'ആകാശകൂടാരത്തിന്റെ തണലില്‍ അരവയര്‍ പട്ടിണി മാറ്റുന്ന ചില മനുഷ്യജന്മങ്ങള്‍. ചായം തേച്ച മുഖങ്ങള്‍ക്ക് ചിരി എന്നത് കേവലം മുഖംമൂടി മാത്രമാണെന്ന് പറയത്തക്കവിധം ദയനീയഭാവങ്ങളെ ചില്ലുവച്ച കൂട്ടിലടച്ച് ആകാശക്കോട്ടയില്‍ നൃത്തം ചവിട്ടുന്നവര്‍'. ഓരോ സര്‍ക്കസ് കൂടാരങ്ങള്‍ക്കും നൂറായിരം അനുഭവങ്ങള്‍ പറയാറുണ്ടാകും, ദേശാന്തരങ്ങള്‍ തോറുമുള്ള ഈ അലച്ചിലിലിനൊടുവില്‍ കൂടാരത്തില്‍ തന്നെ ജീവിതം ഒതുക്കുന്നവര്‍.. ഇണകളെ തേടി പറന്നവര്‍, ജീവിതലക്ഷ്യം പാതിയിലുപേക്ഷിച്ച് മടങ്ങിയവര്‍.
മനുഷ്യനും മൃഗങ്ങളും ഒരുപോലെ രസിപ്പിക്കുമ്പോള്‍ കാണികള്‍ ആര്‍പ്പുവിളിക്കുന്ന ഒരുതരം ഉന്മാദമാണ് സര്‍ക്കസ് എന്ന കല. മലയാളത്തിലെ അനുഗ്രഹനീയനായ സംവിധായകനവും തിരക്കഥാകൃത്തും ഗാനരചയിതാവും അങ്ങനെ ബഹുമുഖ പ്രതിഭയായി തിളങ്ങിയ ലോഹിതദാസിന്റെ രചനയിലും സംവിധാനത്തിലും രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജോക്കര്‍.
ദിലീപ്, മന്യ, നിഷാന്ത് സാഗര്‍,മാള, ബഹ്ദൂര്‍, ബിന്ദുപണിക്കര്‍, മമ്മൂക്കോയ തുടങ്ങി മലയാളത്തിലെ അഭിനയ പ്രതിഭകളെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച പടം. സര്‍ക്കസ് എന്ന കല കേവലം വിനോദം മാത്രമല്ല അതിലുപരി സര്‍ക്കസ് കലാകാരന്മാരുടെ ജീവിതത്തിന്റെ നേര്‍സാക്ഷ്യം കൂടി മലയാളിക്ക് വരച്ചിട്ട് തന്ന ചിത്രമായിരുന്നു ലോഹിതദാസിന്റെ ജോക്കര്‍.
കേവലം സിനിമയായി മാത്രമല്ല ജീവിതത്തിന്റ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇതിലെ ഓരോ കഥാപാത്രങ്ങളും എന്നത് കാലങ്ങള്‍ കഴിഞ്ഞ് ഈ സിനിമ കണ്ടാലും വ്യക്തമാണ്. ഇന്ന് മലയാള സിനിമയില്‍ കാണുന്ന തരത്തിലുള്ള നവ ഫാന്റസികളോ തട്ടുപൊളിപ്പന്‍ ഡയലോഗുകളോ ഒന്നും തന്നെ ഇല്ലെങ്കിലും മനുഷ്യജീവിതത്തിന്റെ ദയാദാക്ഷണ്യ അവസ്ഥകളെ പലരീതിയില്‍ ലോഹിതദാസ് അവതരിപ്പിച്ച് കാട്ടിത്തരുന്നു.
റോയല്‍ സര്‍ക്കസ് എന്ന മുബൈയിലെ പ്രസിദ്ധമായിരുന്ന സര്‍ക്കസ് കമ്പനി കേരളത്തിലേക്ക് എത്തുന്നു. പഴയപ്രതാപങ്ങളില്‍ നിന്നും ശോഷിച്ച അവസഥയാണ് ഈ സര്‍ക്കസ് കൂടാരമെന്ന് കഥയുടെ തുടക്കത്തില്‍ തന്നെ കാണിച്ച് തരുന്നുണ്ട്. ബാബു എന്ന ജോക്കറിന്റെ വേഷത്തിലാണ് ദിലീപ് കടന്നെത്തുന്നത്.
