ഗുരുവായൂര്‍ കണ്ണന്റെ തിരുനടയില്‍ തരിണിക്ക് താലി ചാര്‍ത്തി കാളിദാസ്. രണ്ട് ദിവസമായി നടന്ന വിവാഹ ആഘോഷങ്ങള്‍ക്ക് പിന്നാലെ ക്ഷേത്രസന്നിധിയില്‍ ഇന്ന് രാവിലെ 7.15 നും എട്ടിനുമിടയിലെ മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.സുരേഷ് ഗോപിയും ഗോകുല്‍ സുരേഷുമടക്കം നിരവധി താരങ്ങളും ആശംസകളുമായെത്തി.
പ്രണയം സഫലമായ സന്തോഷത്തിലാണ് താരദമ്പതികള്‍. കഴിഞ്ഞ നവംബറില്‍ ചെന്നൈയില്‍ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണര്‍ അപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.
കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരില്‍ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബര്‍ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിന്റേയും പാര്‍വതിയുടേയും വിവാഹം. ജന്മം കൊണ്ട് മലയാളി ആണെങ്കിലും കാളിദാസ് ജനിച്ചതും വളര്‍ന്നതും എല്ലാം ചെന്നൈയില്‍ ആണ്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര വേദിയിലെത്തിയ ബാലതാരമാണ് കാളിദാസന്‍. സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രങ്ങളിലെ അഭിനയ മികവിന് 2003-ലെ മികച്ച ബാലനടനുള്ള കേരള സര്‍ക്കാര്‍ ചലച്ചിത്രപുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരവും കാളിദാസന്‍ നേടിയിരുന്നു. ഇന്ത്യന്‍ ടു ആണ് കാളിദാസ് ഒടുവില്‍ അഭിനയിച്ച ചിത്രം. അവള്‍ പേയര്‍ രജനി, ഡി 50 എന്നീ ചിത്രങ്ങള്‍ ആണ് കാളിസിന്റേതായി വരാനിരിക്കുന്നത്.