പ്രേക്ഷകരെ കുഴിയില്‍ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍; കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങള്‍; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താന്‍ കേസ് കൊട്' ഒരു ഫീല്‍ഗുഡ് മൂവി

Malayalilife
പ്രേക്ഷകരെ കുഴിയില്‍ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കല്‍ സറ്റയര്‍; കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങള്‍; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താന്‍ കേസ് കൊട്' ഒരു ഫീല്‍ഗുഡ് മൂവി

'അ ന്തംസ്' എന്ന വാക്കിന്റെ ശക്തിയും തീവ്രതയും വെളിപ്പെടുന്ന സമയമാണിത്.

ഒരു സിനിമയുടെ പരസ്യത്തിനോട് ചൊടിച്ച്‌ ആ സിനിമ കാണില്ലെന്ന് പ്രഖ്യാപിക്കുകയും, തീയേറ്ററില്‍ കാശ് കൊടുത്ത് കയറി ചിത്രത്തിനെതിരെ ഇന്‍ക്വിലാബ് മുഴക്കുകയും ചെയ്യുന്ന മണ്ടന്മാരെ നിങ്ങള്‍ക്ക് ലോക ചരിത്രത്തില്‍ എവിടെയെങ്കിലും കാണാന്‍ കഴിയുമോ? എന്നാല്‍ 'ഫാസിസ്റ്റ് വിരുദ്ധ, നവോത്ഥാന കേരളം', 'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ ആ നാണം കെട്ട പ്രതിഷേധത്തിനും സാക്ഷിയായി. നമ്മുടെ നാട്ടിലൊക്കെ റോഡില്‍ സര്‍വസാധാരണമായ കുഴി പരസ്യവാചകമായി ഉപയോഗിച്ചതാണേത്ര, സൈബര്‍ സഖാക്കളെ പ്രകോപിപ്പിച്ചത്.

രാജാവിനേക്കാള്‍ വലിയ രാജഭക്തിയുള്ളവരാണ് സൈബര്‍ സഖാക്കള്‍. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനേക്കാള്‍ കുഴി വിഷയത്തില്‍ പൊള്ളിയത്, അഡ്വ രശ്മിത രാമചന്ദ്രനെപ്പോലുള്ള സൈബര്‍ കമ്മികള്‍ക്കാണ്. അവര്‍ ചിത്രം കാണുന്നില്ലെന്നും, അണിയറപ്രവര്‍ത്തകര്‍ മാപ്പു പറയണം എന്ന് പറഞ്ഞ് പോസ്റ്റിട്ടത്തോടെയാണ് കാര്യങ്ങള്‍ ചൂടുപിടിച്ചത്. എന്തായാലും ബെസ്റ്റ് ടൈമിങ്ങ് എന്നേ പറയാന്‍ കഴിയൂ. കേരളത്തിലെ റോഡുകളുടെ കുഴി അടക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിശിതമായ വിമര്‍ശനം സര്‍ക്കാര്‍ ഏറ്റുവാങ്ങിയ സമയത്താണ്, 'വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന ചിത്രത്തിന്റെ പരസ്യവും, സൈബര്‍ സഖാക്കളുടെ ബഹിഷ്‌ക്കരണ ആഹ്വാനവും വരുന്നത്. അതോടെ പത്തുപൈസ ചെലവില്ലാതെ ലക്ഷങ്ങളുടെ പബ്ലിസ്റ്റിയാണ് ചിത്രത്തിന് കിട്ടിയത്. (ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും, സംഘപരിവാര്‍ ഫാസിസത്തിനും എതിരെ നില്‍ക്കുന്നവര്‍ തങ്ങളുടെ കാര്യം വരുമ്ബോള്‍ എത്രമാത്രം ഫാസിസ്റ്റുകള്‍ ആവുമെന്ന് നോക്കുക.)