അച്ഛനും അമ്മയും ഇല്ലാതെ അനാഥനായ ബാബുവിന് എല്ലാം റോയല്‍ സര്‍ക്കസും ഇവിടുത്തെ സഹജീവികളുമാണ്. അവരില്‍ മനുഷ്യനും മൃഗങ്ങളും എല്ലാം വരുന്നു. ടി.എസ് രാജു അവതരിപ്പിച്ച സര്‍ക്കസ് കമ്പനി ഓണറുടെ ശക്തമായ കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെടുന്ന തരത്തില്‍ അവതരണീയം ഗംഭീരവുമാക്കി. ' ഷോ മസ്റ്റ് ഗോണ്‍' എന്ന തന്റെ അധികാരം ഉറപ്പിക്കുന്ന വാക്കുകള്‍ സിനിമയുടെ ആരംഭം മുതല്‍ അവസാനം വരെ പ്രായോഗികമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു.
ക്ഷയിച്ച സര്‍ക്കസ് കൂടാരത്തിലെ ജീവിതങ്ങളുടെ പട്ടിണി മാറ്റുന്നത് പോലും അയല്‍വക്കത്തെ പറമ്പിലെ തേങ്ങ മോഷ്ടിച്ചും കപ്പ കുത്തിയിട്ടുമൊക്കെയാണ്. അരയരികൊണ്ട് അരവയറുകള്‍ ഊട്ടുന്ന ബിന്ദുപണിക്കരുടെ റോള്‍ ആരും മറക്കുകയില്ല. ആ കാഴ്ചകളില്‍ നിന്ന് തന്നെ സര്‍ക്കസ് കൂടാരത്തിന്റെ ദാരിദ്രത്തെ മനസിലാക്കാന്‍ പ്രേക്ഷകന് സാധിക്കും. നല്ല രീതിയില്‍ സര്‍ക്കസ് കൂടാരത്തെ മുന്നോട്ട് കൊണ്ടുപോയി പഴയപ്രൗഡിയിലേക്ക് കമ്പനിയെ എത്തിക്കണമെന്നാണ് ഗോവിന്ദന്റെ ആഗ്രഹം.
പക്ഷേ തുശ്ചമായ കളികള്‍ മാത്രം ഒതുങ്ങുന്ന തന്റെ കൂടാരത്തിലേക്ക് കാണുകള്‍ അടുക്കുന്നില്ല. കണ്ടുമടുത്ത കാഴ്ചകളെല്ലാം കണ്ണിന് വിരസത സമ്മാനിക്കുമ്പോള്‍ കാണികള്‍ അരങ്ങൊഴിയുകയാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെടുന്നു. ഈ കാര്യം സര്‍ക്കസ് ഉടമ ഗോവിന്ദന്‍ ബാബുവിനോടൊക്കെ കഥയുടെ ഒരുഘട്ടത്തില്‍ ഇത് പറയുന്നുണ്ട്.
ലാഭത്തിനേക്കാള്‍ ഉപരി നഷ്ങ്ങളുടെ കഥയാണ് ഈ കൂടാരത്തിന് പറയാനുള്ളത്. കളിക്കിടയില്‍ വീണ് കിടപ്പിലായവര്‍, കാല്‍ തകര്‍ന്നവര്‍, മാറാ രോഗത്തിന് അടിമപ്പെട്ട കളിക്കാര്‍, ഇവര്‍ക്കായി ഛായംതേച്ച ഭാര്യമാര്‍ അങ്ങനെ ആ കൂടാരത്തിന്റെ വ്യാകുലതകള്‍ ഏറെയാണ്. സിനിമ തുടങ്ങുന്നത് മുതല്‍ നമ്മളും ആ സര്‍ക്കസ് കൂടാരത്തെ ദൂരെ മാറിനിന്ന് സദാ വീക്ഷിക്കുന്ന ഒരാളെന്ന രീതിയില്‍ തോന്നിപോകും.
