ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുംഭമേളയില്‍ 100 രൂപയ്ക്ക് മാല വിറ്റ് നടന്ന മൊണാലിസ (മോനി ബോണ്‍സ്ലെ) വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ പ്രയാഗ് രാജില്‍ നടന്ന മഹാകുംഭമേളയില്‍ മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം മാല വില്‍ക്കുമ്പോഴാണ് ക്യാമറ കണ്ണുകളില്‍പ്പെട്ടത്. ഇപ്പോഴിതാ മൊണാലിസ മലയാള സിനിമയിലേക്ക് വരുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
'ബ്രൗണ്‍ ബ്യൂട്ടി' എന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച മൊണാലിസയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാണാനെത്തിയവരുടെ തിരക്ക് കൂടിയതോടെ മാല വില്‍പ്പന നിര്‍ത്തി മോനി നാടിലേക്ക് മടങ്ങിയതും വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെ ഒരു ഹിന്ദി ആല്‍ബത്തില്‍ അഭിനയിച്ചതിന് പുറമെ ഒരു സിനിമയില്‍ അഭിനയിക്കാനും കരാര്‍ ഒപ്പിട്ടിരുന്നു.
ഇതിനിടെയാണ് കേരളത്തിലേക്ക് വീണ്ടും എത്തുന്നത്. പി.കെ. ബിനു വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'നാഗമ്മ' എന്ന ചിത്രത്തിലാണ് മൊണാലിസ അഭിനയിക്കുന്നത്. ജില്ലി ജോര്‍ജ് ആണ് നിര്‍മ്മാതാവ്. കഴിഞ്ഞ ദിവസം സിബി മലയില്‍ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കൈലാഷ് ആണ് ചിത്രത്തില്‍ നായക വേഷത്തിലെത്തുന്നത്. പൂജയുടെ വേദിയില്‍ മൊണാലിസയെ കൊണ്ട് ഓണാശംസകള്‍ പറയിപ്പിക്കുന്ന കൈലാഷിന്റെ വിഡിയോയും ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ മൊണാലിസ കേരളത്തിലെത്തിയിരുന്നു.കോഴിക്കോട് ജ്വലറി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മൊണാലിസ.
മോഡലിങ് രംഗത്ത് സജീവമായ മൊണാലിസയെ തേടി നിരവധി സിനിമ അവസരങ്ങളാണ് എത്തുന്നത്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന 'ദ് ഡയറി ഓഫ് മണിപ്പൂര്‍' എന്ന ബോളിവുഡ് ചിത്രത്തിലും മൊണാലിസ നായികയായി അഭിനയിക്കുന്നുണ്ട്.