മലയാളിയുടെ സിനിമയില്‍ ഗന്ധര്‍വ യാമങ്ങളിലേക്ക് വാതില്‍ തുറന്ന മഹാ പ്രതിഭ
. ക്യാമറക്ക് മുന്നില്‍ ഭാവനകള്‍ക്ക് സൗന്ദര്യം ചോരാതെ യാഥാര്‍ഥ്യമാക്കിയ ഗന്ധര്‍വ്വന്‍. ഇതെല്ലാം മലയാള സിനിമയുടെ ഭാവനാ ചക്രവര്‍ത്തി. മലയാള സിനിമാ സൗന്ദര്യത്തിന് പത്മരാജന്‍ സമ്മനിച്ച സംഭാവനകള്‍ ചെറുതല്ല. തിരക്കഥ, സംവിധാനകന്‍, സാഹിത്യകാരന്‍ എന്നിവയിലൂടെ പത്മരാജന്റെ അടയാളപ്പെടുത്തലുകള്‍ ചെറുതല്ല. പെരുവഴിയമ്പലം എന്ന സ്വന്തം നോവല്‍ സംവിധാനം ചെയ്തായിരുന്നു പത്മരാജന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം.
പിന്നീട് കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയല്‍വാന്‍, നവംബറിന്റെ നഷ്ടം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, മൂന്നാംപക്കം, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പത്മരാജനിലെ പ്രതിഭയെ മലയാളക്കര അനുഭവിച്ചറിഞ്ഞു. ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം മുദ്രപതിപ്പിച്ചു.
പത്മരാജന്റെ തിരക്കഥ ആദ്യമായി സിനിമയാകുന്നത് ഭരതന്റെ സംവിധാനത്തിലൂടെയായിരുന്നു.സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ എക്കാലത്തെയും മഹത്തായ സൃഷ്ടിയായ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം. വേര്‍പാടിന്റെ ഇരുപത്താറാമാണ്ടിലും ആലപ്പുഴ ജില്ലയിലെ ഓണാട്ടുകരയുടെ ഭാഗമായ ഈ ഹരിപ്പാടുകാരന്റെ ഓര്‍മ്മകള്‍ക്ക് നിറംകൂടുകയാണ്.
റിയാലിറ്റിയും റിയലിസവും വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത വിധം സമന്യയമാണ് പത്മരാജന്റെ രചനകള്‍. മലയാളികള്‍ക്ക് എക്കാലവും ഓര്‍ക്കാന്‍ ഒരു ഗന്ധര്‍വയാമം സമ്മാനിച്ച പത്മരാജന്റെ ഭാവനാ സങ്കല്‍പ്പം ചിന്തകള്‍ക്ക് അതീതമാണ്. പത്മരാജന്റെ ജീവിതത്തെ
ഡോക്യമുമെന്ററിയാക്കി അരങ്ങിലെത്തിച്ച വീണ്ടും മലയാളികള്‍ക്ക് മുന്നില്‍ ഗാന്ധര്‍വ്വയാമം ഒരുക്കിയിരിക്കുകയാണ.കഥകളുടെ ഗന്ധര്‍വന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്റി ചിത്രം ഒരുക്കിയിരിക്കുന്നത് ജസ്റ്റിന്‍ ജേക്കബാണ്.
പത്മരാജന്റെ ജീവിതത്തെയും അതിലുപരി സിനിമകളെയും അടുത്തറിയാനുള്ള ഒരു ചെറിയ ശ്രമമാണ് ഈ സംരഭമെന്ന് സംവിധായകന്‍ പറയുന്നു. പത്മരാജന്‍ എന്ന വ്യക്തി അല്ലെങ്കില്‍ സിനിമാപ്രവര്‍ത്തകന്‍ സ്വാധീനിച്ച ഒരുപിടിയാളുകളുടെ കാഴ്ചപ്പാടിലൂടെയാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്.
ഇതേക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ
''കോളേജ് പ്രോജക്ടിന്റെ ഭാഗമായാണ് പത്മരാജന്‍ മാസ്റ്ററിനെ പറ്റിയുള്ള ഡോക്യുമെന്ററി ചെയ്യുന്നത്. അദ്ദേഹത്തെ പോലെ ഒരാളെ കുറിച്ച് ചെയ്യുമ്പോ നല്ല തയ്യാറെടുപ്പ് വേണമായിരുന്നു. എന്നെ സഹായിക്കാന്‍ ഒരുപാടാളുകള്‍ ഉണ്ടായിരുന്നു. ആറ് മാസം കൊണ്ടാണ് ഞാന്‍ ഇത് പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍, ഭാര്യ, മകന്‍, പിന്നെ സംവിധായിക അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ സഹകരിച്ചു.
തൂവാനത്തുമ്പികള്‍ എന്ന സിനിമ പത്മരാജന്‍ മാസ്റ്ററുടെ സുഹൃത്ത് ഉണ്ണി മേനോനില്‍ നിന്നും ഉണ്ടായതാണ്. അദ്ദേഹവുമായും സംസാരിച്ചു. ഭാര്യ രാധാലക്ഷ്മിയും മകന്‍ അനന്തപദ്മനാഭന്‍ എന്നിവരും അദ്ദേഹത്തിന്റെ ഓര്‍മകള്‍ പങ്കുവയ്ച്ചു. തന്നിലെ സംവിധായികയില്‍ പത്മരാജന്‍ സിനിമകള്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് അഞ്ജലി മേനോന്‍ സംസാരിച്ചത്.''
നിര്‍മാണം- ജെസ്ന ജേക്കബ്, ജോമേഷ് പി.എ, ക്യാമറ- വിശാഖ് ജയചന്ദ്രന്‍, എഡിറ്റര്‍- കിരണ്‍ നടുമഠത്തില്‍, അസോസിയേറ്റ്- സല്‍മാന്‍ സിറാജ്.