നേരത്തെ കുഞ്ചാക്കോ ബോബന്‍, 'ദേവദൂതര്‍ പാടി' എന്ന പാട്ടിനൊത്ത് കളിച്ച നൃത്തത്തിന്റെ പേരിലാണ് ചിത്രം അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ അത്് കമ്യൂണിസ്റ്റുകാരെ കളിയാക്കുന്നു എന്നതിന്റെ പേരിലും. പക്ഷേ ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ ഒരുകാര്യം വ്യക്തമാണ്. അത് ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയെ എടുത്തു പറഞ്ഞ് വിമര്‍ശിക്കുന്നില്ലെങ്കിലും, ഇത്തരം സൈബര്‍ അന്തങ്ങളെ നന്നായി പരിഹസിക്കുന്നുണ്ട്. വ്യക്തമായ ഒരു സോഷ്യോ- പൊളിറ്റിക്കല്‍ ഡ്രാമയാണ് ഈ ചിത്രം. റോഡിലെ കുഴി ഈ സിനിമയിലെ ഒരു പ്രധാന സംഭവമാണ്. ചിത്രത്തിന്റെ നട്ടെല്ല് എന്നു പറയാം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ ലോബിയും ചേര്‍ന്ന് എങ്ങനെയാണ് നമ്മുടെ നാടിലെ റോഡുകളെ അഴിമതിയുടെ തോടുകളാക്കി മാറ്റുന്നത് എന്നതിന്റെ കൃത്യമായ ചിത്രം ഈ പടം നല്‍കുന്നുണ്ട്.

ഇനി ഒരു സിനിമ എന്ന നിലയില്‍ നോക്കിയാല്‍ ഏത് തരത്തിലുള്ള പ്രേക്ഷകനും കണ്ടിരിക്കാവുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ചിത്രം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന അതിഗംഭീര ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഈ പടത്തിലും മോശമാക്കിയിട്ടില്ല. നര്‍മ്മവും, ആക്ഷേപഹാസ്യവും, കോര്‍ട്ട്റും ഡ്രാമയുമൊക്കെയായി, ഒട്ടും ബോറടികൂടാതെയാണ് ചിത്രം മുന്നോട്ട് പോവുന്നത്.

ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ സംഭവിക്കുന്നത്

ഹോസ്ദുര്‍ഗ്, ചീമേനി തുടങ്ങിയ കമ്യുണിസ്റ്റ് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. കോഴുമ്മല്‍ രാജീവന്‍ എന്ന എക്സ് തസ്‌ക്കരന്റെ ജീവിതത്തിലുടെയാണ് കഥ പോവുന്നത്. അല്‍പ്പം മോഷണവുമൊക്കെയായി ജീവിച്ച രാജീവന്‍, ഒരു തമിഴ് യുവതിയുമായി ലിവിങ്ങ് ടുഗദര്‍ തുടങ്ങിയതോടെ ആ പരിപാടിയൊക്കെ നിര്‍ത്തി മാന്യനാവുന്നു. അങ്ങനെ ഇരിക്കേ നാട്ടിലെ ഉത്സവത്തിന് 'ദേവദൂതര്‍' ഗാനത്തിനൊപ്പിച്ച്‌ നൃത്തം ചെയ്ത വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അയാള്‍ക്ക് പണി കിട്ടുന്നത്. സ്ഥലം എംഎല്‍എയുടെ വീട്ടിലേക്ക് മതില്‍ ചാടിയതോടെ പട്ടികള്‍ കടിച്ച്‌ ചന്തി പറിച്ചെടുത്ത് നിലവിളിക്കുന്ന രാജീവനെയാണ് പിന്നെ കാണുന്നത്. നാട്ടുകാര്‍ അയാളെ കള്ളനാക്കി, അടിച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുന്നു. പൊലീസ് അയാളെ ആശുപത്രിയിലാക്കുന്നു.

