മലയാള സിനിമയിലെ ലിംഗവ്യത്യാസങ്ങള്‍ക്കും പുരുഷ കേന്ദ്രീകൃത ലോബിക്കുമെതിരെ തുറന്നടിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. സിനിമയില്‍ തുല്യവേതനമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമ ഒരു വിലയ വ്യവസായമാണ്. ആരുടെ പടം എന്നതിനനുസരിച്ച് വലിയ ബ്രാന്‍ഡാണ് സിനിമ. മമ്മൂട്ടി സിനിമ, മോഹന്‍ലാല്‍ സിനിമ എന്നിങ്ങനെ ആരാധാകരെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം, അവിടെ ഒരിക്കലും ഒരു സ്ത്രിക്ക് ഉയര്‍ച്ചയുണ്ടാകില്ല.
നമുക്കിതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. പത്രപ്രവര്‍ത്തക യുണിയനിലും വനിതാ സാന്നിധ്യം കുറവാണ്. പുതിയ കാലത്ത് മഞ്ജു വാര്യര്‍ അല്ലാതെ ഒരു ബ്രാന്‍ഡ് മലയാള സിനിമയില്‍ ഇതുവരെ വന്നിട്ടില്ല. ഇതു മാറണമെങ്കില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് സിനിമ കാണാന്‍ പോകണം. എങ്കില്‍ മാത്രമേ ഈ ഫാന്‍സ് അസോസിയേഷന്‍ പോലുള്ള പരിപാടികള്‍ക്ക് അറുതി വരൂ. ഫെമിനിച്ചി എന്ന് വിളിക്കുന്നത് ആണുങ്ങളുടെ അല്‍പത്തരമാണ്. അതാണ് ഞാന്‍ ഒരിക്കല്‍ ഫെമിനിച്ചികളുടെ കൂടെ എന്ന് പറഞ്ഞത് -അദ്ദേഹം പറയുന്നു.
ഫെയ്സ്ബുക്കിലൂടെ പ്രതികരിക്കുമ്പോള്‍ ആളുകള്‍ അതിനോട് നേരിട്ട് പ്രതികരിക്കും. എന്നെ ബോധവത്ക്കരിക്കും. ഞാന്‍ ശരിയല്ലെന്ന് പറയും. ചിലര്‍ ഞാന്‍ ശരിയല്ലെന്നും പറയും. എന്റെ കാഴ്ചപ്പാട് ശരിയാണെന്ന് ഞാന്‍ പറയുന്നില്ല. അത് രൂപപ്പെട്ട് വരുന്നേയുള്ളൂ.സ്ത്രീ ഒരു അത്ഭുതമാണ്. സ്ത്രീകള്‍ ചെയ്യുന്ന പല കാര്യങ്ങളും പുരുഷന്‍മാര്‍ക്ക് സാധിക്കില്ല. നാം പുരുഷന്‍മാര്‍ സ്വന്തം തുണി പോലും അലക്കില്ല.
എന്തൊക്കെ പുരോഗമനം പറഞ്ഞാലും അതെല്ലാം ചെയ്യാന്‍ മടിയാണ്. എന്റെ വീട്ടില്‍ ഒരിക്കല്‍ സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ വന്നിരുന്നു. ഫെമിനിസം ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന കാലത്താണത്. എന്റെ സഹോദരന്‍ ചോദിച്ചു എങ്ങനെയാണ് ഫെമിനിസം നടപ്പാവുക എന്ന്. അപ്പോള്‍ ചര്‍ച്ചയില്‍ ആരോ പറഞ്ഞു സ്വന്തം പ്ലേറ്റ് കഴുകി വച്ചാല്‍ മതിയെന്ന്. ഒരു പുരുഷന്‍ ഫെമിനിസം നടപ്പാക്കണമെങ്കില്‍ കുറഞ്ഞത് സ്വന്തം പാത്രമെങ്കിലും കഴുകി വച്ചാല്‍ മതിയാകും.
ഇനി അവസരം ലഭിച്ചില്ലെങ്കിലോ എന്ന ഭയം. അന്താരാഷ്ട്ര തലത്തില്‍ നില്‍ക്കുന്ന തിലകനെപ്പോലുള്ള ഒരാളെ ഒതുക്കി നിര്‍ത്തിയ ഒരു സംഘടനയാണ് നമ്മുടേത്. അപ്പോള്‍ മറ്റുള്ളവരുടെ അവസ്ഥയോ?. എനിക്ക് ഇതല്ലെങ്കില്‍ വേറെ ജോലി കിട്ടും എന്ന് ഉറപ്പുള്ളതുകൊണ്ട്. എനിക്ക് ദുബായിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ട്. പണിയെടുക്കാനുള്ള മനസ്സുമുണ്ട്. എനിക്ക് രണ്ടു പെണ്‍മക്കളുണ്ട്. അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ക്ക് ആരെയും പ്രേമിക്കാം, കല്യാണം കഴിക്കാം. പക്ഷേ ഒരു ജോലി വേണം. വരുമാനം വേണം. കുട്ടികള്‍ തനിയെ യാത്ര ചെയ്യുന്നവരാണ്.
ആരെങ്കിലും മോശമായി പെരുമാറിയില്‍ അവര്‍ക്കിട്ട് ഒന്നു കൊടുത്തോളാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ എല്ലാം തുറന്ന് പറയും. ഡിന്നര്‍ ടൈമില്‍ എല്ലാം ചര്‍ച്ച ചെയ്യും. എന്നെ നല്ലവണ്ണം കളിയാക്കും. ഒരു അച്ഛന്‍ എന്ന നിലയില്‍ കുട്ടികളുടെ നല്ല സുഹൃത്താവുക എന്നതാണ് എന്റെ തിയറി. കേരളം പോലുള്ള ഒരു സ്ഥലത്ത് പെണ്‍കുട്ടികളുടെ അച്ഛനാകാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അങ്കിള്‍ എന്ന സിനിമയിലൂടെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നതും അതു തന്നെയാണ്.