യുവനടി പ്രഗ്യ നാഗ്രയെ രഹസ്യവിവാഹം കഴിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ജയ്. നയന്റീസ് കിഡ് ആയ സിങ്കിള്‍ ബോയ് യാണ് താനെന്നും പെണ്‍കുട്ടികള്‍ നിരാശപ്പെടേണ്ട കാര്യമില്ലെന്നും നടന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു.നടി പ്രഗ്യയും വ്യാജ വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായെത്തി . താനിപ്പോഴും വിവാഹിതയല്ലെന്നായിരുന്നു പ്രഗ്യയുടെ കമന്റ്.
ജയ് യുവനടിയെ വിവാഹം ചെയ്തു എന്ന തരത്തിലുളള വാര്‍ത്തകള്‍ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ദൈവത്തിന്റെ അനുഗ്രഹത്തോടെ പുതിയ ജീവിതം ആരംഭിച്ചു എന്ന ക്യാപ്ഷനോടെ ജയ് യും പ്രഗ്യയും പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു വാര്‍ത്തകള്‍ക്ക് ആധാരം.
പ്രഗ്യ പരമ്പരാഗത തമിഴ് രീതിയിലുളള താലി അണിഞ്ഞാണ് ജയ് യ്ക്കൊപ്പം ഇരിക്കുന്നത്. വിവാഹത്തിനന് ശേഷം ഇരുവരും ഹണിമൂണിന് പോകാന്‍ തയാറെടുക്കുകയാണെന്നു തോന്നിപ്പിക്കുന്ന ഫോട്ടോ നിമിഷ നേരങ്ങള്‍ കൊണ്ടു വൈറലാവുകയും ചെയ്തു.
വൈറലായ വിവാഹ ചിത്രം ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളളതാണ്. സൂക്ഷിച്ചു നോക്കിയാല്‍ ഇരുവര്‍ക്കും പിന്നില്‍ ക്യാമറയൊക്കെ സജ്ജീകരിച്ചിരിക്കുന്നത് വ്യക്തമായി കാണാന്‍ സാധിക്കും.ബേബി ആന്‍ഡ് ബേബി എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ ജയ് യും പ്രഗ്യയും. സത്യരാജ് , യോഗി ബാബു തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി.