കുടുംബ സമേതം കാണാന്‍ പറ്റിയ സിനിമയാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സാമൂഹികമായി വളരെ പ്രസക്തമായ സന്ദേശം സ്വാഭാവികമായി ഈ സിനിമയുടെ ഉള്ളടക്കത്തില്‍നിന്നും കാണികളുടെ മനസിലേക്കെത്തുമെന്നും ബേബി പറഞ്ഞു. ഡല്‍ഹി മലയാളികളോടൊപ്പം ചിത്രം തിയേറ്ററില്‍ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എം എ ബേബിയുടെ പ്രതികരണത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമൂഹത്തില്‍ പ്രചരിക്കേണ്ട വളരെ വിലപ്പെട്ട ഒരാശയമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുകേള്‍ക്കുന്നതിന്റെ പിന്നാലെ ഓടുന്ന തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത പലതും സ്വകാര്യമാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ബോധപൂര്‍വ്വവും അല്ലാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
വസ്തുതയറിഞ്ഞുവേണം നമ്മള്‍ ഏതു കാര്യത്തോടും പ്രതികരിക്കാന്‍ എന്നൊരു വലിയ സന്ദേശം, വസ്തുതയറിയാതെ പ്രതികരിച്ചാല്‍ അത് പലരുടേയും ജീവനെത്തന്നെ ബാധിക്കുന്ന ഒരു വിഷയമാണെന്ന കാര്യവും ഈ കഥയിലൂടെ അവതരിപ്പിക്കാന്‍ സിനിമയുടെ സംവിധായകന്‍ ബിന്റോയ്ക്കും ഈ സിനിമയ്ക്കൊപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവര്‍ക്കും കഴിഞ്ഞിട്ടുണ്ട്. അവരെയെല്ലാം അനുമോദിക്കുന്നു', എം.എ. ബേബി പറഞ്ഞു. അതേസമയം ബേബിയുടെ അഭിപ്രായത്തെ വിമര്‍ശിക്കുന്നവരും കുറവല്ല.
സൈബറിടത്തില്‍ വിമര്‍ശനം നേരിട്ടതോടെ സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി വിശദീകരണവുമായി രംഗത്ത് എത്തി.യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായതെന്നും ബേബി വ്യക്തമാക്കി. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ചിത്രമായി തോന്നിയെന്നും അതുകൊണ്ടാണ് പങ്കുവെച്ചതെന്നും എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ലെന്നും ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ സഖാക്കളും അനുഭാവികളും എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചു. പാര്‍ട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ തനിക്കും വിഷമമുണ്ടെന്ന് എം.എ ബേബി പറഞ്ഞു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച് നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ദിലീപിന്റെ 150-ാം ചിത്രമാണ് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'. ഷാരിസ് മുഹമ്മദാണ് തിരക്കഥ. ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ധിഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.