മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ജഗതി ശ്രീകുമാര്‍. ഇപ്പോളിതാ
ജഗതിയുടെ ഫെയ്സ്ബുക്ക് പേജിലെത്തിയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. ആണ്.'നന്ദനം' സിനിമയിലെ കുമ്പിടി എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. കുമ്പിടിയുടെ കരിക്കേച്ചര്‍ ആണിത്. ചിത്രം വരച്ച നിധിന് എന്ന കലാകാരന് നന്ദി പറഞ്ഞുകൊണ്ട് 'ഗ്ളാനിര്‍ ഭവതി ഭാരതാ..' എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
സിനിമയിലെ പ്രശസ്ത ഡയലോഗുകളായ,'ഉണ്ണിയമ്മേ കുമ്പിടി വന്നു', 'ഉപദ്രവിക്കരുത് ജീവിതമാണ്', 'പോണ വഴി തീ പിടിച്ച് കത്തിപ്പോട്ടെ', 'അനിയാ നില്', 'കുട്ടിശാസ്താവേ ശരണം', 'എന്താ കേശവാ', 'ശശി പാലാരിവട്ടം ശശി', 'ജമ്പോ ഫലാനി പക്വാനി' എന്നിങ്ങനെ ഡൂഡിലായി കുറിച്ചിട്ടുമുണ്ട്.
നിരവധി പേരാണ് ചിത്രത്തിന് പ്രതികരണമറിയിച്ചെത്തിയത്. 'ജഗതിച്ചേട്ടനെപ്പോലെ ജഗതിച്ചേട്ടന് മാത്രം', 'കുമ്പിടി ഇഷ്ടം', 'എന്നെന്നും ജഗതി ചേട്ടന്റെ ബിഗ് ബിഗ് ഫാന്‍', 'സിബിഐയില്‍ വന്ന പോലെയെങ്കിലും വല്ലപ്പോഴും ഏതെങ്കിലും സിനിമയിലൊക്കെ മുഖം കണ്ടാല്‍ സന്തോഷം', 'ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്നും നല്ല ഓര്‍മകള്‍ക്കപ്പുറം അഭിനയ മുഹൂര്‍ത്തങ്ങള്‍ നല്കിയ ജഗതി ചേട്ടന് തുല്യം മറ്റാരും ആകില്ല', 'അമ്പിളിചേട്ടന് നമ്പര്‍ വണ്‍', 'മലയാളത്തില്‍ ഇനി ഇങ്ങനൊരു പ്രതിഭാസം ഒരിക്കലുമില്ല', നര്‍മ്മത്തിന്റെ ഗുരുകുലം' എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകള്‍.
2012ല്‍ കോഴിക്കോട് തേഞ്ഞിപ്പാലത്ത് വെച്ചുണ്ടായ കാര്‍ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായ പരുക്ക് പറ്റിയത്. തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും മാറിനിന്ന് വിശ്രമത്തിലായിരുന്നു. മമ്മൂട്ടി- മധു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിബിഐ അഞ്ചിലൂടെയാണ് ജഗതി വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തിയത്. ജഗതിയുടെ തിരിച്ചുവരവ് മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു.