അര്‍ജുന്‍ റെഡ്ഡിയിലൂടെ തെന്നിന്ത്യന്‍ സിനിമയിലെ താരോദയമായി മാറിയ വിജയ് ദേവര്‍കൊണ്ടയുടെ മറ്റൊരു വിജയ ചിത്രം. ആക്ഷന്‍ പ്രണയം, വിരഹം എന്നിവ സമ്മാനിച്ചുകൊണ്ടാണ് വിജയ് ദേവര്‍കൊണ്ട തെന്നിന്ത്യന്‍ കീഴടക്കാന്‍ വീണ്ടുമെത്തുന്നത്. ആതീവ മാസ് ഒന്നുമില്ലെങ്കിലും പ്രേക്ഷകന് വിരസത സമ്മാനിക്കാത്ത കഥാവഴി തന്നെയാണ് ഡിയര്‍ കോമറേഡ്. ഗീതാ ഗാവിന്ദത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ജോഡികളായിരുന്നു വിജയ് ദേവര്‍കൊണ്ട രാസ്മിക മന്ദാന എന്നിവര്‍. ഭാരത് കമ്മ രചനയും സംവിധാനവുമൊരുക്കി അരങ്ങിലെത്തിക്കുന്ന ചിത്രം ഡിയര്‍ കോമറേഡിലും പ്രേക്ഷകരുടെ ഈ പ്രതീക്ഷ തെറ്റുന്നില്ല. പ്രണയജോഡികളില്‍ ഇരുവരും തകര്‍ത്തുവാരുന്നുണ്ട്.
ഗംഭീര മാസും പ്രണയവും ഇഴകലര്‍ന്ന കഥയും വിജയ് ദേവര്‍ കൊണ്ടയുടെ പ്രസന്‍സും കൊണ്ട് ചിത്രം ഒരു പരിധിക്ക് മുകളില്‍ വിജയം കൈവരിച്ചിട്ടുണ്ട്. തെലുങ്ക്, മലയാളം, തമിഴ്,കന്നഡ എന്നീ നാലുഭാഷകളിലായി ഒരേസമയമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് സേതുപതി എന്നിവര്‍ ചിത്രത്തില്‍ ഗാനമാലപിച്ച് എത്തിയതും ചിത്രത്തിന്റെ മറ്റു പ്രധാന ആകര്‍ഷണമായിട്ടുണ്ട്. വിജയ് ദേവര്‍ കൊണ്ട സ്ഥിരം പാറ്റേണ്‍ ആക്ടിങ് എന്നൊക്കെ പറയുമ്പോഴും പ്രമേയത്തില്‍ വ്യത്യസ്ത്ഥത പുലര്‍ത്തുന്നു. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി യൂണിയന്‍ നേതാവായി എത്തുന്ന ചൈതന്യ കൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് താരം എത്തുന്നത്.
ബോബി എന്നും താരത്തെ വിളിക്കുന്നു. ആദ്യ പകുതിയില്‍ കോളജ്, സമരങ്ങള്‍- ആക്ഷന്‍ എന്നിവയിലൂടെയൊക്കെ കഥ കടന്നു പോകുന്നു. രാസ്മികയുടെ ലില്ലി എന്ന കഥാപാത്രത്തിന്റെ കടന്നുവരവോടെ ചിത്രത്തിന്റെ ഒഴുക്ക് പിന്നീട് മറ്റൊരു വഴിയിലേക്ക്. അര്‍ജുന്‍ റെഡ്ഡിയിലെ പോലെ ആക്ഷന്‍ രംഗങ്ങളില്‍ വിജയ് തകര്‍ക്കുന്ന ഒന്നാം പകുതിയും പ്രണയവും വിരഹവും സമ്മാനിക്കുന്ന രണ്ടാം പകുതിയും ചിത്രം സമ്മാനിക്കും
വിജയ് ദേവര്‍കൊണ്ടയെ പോലെ തന്നെ റാസ്മികയുടെ അപര്‍ണ (ലില്ലി)എന്ന റോള്‍ മികച്ചതായി തോന്നി. ഇഴച്ചിലില്‍ സമ്മാനിക്കാത്ത കഥാ വിവരണം ഒപ്പം ജസ്റ്റിന്‍ പ്രഭാകറിന്റെ മികച്ച സംഗീതം എന്നിവയാണ് ചിത്രം സ്മ്മാനിക്കുന്ന മറ്റൊരു മികവ്. കോമറേഡ് എന്ന പേര് പോലെ തന്നെ പല പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന നായകനാണ് ചിത്രത്തില്‍ ബോബി. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥി നേതാവായി രംഗത്തെത്തുമ്പോഴും രാഷ്ട്രീയപാര്‍ട്ടികളുടെ അടിമകളല്ല ഞങ്ങള്‍ എന്ന് നായകന്‍ പറയുന്ന വാക്കുകള്‍ കൈയ്യടി സമ്മാനിക്കുന്നുണ്ട്.
