ഇന്ന് അർധരാത്രി 12 മണിക്ക് ഓരോ മലയാളി പ്രേക്ഷകരും കാത്തിരുന്ന ദൃശ്യത്തിന്റെ രണ്ടാം ഭാഗം റിലീസ് ആവുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. 7 വർഷങ്ങൾക്ക് ശേഷം ജോര്ജുകുട്ടിയും കുടുംബവും വരുന്നത് വെറുതെയാവില്ല എന്ന് ഒരു വിഭാഗം പറയുമ്പോൾ ഒന്നാം ഭാഗത്തെ നശിപ്പിക്കാൻ ആയിട്ടാണ് ഈ വരവെന്ന് മറ്റ് ചിലരും അവകാശപ്പെടുന്നു. ഒരുപാട് സംശയങ്ങൾ എല്ലാം ദൃശ്യത്തെ കുറിച്ച് ഉയരുകയുമാണ്. മൃതദേഹം പുറത്ത് വന്നോ, ജോർജ്ജുകുട്ടിയെ പോലീസ് പിടിച്ചോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അങ്ങനെ ഉള്ള ഒരു സംശയങ്ങളിൽ ഒന്നിന് മറുപടി നൽകുകയാണ് ചിത്രത്തിൽ മോഹൻലാലിന്റെയും മീനയുടെയും മൂത്ത മകൾ ആയി അഭിനയിക്കുന്ന അൻസിബ ഹസൻ.
ഒന്നാം ഭാഗത്തിൽ മൂത്ത മകൾ കാരണം പ്രശ്നങ്ങൾ ഉണ്ടാവുന്നു എങ്കിൽ രണ്ടാം ഭാഗത്തിൽ ഇളയ മകൾ കാരണമാണോ പ്രശ്നം എന്ന ചോദ്യത്തിനാണ് അന്സിബയുടെ മറുപടി. ഇടക്ക് റിലീസ് ആയ ഗാനത്തിൽ ഇളയ മകൾക്ക് മൊബൈൽ മേടിച്ച് നൽകുന്നത് കാണാം. ഒരു മൊബൈൽ കാരണമാണ് ആദ്യ ഭാഗത്ത് പ്രശ്‌നങ്ങൾ ഉണ്ടായത്. അത് തന്നെ വീണ്ടും രണ്ടാം ഭാഗത്തിൽ ആവർത്തിക്കുമോ എന്ന കൗതുകപരമായ ചോദ്യത്തിനാണ് അൻസിബയുടെ മറുപടി എത്തിയത്.
ഞങ്ങള്‍ മൊബൈല്‍ വാങ്ങിക്കാന്‍ പോകുന്ന സീനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ ട്രോളുകളും സജീവമായി. ആദ്യത്തെ മോള്‍ടെ കഴിഞ്ഞു, ഇനിയിതാ രണ്ടാമത്തെവള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചു കൊടുക്കാന്‍ പോവുകയാണ്. എന്തോ പ്രശ്‌നമുണ്ട്, ആരെയോ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്നൊക്കെ എന്നായിരുന്നു അൻസിബയുടെ മറുപടി. അച്ഛൻ കഥാപാത്രമായ ജോര്ജുകുട്ടിയെ ന്യായീകരിച്ചയിരുന്നു അൻസിബയുടെ അടുത്ത പ്രതികരണം. ജോർജ്കുട്ടി ഒരു സീരിയൽ കില്ലർ അല്ലെന്നും ക്രിമിനലും അല്ലെന്നും കുടുംബത്തിന് പ്രശ്നം വന്നപ്പോൾ കുടുംബത്തെ രക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും അൻസിബ പറഞ്ഞു.