ടൊവിനോ തോമസ് ആദ്യമായി പട്ടാളക്കാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. സിനിമയില്‍ ഷഫീഖ് മുഹമ്മദ് എന്ന ആര്‍മി ക്യാപ്റ്റനായാണ് ടൊവിനോ എത്തുന്നത്. കോഴിക്കോട് ജില്ലയിലെ എടക്കാട് എന്ന ഗ്രാമിത്തിന്റെയും, അവിടത്തെ ചെറുപ്പക്കാരുടെ വഴി തെറ്റുന്ന ജീവിതവും, അതെല്ലാം അറിയുന്ന ഷഫീഖ് എന്ന പട്ടാളക്കാരന്റെയും കഥയാണ് നവാഗതനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്തിരിക്കുന്ന എടക്കാട് ബറ്റാലിയന്‍ 06 പറയുന്നത്. കമ്മട്ടിപ്പാടത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രം ഹൃദയസ്പര്‍ശിയായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സ്വപ്‌നേഷിനെ കൊണ്ട് സാധിച്ചു. വലിയ മാസ് ഡയലോഗുകളോ നായകന്റെ അമാനുഷികമായ ഫൈറ്റ് സീനുകളോ ഒന്നും തന്നെ ചിത്രത്തില്‍ തിരുകി കയറ്റിയിട്ടില്ല. വളരെ ലളിതമായും ഹൃദയസ്പര്‍ശിയായും ഒരുക്കിയിരിക്കുന്ന ചിത്രം ഒരു ഫാമിലി എന്റെര്‍ടെയ്‌നറാണ്. എന്നാല്‍ ആക്ഷനും റൊമാന്‍സിനും അതിന്റെതായ സ്ഥാനവും ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്.
പട്ടാളക്കാരനായ ഷെഫീഖ് നാട്ടില്‍ അമ്പലത്തിലെ പരിപാടിക്കായി ലീവിന് എത്തുന്നതും. പിന്നീട് അവിടെ ഉരുത്തിരിയുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ചെറിയ ചെറിയ നര്‍മ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അല്‍പം കഴിയുമ്പോള്‍ ചിത്രം കുറച്ച് സീരിയസായി മാറും. ആദ്യ പകുതിയില്‍ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം രണ്ടാം പകുതിയില്‍ പ്രേക്ഷകരെ വളരെയധികം ഇമോഷണല്‍ ആക്കുന്നുമുണ്ട്.
തീവണ്ടി, കല്‍ക്കി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോയും സംയുക്ത മേനോനും നായിക നായകന്മാരായി എത്തുന്ന ചിത്രം കൂടെയാണ് എടക്കാട് ബറ്റാലിയന്‍ 06. മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ ഇരുവരുടെയും കെമിസ്ട്രി ഈ ചിത്രത്തിലും മികച്ചു നില്‍ക്കുന്നു. എന്നാല്‍നായകന്റെ കൂടെ നടക്കുക, പാട്ടു സീനുകള്‍, ഇവര്‍ തമ്മിലുള്ള റൊമാന്‌സ്.. ഇതിലുപരി നായികയ്ക്ക് ചെയ്യാനായി ഒന്നും തന്നെ ചിത്രത്തിലില്ല. എങ്കിലും തനിക്ക് ലഭിച്ച വേഷം വളരെ മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ സംയുക്തയെ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇനി ടൊവിനോയുടെ കാര്യത്തിലേയ്ക്ക് വരുകയാണെങ്കില്‍ ശരീര ഭാഷകൊണ്ട് ഒരു പട്ടാളക്കാരനെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ ടൊവിനോ എന്ന നടനെ കൊണ്ട് സാധിച്ചിട്ടുണ്ട്. ഷെഫീഖ് എന്ന കഥാപാത്രം ടൊവിനോയുടെ കൈയ്യില്‍ ഭദ്രമായിരുന്നു. ടൊവിനോയ്ക്ക് പുറമേ മികച്ച അഭിനയം കാഴ്ച്ച വച്ചത് നിര്‍മ്മല്‍ പാലാഴിയാണ്. നര്‍മ്മ രംഗങ്ങളും ഇമോഷണല്‍ രംഗങ്ങളും വളരെ തന്മയത്തത്തോടെയാണ് നിര്‍മ്മല്‍ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കരന്‍ എന്ന കഥപാത്രത്തെ അത്രയും മികച്ച രീതിയിലാണ് നിര്‍മ്മല്‍ കൈകാര്യം ചെയ്തിരിക്കുന്നത്. പി. ബാലചന്ദ്രന്‍, സന്തോഷ് കീഴാറ്റൂര്‍, സുധീഷ്, ഷാലു റഹീം, സലീം കുമാര്‍, രേഖ എന്നിവരും തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.
സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ നീ ഹിമമഴയായി എന്ന ഗാനം പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു. കൈലാസ് മേനോന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങള്‍ കഥാ രംഗങ്ങളോട് നീതി പുലര്‍ത്തുന്നതാണ്. മാത്രമല്ല നീ ഹിമമഴയായി എന്ന ഗാനം മികച്ച ദൃശ്യാനുഭവം കൂടെയാണ് എന്നത് പറയാതെ വയ്യ. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇനി ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതിനെ കുറിച്ച് പറയുകയാണെങ്കില്‍ നല്ല രീതിയില്‍ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. എന്നാല്‍ ചില ഭാഗങ്ങളില്‍ ചെറിയ പാകപ്പിഴകള്‍ സംഭവിച്ചതായി കാണാനും സാധിക്കുന്നുണ്ട്. സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് പോലും അത് മനസിലാകും എന്നതാണ് അതില്‍ ശ്രദ്ധേയമായ മറ്റൊരു കാര്യം.
സമൂഹത്തിലെ ചെറുപ്പക്കാരുടെ ലഹരി ഉപയോഗവും, കുടുംബ ബന്ധങ്ങളും സൗഹൃദവും, പ്രണയവും എല്ലാം കൂടി കലര്‍ന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിരുന്ന് തന്നെയാണ് സമ്മാനിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ ഒരു പട്ടാളക്കാരന്റെ ജീവിതം എപ്പോള്‍ വേണമെങ്കിലും രാജ്യത്തിന് വേണ്ടി പൊലിയാമെന്നും ചിത്രം പറയുന്നു. അതുകൊണ്ട് ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരുടെ കണ്ണ് നനയിച്ചു. അത് സംവിധായകന്‍ എന്ന നിലയില്‍ സ്വപ്‌നേഷിന്റെ വിജയമാണ്. ചുരുക്കി പറഞ്ഞാല്‍ കുടുംബത്തോടൊപ്പം ടിക്കറ്റെടുത്ത് കാണാന്‍ കഴിയുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. മാത്രമല്ല ടൊവിനോയുടെ മുന്‍ ചിത്രങ്ങളലേത് പോലെ മാസ് രംഗങ്ങളും ഡയലോഗുകളും പ്രതീക്ഷിക്കാതെ പോവുകയാണെങ്കില്‍ ചിത്രം നല്ലൊരു ഫാമിലി എന്റെര്‍ടെയ്‌നര്‍ ആയിരിക്കും എന്നത് തീര്‍ച്ച..