ലക്ഷ്യ ബോധമില്ലാത്ത നായകനെ ഒന്നാം പകുതിയില്‍ കാണിച്ച് തുടങ്ങുമ്പോള്‍ നായികയുടെ എന്‍ട്രിയോടെ കഥയുടെ കെട്ടും മട്ടും മാറുകയാണ്. സംസ്ഥാന ലെവല്‍ ക്രിക്കറ്റ് പ്ലയറായ രാസ്മികയുടെ ലില്ലി എന്ന കഥാപാത്രം ബോബിയുടെ ജീവിതത്തിലേക്ക് കടന്നെത്തുന്നു. പിന്നീട് ഇവര്‍ തമ്മിലുള്ള പ്രണയ നിമിഷങ്ങള്‍. തുടക്കം മുതല്‍ ഒടുക്കം വരെ മഴ സമ്മാനിക്കുന്ന അനുഭൂതിയും ജസ്റ്റിസ് പ്രഭാകറിന്റെ സംഗീതത്തിനൊപ്പം സിദ്ദ് ശ്രീറാമിന്റെ ശബ്ദവും തന്നെയാണ് മറ്റൊരു മാധുര്യവും.
കേരളത്തിലെതു പോലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് കഥയുമായി യാതൊരു ബന്ധവും തോന്നുന്നില്ല. എങ്കിലും നായകന്‍ കടന്നു ചെല്ലുന്ന കഥാ സന്ദര്‍ഭങ്ങളെല്ലാ മികച്ച ആസ്വാദനം നല്‍കിയിരിക്കും. രണ്ടാം പകുതി കഥ അല്‍പം നാടകീയമായി തോന്നും. സി.ഐ.എ പോലെ കഥയോ പ്രമേയമോ ചിത്രത്തില്‍ കടന്നുവരുന്നില്ല എങ്കില്‍ പോലും മലയാളത്തില്‍ കണ്ട പല ചിത്രങ്ങളുടെ തിരക്കഥകളെ ചേര്‍ത്തുവച്ചാല്‍ പരിചിതമായി തോന്നിയേക്കാം. രാസ്മിക വിജയ് പ്രണയരംഗങ്ങളും പാട്ടും തന്നെയാണ് ചിത്രത്തില്‍ മികച്ച് നില്‍ക്കുന്നതായി തോന്നിയത്.
ഇനി കഥാപാത്രങ്ങളെ എടുത്താല്‍ ശ്രുതി രാമചന്ദ്രന്‍ അവതരിപ്പിച്ച ജയ, സുഹാസ് അവതരിപ്പിച്ച മാര്‍ട്ടിന്‍ ചാരുഹസന്റെ മുത്തശ്ശന്‍ റോള്‍, മലയാളത്തിലുള്‍പ്പടെ ശ്രദ്ധേയനായ ആനന്ദ രാജ് അവതരിപ്പിച്ച അച്ഛന്‍ റോള്‍, അര്‍ജുന്‍ അവതരിപ്പിച്ച രമേഷ് റാവു എന്നീ കഥാപാത്രങ്ങള്‍ മികച്ചുനില്‍ക്കുന്നു. ജസ്റ്റിന്‍ പ്രഭാകറിന്റെ സംഗീതം, സുജിത്ത് സാരംഗിന്റെ ഛായാഗ്രഹണം എന്നിവയാണ് പ്രശംസ അര്‍ഹിക്കുന്ന സാങ്കേതിക വശങ്ങള്‍.