പരമമായി പലപ്പോഴും നടിച്ചാണ് അവള്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. അപ്പോഴും താമരയ്ക്ക് കണ്ണന്‍ പെരുമലയനിലുള്ള അനുരാഗത്തില്‍ തെല്ലും കുറവുതോന്നുന്നില്ല.നാട്ടിലെ പ്രമാണിയായ ഉണ്ണി തമ്പുരാന്‍ താമരയോട് അനുരാഗമുണ്ടാകുന്നു. പനിയന്റെ സാഹയത്തോടെ താമരയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന രംഗങ്ങളൊക്കെ കാണാം. ഉണ്ണി തമ്പുരാനായി എത്തുന്നത് ഇ.എ രാജേന്ദ്രനാണ്. പിന്നീട് പല കഥാപാത്രങ്ങളും കഥാവഴിയില്‍ കടന്നെത്തുന്നു.
തെയ്യവും ഗുരുക്കളുമാണ് പെരുമലയന്റെ ലോകം. ആ ദേശത്തിനപ്പുറം പെരുമലയന്‍ ഒന്നും ആഗ്രഹിച്ചിട്ടുമില്ല. ഉണ്ണി തമ്പുരാന്‍ കൂലിക്കാരനെ കൊണ്ട് പാട്ടുപാടിക്കുന്ന രംഗമാണ് ഇപ്പോഴും പ്രേക്ഷകന് തെല്ലും ആശങ്ക ഉണര്‍ത്തുന്നത്. വേലിക്ക് വെളുപ്പാന്‍ കാലം എന്ന പാട്ട് ആ ചിത്രത്തില്‍ ആവശ്യമായിരുന്നെങ്കിലും എന്തിനാണ് മറ്റൊരാള്‍ മറഞ്ഞിരുന്ന് പാടുന്നതെന്നും ഉണ്ണി തമ്പുരാന്‍ പാടിപ്പിച്ചതെന്നും ഇന്നും വ്യക്തമല്ല. ആ അവ്യക്തത അങ്ങനെ നിലനില്‍ക്കട്ടെ. എങ്കിലും കൈതപ്രത്തിന്റെ രചനയിലെ മനോഹരമായ വരികള്‍ ആസ്വാദ്യം തന്നെ. ഷേക്‌സ്പിയര്‍ കഥയെ ഒരു നാട്ടിന്‍പുറത്തെ കഥാപാത്രമാക്കി കൊണ്ടുവരുന്നിടത്താണ് തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂരിന്റെ വിജയം. എങ്കിലും മുന്‍പറഞ്ഞ പാട്ട് രംഗത്തിന്റെ അതിശയോക്തി പോലെ പിടികിട്ടാത്ത വസ്തുതകള്‍ പലതും കടന്നുവന്നേക്കാം.
പെരുമലയനെ സ്വന്തം ജേഷ്ടനായി കാണുന്ന കാന്തന്‍ താമരയോട് പിരിചിതനായി സംസാരിക്കുന്ന പല രംഗങ്ങളും പനിയന്‍ വികലമായി ചിത്രീകരിക്കുന്നു. ബലവാനായ ബുദ്ധിമാനായ ഒരാണിനെ എപ്രകാരമാണോ തകര്‍ക്കാന്‍ കഴിയുന്നത് അപ്രകാരമുള്ള ആയുധമാണ് പനിയന്‍ പ്രയോഗിക്കുന്നത്. താമരയ്ക്ക് മേലുള്ള സംശയ നിഴല്‍. ജീവിതത്തില്‍ തനിക്ക് ആരൊക്കെയോ ഉണ്ടായിരുന്നിട്ടും അനാഥത്വത്തിന്റെ ഭാരം പേറുന്നവനാണ് പെരുമലയന്‍. ഉടുപ്പേലമ്മ മാത്രമാണ് കണ്ണന് ആശ്വാസം താമര വന്നെത്തുന്നതോടെ പെരുമലയന്റെ കുടിയില്‍ വെളിച്ചവും പ്രതീക്ഷകളും കൈവരുന്നു.
കൊച്ചുകുട്ടി വന്ന് താമരയുടെ കൈയ്യില്‍ പിടിക്കുന്ന രംഗം കാണാം. ഇഷ്ടവും അനിഷ്ടവും സമ്മിശ്രമായി പ്രതിഫലിപ്പിച്ചാണ് പെരുമലയന്‍ പിന്നീട് താമരയോട് സംസാരിക്കുന്നത്. പിന്നീട് ഈ സുന്ദരിയായ തമ്പുരാട്ടികുട്ടി തന്നെ വിട്ട് പോകുമോ? അപ്പോഴും പെരുമലയനില്‍ സംശയം ബാക്കി.
അപ്പോഴും മനസില്‍ തറയ്ക്കുന്ന ചോദ്യശരം അന്ന് വാഴുന്നോരുടെ മുന്നില്‍ വച്ച് അച്ഛന്‍ തമ്പുരാന്‍ താമരയ്ക്ക് മുകളില്‍ പതിച്ച ശാപവാക്ക് തന്നെ. കഥാ സന്ദര്‍ഭത്തിന് അനുസരിച്ച് പാട്ടിനെ കൊണ്ടുവരാന്‍ കഴിയുന്ന കൈതപ്രത്തിന്റെ മാന്ത്രിക കരവിരുതും ഓരോ പാട്ടിലും പിന്നീട് ദൃശ്യമായിരിക്കും.പാനന്റെ കെട്ടുകഥയില്‍ വിശ്വസിക്കുന്ന പെരുമലയന് ഒടുക്കം താമരയെ കൊലപ്പെടുത്തേണ്ടി വരുന്നു. വൈകാരികവും പ്രേക്ഷകന്റെ മനസില്‍ തീ കോരിയിറെയുന്നതുമായ കഥാസന്ദര്‍ഭമാണ് കടന്നു പോകുന്നത്.
അവസാന ചായം തേക്കലിലിലും പെരുമലയന് നിശ്ചയദാര്‍ഡ്യം ചാമുണ്ഡി കോലം കെട്ടിയാടണം എന്നല്ല. മറിച്ച് തന്നെ ചതിച്ച താമരയെ വകവരുത്തനുള്ള കോപ്പ് കുട്ടലുകളാണ്. പനിയന്റെ ചതിയാണ് തന്റെ കണ്ണിലൊരുക്കിയ ഓരോ സാഹചര്യങ്ങളെന്നും പെരുമലയന്‍ തിരിച്ചറിയുന്നതോടെ പിന്നീട് പനിയന്റെ അന്ത്യം. എം.ജെ രാധാകൃഷ്ണന്‍ ഈ ചിത്രത്തില്‍ കൃത്രിമമായി ഒരു വെളിച്ചത്തേയും തിട്ടപ്പെടുത്തിയിട്ടില്ല. പ്രകൃതിയുടെ എല്ലാ വശ്യതയും അ്‌ദ്ദേഹം പശ്ചാത്തലമാക്കി. തീക്കനലില്‍ ചാടുന്ന തെയ്യക്കോലം, വിളക്കുകളാല്‍ അലംകൃതമായ തെയ്യക്കാവ്. അങ്ങനെ മങ്ങിയ പ്രകാശത്തിന്റെ നിഴല്‍ വിളക്കില്‍ തെളിയുന്ന പ്രതികാരങ്ങളും പകയും, ചതിയും പ്രണയവും എല്ലാം തീര്‍ത്തും വേരിട്ട ആസ്വാദനം പകരുന്നു ഈ ചിത്രത്തിലൂടെ.
ദൈവങ്ങളെ മനുഷ്യന്‍ ആവാഹിക്കുമ്പോഴും ദൈവക്കോലത്തിലെ മൂര്‍ധന്യത്തില്‍ തുള്ളിയുറയുന്ന പെരുമലയന്‍ പോലും കേവലം മനുഷ്യന്റെ ചതിയില്‍ നിസഹയനാകുന്ന കാഴ്ച. ദൈവികമായ തന്റെ എല്ലാ നന്മയേയും ഇല്ലാതാക്കിയ മനുഷ്യന്റെ വികലമായ ചതിയുടെ നേര്‍സാക്ഷ്യം. കാവിന്റേയും ദേശത്തിന്റേയും അധിപനായ പെരുമലയന് സംശയം തോന്നിയത് തന്റെ പൂര്‍വികരായി കൈമാറി സൂക്ഷിച്ച് പോകുന്ന ഉടയാടയിലാണെങ്കില്‍ കൊടും ചതിയിലൂടെ ഡെസ്ഡിമോണയുടെ തൂവാല മോഷ്ടിച്ച് കാഷ്യോയുടെ ഭവനത്തില്‍ ഉപേക്ഷിക്കുമ്പോഴാണ് ഓഥല്ലോയിക്കും സംശയം നിഴലിക്കുന്നത്.ഇയാഗോക്കം ജയരാജ് ഭാഷ്യത്തില്‍ പനിയന്‍ പയറ്റിയതും ഒഥല്ലോയെ നശിപ്പിക്കാന്‍ ഇയാഗോക്ക് സ്വീകരിച്ചതും ഒരേ ആയുധം തന്നെ ചതി.!