റോയല്‍ സര്‍ക്കസ് ഉടമ ഗോവിന്ദന്റെ മകള്‍ പഠനമൊക്കെ കഴിഞ്ഞ് പിതാവിന്റെ സര്‍ക്കസ് കൂടാരത്തിലേക്ക് തിരികെയെത്തുന്നു. കമലയെന്നാണ് പേര്. കമലയായി എത്തുന്ന മന്യയാണ്. കൂടാരം പൊടിതട്ടിയെടുക്കുന്നതിനിടയില്‍ സുധീര്‍ മിശ്ര എന്ന മോട്ടോര്‍ സൈക്കിള്‍ റൈസറായി നിഷാന്ത് കടന്നുവരുന്നു. ഇയാള്‍ വരുന്നതോടെ കൂടാരത്തിന്റെ കെട്ടിലും മട്ടിലും മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കൂടാരത്തിലെ അന്തേവാസികള്‍ക്ക് ഇയാളെ അംഗീകരിക്കാന്‍ പറ്റാതെ വരുന്ന പലഘട്ടത്തിലും ഗോവിന്ദന്റെ ജല്‍പനങ്ങള്‍ക്ക് മുന്നില്‍ നിസാഹയനായി മാറാനെ ബാബുവിനിടക്കം പലര്‍ക്കും സാധിക്കുന്നുള്ളു.
സര്‍ക്കസ് കൂടാരത്തിലെ ദുരിതജീവിതം മാത്രമല്ല. സര്‍ക്കസ് സമ്മാനിക്കുന്ന മായക്കാഴ്ചകള്‍ക്ക് അപ്പുറം വളരെ ഭംഗിയും ദൃഡവുമായ ഒരു പ്രണയത്തിന്റെ കഥയും പറഞ്ഞുപോകുന്നു. ബാബുവിന്റെ കളിക്കൂട്ടുകാരിയായ കമലയുമായിട്ടുള്ള പ്രണയരംഗങ്ങള്‍. സര്‍ക്കസ് കൂടാരത്തിലേക്ക് കടന്നെത്തുന്ന സുധീറിനെ വീണ്ടും കണ്ടുമുട്ടുന്ന അനിതാ നായരുടെ വനജ എന്ന കഥാപാത്രം തുടങ്ങി പ്രണയത്തിന്റെ ഫ്‌ളാഷ് ബാക്കുകള്‍ സിനിമയില്‍ കയറിവരുന്നു. ഒരുപക്ഷേ ദുരന്തം വാരി വിതറുന്ന ഒരു സര്‍ക്കസ് കൂടാരത്തെ സമ്മാനിക്കാതെ പ്രണയവും നര്‍മവും ഇഴകലര്‍ന്ന സംവിധായകന്റെ ക്രാഫ്റ്റ് ആയിരിക്കാം ഇതിലൂടെ സമ്മാനിച്ചത്.
മനസില്‍ തട്ടുന്ന സീനുകളില്‍ ഒന്നാണ് ദിലീപ് കഥാപാത്രം ബാബുവും ബഹദൂര്‍ അവതരിപ്പിച്ച അബൂക്ക എന്നിവരുമായിട്ടുള്ള രംഗങ്ങളെല്ലാം. മാനസികപ്രശ്‌നം വന്ന അബൂക്ക തന്റെ നമ്പര്‍ എപ്പോഴാ എന്ന് ചോദിച്ച ഇടയ്ക്കിടയ്ക്ക് കൂടാരത്തിലേക്ക് കയറിവരുന്നു. ഇത് അവിടെ സ്ഥിരം കാഴ്ചയായിരുന്നെങ്കിലും ബാബുവിന്റെ തണലില്‍ അബൂക്ക സുരക്ഷിതനാണ്.
സുധീര്‍ വരുത്തുന്ന മാറ്റങ്ങളില്‍ കൂടാരം അല്‍പം പച്ചപിടിക്കുന്നതോടെ ഇവിടെ അധികാരത്തിന്റെ സ്വരങ്ങള്‍ രൂക്ഷമാകുന്നു. കളിയിക്കിടയില്‍ അവസരോചിതമായി കയറിവരുന്ന അബൂക്കയെ സിംഹകൂട്ടില്‍ അടയ്ക്കുന്നതും കൊല്ലപ്പെടുന്നതുമായ രംഗം എന്ത് വൈകാരികമാണെന്ന് ഇന്നും ഈ സിനിമ കാണുന്ന ഓരോ പ്രേക്ഷകനും ഓര്‍ത്തിരിക്കും. സംവിധായകന്‍ നടത്തിയ വ്യക്തമായ പഠനം മാത്രമല്ല.. ഈ ജീവിതങ്ങളിലേക്ക് ഇഴകിചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ കൂടിയായിരുന്നു ഈ ചിത്രം.ലോഹിതദാസെന്ന പ്രതിഭയുടെ ക്രാഫ്റ്റ് എന്നത് ഇതിലെ ഓരോ കഥാപാത്രത്തെ രൂപാന്തരപ്പെടുത്തുമ്പോല്‍ മുതല്‍ കഥയുടെ ഓരോ വൈകാരിക രംഗങ്ങളില്‍ വരെ പ്രകടമാണ്.
ഒരു സര്‍ക്കസ് കൂടാരത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒപ്പിയെടുത്ത ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അതില്‍ മികച്ചവയാണ് യൂസഫലി അലി കേച്ചേരി, ലോഹിതദാസ് എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ഗാനങ്ങള്‍....എന്നിവയാണ് സിനിമയ്ക്ക് ഒത്ത സംഗീതമായത്. കമലയുടേയും ബാബുവിന്റേയും പ്രണയത്തിലേക്ക് സുധീര്‍ കയറിവരുന്നതും വനജ നടത്തുന്ന പ്രതിരോധങ്ങളുമെല്ലാം ചിത്രം പറയുന്നു.
ആകാശ ഊഞ്ഞാലില്‍ തന്റെ ചതിയ്ക്കുള്ള മറുപടി വനജ നല്‍കുമ്പോള്‍. അല്‍പം ഇമാഷണല്‍ ഇഫക്ടില്‍ ക്ലൈമാക്‌സ് എത്തിചേരുന്നു. കോമഡിയിലൊതുങ്ങി ട്രാജഡിയിലെത്തുന്ന പര്യവസാനം അപ്പോഴും സര്‍ക്കസ് എന്ന കലയ്ക്ക് വൈകാരിക രംഗങ്ങള്‍ക്ക് സ്ഥാനമില്ലെന്നും കാണികളെ രസിപ്പിക്കുകയാണ് തങ്ങളുടെ ജോലിയെന്നും സര്‍ക്കസ് മുതലാളി കൂടിയായ ഗോവിന്ദന്‍ പറഞ്ഞു വയ്ക്കുന്നു.
ഷോ മസ്റ്റ് ഗോണ്‍ എന്നത് മാറ്റമില്ലാതെ ആകാശ കൂടാരത്തില്‍ തുടരുക തന്നെ ചെയ്യുന്നു. നഷ്ടം മൂലം ആനയെ ഉള്‍പ്പെടെ വില്‍ക്കുന്ന രംഗങ്ങള്‍, മരണങ്ങള്‍, ബിന്ദു പണിക്കരുടെ സര്‍ക്കസ് കൂടാരത്തിലെ പടിയിറക്കം തുടങ്ങി ലോഹിതദാസ് സ്മ്മാനിച്ച അതി വൈകാരിക രംഗങ്ങള്‍ ഏറെയാണ്. ചിത്രം പുറത്തിറങ്ങി പത്തൊന്‍പത് വര്‍ഷം പിന്നിടുമ്പോഴും ഇന്നും ഈ ചിത്രം കണ്ട കണ്ണുനിറയാത്ത പ്രേക്ഷകര്‍ ചുരുക്കമായിരിക്കും.