താന്‍ കള്ളനല്ലെന്നും, തന്നെ ഇടിക്കാന്‍ ഒരു ഓട്ടോറിക്ഷ വന്നപ്പോള്‍, രക്ഷപ്പെടാനായി മതില്‍ ചാടിയതാണെന്നുമുള്ള രാജീവന്റെ വാക്കുകള്‍ ആരും കേള്‍ക്കുന്നില്ല. സംഭവം കേസാവുമ്ബോള്‍ തനിക്കുവേണ്ടി രാജീവന്‍ തന്നെ വാദിക്കുന്നു. പിന്നീടങ്ങോട്ട് ഒന്നാന്തരം കോര്‍ട്ട് റും ഡ്രാമായായി ചിത്രം മാറുകയാണ്. തന്നെ ഇടിക്കാന്‍ വന്ന ഓട്ടോ രാജീവന്‍ കണ്ടെത്തുന്നു. ഓട്ടോ ഇടിക്കാന്‍ കാരണം അതില്‍ ഒരു ടെമ്ബോ വന്ന് ഇടിച്ചതാണ്. ടെമ്ബോ പാളാന്‍ കാരണമാവട്ടെ റോഡിലെ കുഴിയില്‍ വീണ, ഒരു സൈക്കിള്‍ യാത്രികനെ രക്ഷിക്കാനായി വെട്ടിച്ചതും. അങ്ങനെ നോക്കുമ്ബോള്‍ ആരാണ് ഈ കേസിലെ പ്രതിയെന്നാണ് രാജീവന്റെ ചോദ്യം. പൊതുമരാമത്ത് മന്ത്രി അഴിമതി നടത്തുകയും, കുഴി അടപ്പിക്കാതിരിക്കുകയും ചെയ്തതാണ് പ്രശ്നമെന്ന് അയാള്‍ വാദിക്കുന്നു. അതിനായി ചില തെളിവുകളും, അപ്രതീക്ഷിത സഹായങ്ങളും അയാള്‍ക്ക് കിട്ടുന്നു. അങ്ങനെ നായ കടിച്ച കേസ്, ആകെ മാറിമറിഞ്ഞ് ഭരണകൂടവും ഒരു സാധാരണ പൗരനും തമ്മിലുള്ള കേസായി മാറുന്നു. അതൊക്കെ സുന്ദരമായാണ് രീതീഷ് കോര്‍ത്തിണക്കി കൊണ്ടുപോകുന്നത്.

സഖാക്കള്‍ക്ക് ഓര്‍ക്കാന്‍ ഒരുപാടുണ്ട്

ഈ ചിത്രം കമ്യൂണിസ്റ്റുകളെ പരിഹസിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്് എന്ന് തന്നെയാണ് ഉത്തരം. പക്ഷേ ടാര്‍ജറ്റ് ചെയ്യുന്നില്ല. ഒരു കമ്യൂണിസ്റ്റ് ഗ്രാമത്തിലെ പാര്‍ട്ടി ഫാസിസങ്ങള്‍ ഹാസ്യത്തിന്റെ മേമ്ബൊടിയിട്ട് ചിത്രം കാണിക്കുന്നുണ്ട്. പാര്‍ട്ടിയോടുള്ള പേടിയും വിധേയത്വവും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമങ്ങള്‍ ആണിത്. നേതാക്കള്‍ ദൈവങ്ങളെപ്പോലെ. ഒരു ഷട്ടില്‍ കോര്‍ട്ടില്‍ അടിയുണ്ടായി അത് ഒരാളുടെ മരണത്തില്‍ കലാശിച്ചിട്ടും, കൊന്നവനും ചത്തവനും ഒരേ പാര്‍ട്ടിക്കാര്‍ ആയതുകൊണ്ട് കോമ്ബ്രമൈസ് ആവുന്നു. ചെങ്കൊടിയും തോരണങ്ങളും, റെഡ് വളണ്ടിയര്‍ മാര്‍ച്ചുമൊക്കെ സറ്റയറിന്റെ ചേരുവയായാണ് ചിത്രം കാണിക്കുന്നുണ്ട്. ഷട്ടില്‍ കോര്‍ട്ടിലെ കൊലപാതകത്തോടെയാണ് ചിത്രത്തില്‍ ഇടവേള വരുന്നത്. അവിടെ പാറിപ്പറന്ന് നടക്കുന്ന ഒരു ചെഗുവേരയുടെ പോസ്റ്റര്‍ കാണിച്ച്‌, 'കൊല്ലാം തോല്‍പ്പിക്കാനാവില്ല' എന്ന് എഴുതിക്കാട്ടുന്നു. കാര്യങ്ങള്‍ വ്യക്തം!

അതുപോലെ തന്നെ സംസ്ഥാനത്തിന്റെ വനിതാ മുഖ്യമന്ത്രി, ഈ നായ കടിച്ച കേസില്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുക്കുന്നുണ്ട്. അപ്പാഴുണ്ടായ മുഖ്യമന്ത്രിയുടെ കോലം കത്തിക്കലൊക്കെ കാണുമ്ബോള്‍, സൈബര്‍ സഖാക്കള്‍ക്ക് ഓര്‍മ്മ വരിക ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി കൊടുത്ത വി എസിനെ ആയിരിക്കും! ഒരുപക്ഷേ സംവിധായകന്‍ അങ്ങനെ ഉദ്ദേശിച്ചിരിക്കാന്‍ വഴിയില്ല. പക്ഷേ എന്നെ കണ്ടാല്‍ കിണ്ണം കട്ടുവെന്ന് തോന്നുമോ എന്ന് പറഞ്ഞപോലെയാണ് നമ്മുടെ സൈബര്‍ സഖാക്കള്‍. അവരും പൊളിറ്റിക്കല്‍ കറക്‌ട്നസ്സ് എന്ന് പറയുന്ന പൊക വാദികളും ചേര്‍ന്ന് ബാക്കി പടച്ചുണ്ടാക്കിക്കോളും.

എന്നാല്‍ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തുകള്‍ കാണിക്കുക എന്നല്ലാതെ ഒരു പാര്‍ട്ടിയുടെ പിറകെ കൂടിയുള്ള വിമര്‍ശനവും ഈ ചിത്രം ഉയര്‍ത്തുന്നില്ല. ഓരോ കാലം കാണിക്കുമ്ബോഴും അന്നത്തെ പെട്രോള്‍ വിലകൂടി എഴുതിക്കാണിക്കുന്നുണ്ട്. അങ്ങനെ 70 രൂപ പെട്രോള്‍ വിലയുള്ള സമയത്ത് നിന്ന് തുടങ്ങി, നൂറുപിന്നിടുന്ന കാലയളവ് ചിത്രത്തിലുണ്ട്. ഇത് സംഘികളെ പരിഹസിക്കയാണെന്ന് വ്യാഖ്യാനിച്ചുകൂടെ. അതുപോലെ ചിത്രത്തിലെ പൊലീസുകാന്‍ പറയുന്നുണ്ട്, 'ഞാന്‍ ഗോമൂത്രമല്ല കുടിക്കുന്നത്' എന്നും.

ചുരുക്കിപ്പറഞ്ഞാല്‍ നിലവിലെ സാമൂഹിക വ്യവസ്ഥ പറയുകയാണ് ചിത്രം ചെയ്യുന്നത്. പക്ഷേ ആത് അടഞ്ഞ പാര്‍ട്ടി മനസ്സുകള്ള അന്തം കമ്മികള്‍ക്ക് താങ്ങാനാവില്ല. അത്തരക്കാര്‍ക്ക് നേരേ ചൂണ്ടിയ കണ്ണാടിയാണ് ഈ ചിത്രം എന്ന് പറയാം.

