രാജ്യം 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ബോളിവുഡിൽ നിന്നും ഒരു വമ്പൻ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച ഝാൻസി റാണിയുടെ കഥപറയുന്ന സിനിമയായ മണികർണ്ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് അണിയറക്കാർ പുറത്തുവിട്ടത്. ബ്രിട്ടീഷ് സൈന്യത്തിനെതിരെ പടനയിക്കുന്ന റാണിയുടെ പോസ്റ്റർ ചുരുങ്ങിയ സമയങ്ങൾക്കകം സൈബർ ലോകത്തും വൈറലായി. സിനിമയിൽ ഝാൻസി റാണിയുടെ വേഷം ചെയ്യുന്നത് കങ്കണ റണൗട്ടാണ്.
കുഞ്ഞിനെ പുറത്തുതുണിയിൽ പൊതിഞ്ഞുകെട്ടി കുതിരപ്പുറത്തേറി വാളുമേന്തി യുദ്ധക്കളത്തിലുള്ള റാണിയെയാണ് ഫസ്റ്റ് ലുക്ക്‌പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ജനുവരി 25 റിപ്പബ്ലിക് ദിനത്തിൽ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ക്രിഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സീ സ്റ്റുഡിയോസും കമൽ ജെയിനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ചരിത്ര കഥാപാത്രങ്ങളെല്ലാം സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താതിയാ തോപിയായി അതുൽ കുൽക്കർണിയും സദാശിവിന്റെ വേഷത്തിൽ സോനു സൂഡും ജൽകരാബിയായി അങ്കിത ലോഹൻഡേയും ചിത്രത്തിൽ വേഷമിടുന്നു. റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികർണ്ണികയിൽ റാണിയും ഒരു ബ്രിട്ടീഷ് ഭരണാധികാരിയും തമ്മിലുള്ള പ്രണയരംഗങ്ങൾ ചിത്രത്തിലുണ്ടെന്ന പ്രചാരണത്തെ തുടർന്നാണ് ബ്രാഹ്മണ സഭ ബോളിവുഡ് ചിത്രം മണികർണ്ണികയുടെ ചിത്രീകരണം തടസപ്പെടുത്തുകയും. പ്രതിഷേധിക്കുകയും ചെയ്തതിരുന്നു. എന്നാൽ ആരോപിക്കപ്പെടുന്നതു പോലെയുള്ള കഥാസന്ദർഭങ്ങൾ ചിത്രത്തിലില്ലെന്ന നിർമ്മാതാവ് കമൽ ജെയിന്റെ ഉറപ്പാണ് പ്രതിഷേധങ്ങളിൽ നിന്നു പിന്മാറാൻ കാരണം.
ജയശ്രീ മിശ്ര എഴുതിയ റാണി എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രത്തിലെ ചില ഭാഗങ്ങൾ എടുത്തിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ഈ പുസ്തകം നിരോധിച്ചു. പിന്നെന്തിനാണ് സിനിമക്കാർ നിരോധിച്ച പുസ്തകത്തിലെ വിവരങ്ങൾ തന്നെ ചിത്രീകരിക്കുന്നതെന്ന് സർവ് ബ്രാഹ്മിൺ മഹാസഭയുടെ സ്ഥാപക അംഗവും അധ്യക്ഷനുമായ സുരേഷ് മിശ്ര ചോദിച്ചിരുന്നു.