മിന്നിച്ചത് പുതുമുഖ നടന്മാര്‍

കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് എന്നൊക്കെ വിലയിരുത്തപ്പെടുന്ന ചിത്രമാണിത്. 'ചോക്കലേറ്റ്' ഇമേജ് അഴിച്ചുവച്ച്‌ തനിനാടന്‍ കഥാപാത്രമായി സ്വയം നവീകരിക്കുകയാണ് അടുത്തകാലത്ത് ഈ നടന്‍. ( മമ്മൂട്ടിയെപ്പോലെ മലയാളികളുടെ മോറല്‍ അംബാസിഡര്‍മാരില്‍ ഒരാളായ ഈ നടന്‍ 'ഭീമന്റെ വഴി' എന്ന ചിത്രത്തില്‍ ലിപ്പ് ലോക്ക് പോലും ചെയത് ഓര്‍മ്മയിലുണ്ട്) ആ ദേവദൂത പാട്ടിലെ അഭിനയം മാത്രം മതി ഈ കഥാപാത്രത്തെ നമുക്ക് ഇഷട്പ്പെടാന്‍. ഈ പടത്തില്‍ ചുണ്ടും പല്ലും മുന്നോട്ട് തള്ളിവരുന്ന രീതിയിലാണ്, വ്യത്യസ്തമായാണ് കുഞ്ചാക്കോയുടെ ഡയലോഗ് ഡെലിവറി.

രാജേഷ് മാധവന്‍, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. 'കനകം കാമനി കലഹത്തി'ലെന്നപോലെ രാജേഷിന്റെ സ്പൂഫ് കോമഡി ചിരിപ്പിക്കുന്നു. ജഗതി ശ്രീകുമാറിനെപ്പോലെയാണ് ഈ നടന്‍. കഥാപാത്രമായി വെറുതെ നിന്നാല്‍പോലും ചിരി വരും. കൂടാതെ പേരറിയാത്ത, കാസര്‍കോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ സ്വാഭാവികതയോടെ അഭിനയിച്ചിരിക്കുന്നു. കൃത്രിമത്വമില്ലാത്ത, അതിഭാവുകത്വമില്ലാത്ത അഭിനയം പ്രേക്ഷകന് നല്‍കുന്ന ഫീല്‍ ഒന്നുവേറെതന്നെയാണ്. മജിസ്ട്രേറ്റനായും വക്കീലന്മാരായുമൊക്കെ വന്ന നടന്മാര്‍ മലയാളത്തിന്റെ ഭാവി താരങ്ങള്‍ തന്നെയാണ്. ഇതില്‍ മജിസ്ട്രേറ്റ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അഡാര്‍ ഒറിജിനാലിറ്റി!

ബേസില്‍ ജോസഫ് അതിഥിവേഷത്തില്‍ എത്തുന്നുണ്ട്.തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസ് - ഒ.എന്‍.വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം 'ദേവദൂതര്‍ പാടി'യുടെ റീമിക്‌സ് പതിപ്പ് നേരത്തെ തന്നെ വൈറല്‍ ആയിരുന്നല്ലോ.

ചില പോരായ്മകള്‍ ഇങ്ങനെ

പക്ഷേ ഈ മനോഹര ചിത്രത്തില്‍ ഏറ്റവും വലിയ പോരായ്മയായി ഈ ലേഖകന് അനുഭവപ്പെട്ടത് കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന് കൊടുത്ത ഓവര്‍ മേക്കപ്പാണ്. കുഞ്ചാക്കോയിലെ ചോക്കേളേറ്റ് കുട്ടപ്പന്റെ സെറ്റപ്പിനെ നുള്ളിക്കളയണം എന്ന വാശിയോടെ ബ്ലാക്ക് ഓവറായി അടിച്ചും, താടിമീശയൊക്കെ സെറ്റ് ചെയ്തുമുള്ള മേക്കപ്പില്‍ ചില സീനുകളില്‍ കൃത്രിമത്വം തോനുന്നുണ്ട്. അത്രയേറെ വേണ്ടായിരുന്നു. അതുപോലെ ചില സീനുകളില്‍ സംഭാഷണം വ്യക്തമാവുന്നില്ല. എന്തൊക്കെ റിയലിസ്റ്റിക്ക് എന്ന് പറഞ്ഞാലും അടിസ്ഥാനമായി ഡയലോഗുകളുടെ കമ്യൂണിക്കേഷനിലുടെ അല്ലേ പടം ചലിക്കുക.

രണ്ടാം പകുതിയുടെ മധ്യത്തിലൊക്കെ ചിത്രത്തിന്റെ വേഗത ഒന്ന് കുറയുന്നുണ്ട്്. പക്ഷേ വളരെ വേഗം സംവിധായകന്‍ ചിത്രം തിരിച്ച്‌ പിടിക്കുന്നു. സ്പൂണ്‍ ഫീഡിങ്ങ് എന്ന സാധനം ന്യൂജന്‍ സിനിമ നിര്‍ത്തിക്കളഞ്ഞതാണെങ്കിലും, പ്രസക്തമായ ഒരു പ്രധാന സംഭവത്തിന്റെ ഡീറ്റേലിങ്ങിലേക്ക് കഥ പോവുന്നില്ല. അത് ആ എംഎല്‍എയുടെ ഭാര്യ കൊടുത്ത പരാതിയില്‍ തന്റെ വീട്ടില്‍നിന്ന് കുറേ കവിതാസമാഹാരവും, പണവും അടങ്ങിയ ഒരു പെട്ടിപോയി എന്ന് പറയുന്നുണ്ട്. ആ കേസാണ് സത്യത്തില്‍ വളര്‍ന്ന് മന്ത്രിയെവരെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ആ പെട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് പിന്നീട് ചിത്രം പറയുന്നില്ല. അതുപോലെ മുടി നീട്ടിവളര്‍ത്തിയ ഒരുത്തനോട് 'അത് വെട്ടി വന്നിട്ട് നിന്റെ ജാമ്യം പരിഗണിക്കാം' എന്ന മജിസ്ട്രേറ്റ് പറയുന്നതുപോലുള്ള ബോഡി ഷെയിമിങ്ങ് തമാശകളും ഒഴിവാക്കാമായിരുന്നു.

ഇങ്ങനെ, അല്‍പ്പസ്വല്‍പ്പം തകരാറുകള്‍ അവിടെ ഇവിടെയും ഉണ്ടെങ്കിലും ചിത്രത്തിന്റെ ഒഴുക്കിനെ അത് കാര്യമായ ബാധിച്ചിട്ടില്ല. നിങ്ങള്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരനാണെങ്കിലും, ടിക്കറ്റ് കാശ് വസൂലാവുന്ന ചിത്രമാണിത്. ഈ ചിത്രം, കേരളത്തിന്റെ പൊതു അവസ്ഥ ചിത്രീകരിക്കുന്നു എന്നല്ലാതെ ഒരു പാര്‍ട്ടിയെ ലക്ഷ്യമിടുന്നില്ല. എന്നിട്ടും നിങ്ങള്‍ക്ക് അങ്ങനെ തോനുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെയും ആ പാര്‍ട്ടിയുടേയും കഴുപ്പം തന്നെയാണ്.

വാല്‍ക്കഷ്ണം: മെക്സിക്കന്‍ അപാരതപോലെുള്ള ഒരു തനി പൈങ്കിളിപ്പടത്തിന് ഇന്‍ക്വിലാബ് വിളിച്ച്‌ കയറുകയും, തീയേറ്ററുകളില്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തവരുമാണ് നമ്മുടെ ഇടതുപക്ഷക്കാര്‍. ഇപ്പോള്‍ അവര്‍ക്ക് ഒരു 'കുഴി' വിമര്‍ശനം പോലും താങ്ങാന്‍ കഴിയുന്നില്ല. അവസാനം പണ്ട് റഷ്യയില്‍ നിലനിന്നപോലെ, പാര്‍ട്ടി നേതാക്കളുടെ സെന്‍സര്‍ കമ്മറ്റി കണ്ടശേഷം സിനിമ ഇറക്കുന്ന കാലം വരുമോ!

Read more topics: # nnaa thaan kes koduthu,# movie review
nnaa thaan kes koduthu movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES