സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയനും നടി ശ്രീദേവികയും രംഗത്ത്. 2006-ല്‍ അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവിക വെളിപ്പെടുത്തിയത്. സംവിധായകന്‍ രാത്രി ഹോട്ടല്‍ മുറിയിലെ കതകില്‍ തുടര്‍ച്ചയായി മുട്ടി വിളിച്ചുവെന്നും അവര്‍ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകില്‍ മുട്ടി. റിസപ്ഷനില്‍ അറിയിച്ചപ്പോള്‍ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു. തുളസീദാസ് ആയിരുന്നു അവന്‍ ചാണ്ടിയുടെ മകന്‍ സിനിമയുടെ സംവിധായകന്‍.
തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു. സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകന്‍ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവര്‍ പറഞ്ഞു. ദുരനുഭവം അറിയിച്ച് താരസംഘടനയായ 'അമ്മ'യ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് ശ്രീദേവിക രംഗത്തെത്തിയത്. 'അമ്മ'യില്‍ പരാതി നല്‍കിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു.
നടി ശ്രീദേവികയ്ക്ക് പിന്നാലെയാണ് തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്‍ രംഗത്ത് വന്നത്. 1991 ല്‍ ചാഞ്ചാട്ടം സിനിമാ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയന്‍ പങ്കുവെക്കുന്നത്. ഹോട്ടല്‍ മുറിയില്‍ വച്ച് പലതവണ ശല്യം ചെയ്തു. ഹോട്ടല്‍മുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു. എതിര്‍ത്തപ്പോള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറി. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. താന്‍ ചീത്ത വിളിച്ചപ്പോള്‍ ഓടിപ്പോയി. പിന്നീട് സെറ്റില്‍ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീന്‍ വിവരിച്ച് തരാന്‍ പോലും പിന്നീട് സംവിധായകന്‍ തയ്യാറായില്ല. സിനിമാ മേഖലയില്‍ നിന്ന് ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതാ വിജയന്‍ പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ അരോമ മോഹനെതിരെയും ഗീതാ വിജയന്‍ ആരോപണം ഉന്നയിച്ചു. ഈ വിഷയത്തില്‍ 'അമ്മ'യില്‍ പരാതി നല്‍കിയിരുന്നു. അന്നത്തെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചാണ് ആദ്യം പറഞ്ഞത്. പ്രൊജക്ടിന് വേണ്ടി വിളിക്കുമ്പോഴാണ് അരോമ മോഹന്‍ മോശമായി സംസാരിച്ചത്. ആ ചിത്രത്തിനായി പിന്നെ വിളിച്ചിട്ടില്ല. പരാതി നല്‍കിയിട്ടും അയാള്‍ക്ക് ധാരാളം ചിത്രങ്ങള്‍ ഉണ്ട്. തനിക്കാണ് ചിത്രങ്ങളില്ലാതായതെന്നും ഗീതാ വിജയന്‍ വ്യക്തമാക്കി. ഓരോ സിനിമയിലും ഓരോ ആളുകളാണ് പവര്‍ഫുള്‍. ഇടവേള ബാബു അരോമ മോഹനെ വിളിച്ച് ചീത്ത പറഞ്ഞു എന്നാണ് അറിഞ്ഞത്. തുളസീദാസിനെതിരെയുള്ള ശ്രീദേവികയുടെ പരാതിയില്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും ഗീതാ വിജയന്‍ അറിയിച്ചു.
അതേസമയം, അമ്മയില്‍ ഭിന്നത രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി. പുതിയ ജനറല്‍ സെക്രട്ടറിയായി വനിത വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മറ്റൊരു വിഭാഗം ജഗദീഷിന്റെ പേരാണ് നിര്‍ദേശിക്കുന്നത്.
നടി ഗീത വിജയന്റെ ആരോപണം നിഷേധിച്ച് തുളസീദാസ്
നടി ഗീത വിജയന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് സംവിധായകന്‍ തുളസീദാസ്. താന്‍ ഒരിക്കലും ഗീത ആരോപിക്കുന്നത് പോലെ പെരുമാറിയിട്ടില്ലെന്ന് തുളസീദാസ് പറഞ്ഞു. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞത്. എന്നാല്‍ അന്ന് തന്റെ സെറ്റില്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ല.
എന്റെ കരിയറിന്റെ തുടക്കകാലമാണ് അത്. അന്നത്തെക്കാലത്ത് സിനിമ ചെയ്യണം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന കാലമാണ്. ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുക പോലും ഇല്ലെന്ന് തുളസീദാസ് പറഞ്ഞു. ഉര്‍വശി അടക്കം മുതര്‍ന്ന താരങ്ങള്‍ ആ സെറ്റില്‍ ഉണ്ടായിരുന്നു അവര്‍ക്കൊന്നും പ്രശ്നങ്ങള്‍ നേരിട്ടില്ല. മാത്രവുമല്ല ഷൂട്ടിംഗ് കഴിഞ്ഞ് താരങ്ങള്‍ എല്ലാം സന്തോഷത്തോടെയാണ് മടങ്ങിയത്. ഇത്രയും വര്‍ഷം കഴിഞ്ഞ് ഈ ആരോപണത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.
തനിക്കെതിരെ അമ്മയില്‍ ഞാന്‍ ചാണ്ടിയുടെ മകന്‍ എന്ന ചിത്രത്തിലെ നായിക പരാതി കൊടുത്തതായി വാര്‍ത്ത കണ്ടു. എന്നാല്‍ അമ്മയില്‍ ഇത്തരം ഒരു പരാതി പോയതുമായി ബന്ധപ്പെട്ട് തനിക്കൊന്നും അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.
സംവിധായകന്‍ തുളസീദാസ് മോശമായി തന്നോട്ട് മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടി ഗീതാ വിജയന്‍ വെളിപ്പെടുത്തിയത്. 1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ഗീതാ വിജയന്‍ പറഞ്ഞു.
തനിക്ക് മാത്രമല്ല ശ്രീദേവിക എന്നൊരു നടിക്കും തുളസീദാസില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗീത പറയുന്നു. കതകില്‍ തട്ടുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രതികരിച്ചതിന്റെ പേരില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ഗീതാ വിജയന്‍ പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സിനിമാമേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്നും ഗീത വിജയന്‍ പറഞ്ഞു. ഇന്‍ഡസ്ട്രിയില്‍നിന്ന് പുറത്താക്കുമെന്ന് തുളസീദാസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പറഞ്ഞു. അരോമ മോഹനില്‍ നിന്നും മോശം അനുഭവമുണ്ടായതായും ഗീത വിജയന്‍ വെളിപ്പെടുത്തി.
ഗീത വിജയന്റെ പ്രതികരണം
'ഈ മൂവ്‌മെന്റ് ഇപ്പോള്‍ വന്നത് വളരെ നന്നായി. ഇപ്പോഴാണ് ശരിക്കുമൊരു വിമെന്‍ എംപവര്‍മെന്റ് നടന്നുതുടങ്ങുന്നത്. സ്ത്രീ ശാക്തീകരണത്തിനായുള്ള ഒരു പ്ലാറ്റ് ഫോമാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നതിന് സംസ്ഥാനസര്‍ക്കാരിന് നന്ദി. ഇതേ ഊര്‍ജത്തോടെ ഇത് തുടരണം. ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ ജോലി സ്ഥലത്ത് സ്ത്രീകള്‍ ഒരിക്കലും അനുഭവിക്കാന്‍ പാടില്ല. ജോലിസ്ഥലത്ത് മതിയായ സംരക്ഷണവും സുരക്ഷിതത്വവും വേണം. ഇത്തരത്തിലുള്ള പരാതികളോ വിവാദങ്ങളോ ഒരുതരത്തിലും ഒരിക്കലും സംഭവിക്കാന്‍ പാടുള്ളതല്ല.
ഞാനും അനുഭവിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ 90 കളിലാണ് ഞാന്‍ വന്നത്. പ്രതികരിക്കേണ്ടവരോടൊക്കെ ഞാന്‍ അതിശക്തമായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞാന്‍ പലരുടെ കണ്ണിലും കരടാണ്. ആ സമയത്ത് എനിക്ക് കുറേ പ്രോജക്ട്‌സ് പോയിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍നിന്നുതന്നെ തുടച്ചുനീക്കും എന്നൊക്കെയാണ് പറഞ്ഞത്. ആദ്യത്തെ സിനിമയില്‍ ഞാന്‍ വളരെ സുരക്ഷിതയായിരുന്നു. ആ സിനിമയുടെ സംവിധായകനായാലും സിനിമയില്‍ സഹനടന്‍മാരായിരുന്ന ഇപ്പോള്‍ ആരോപണം നേരിടുന്നവരും നല്ല രീതിയിലാണ് പെരുമാറിയത്. അവരെക്കുറിച്ച് ഇത്തരം ആരോപണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
അതുകഴിഞ്ഞുള്ള പ്രോജക്ട്‌സില്‍ പോകുമ്പോഴാണ് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത്. എന്നാല്‍ ആ സമയത്ത് ഞാന്‍ വളരെ ബോള്‍ഡായിരുന്നു. അതുകൊണ്ട് എനിക്ക് ആ സമയത്ത് ശക്തമായി പ്രതികരിക്കാന്‍ സാധിച്ചു. പ്രതികരിച്ചാല്‍ ആ പടത്തില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നൊന്നും എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. വരുന്ന കോണ്‍സിക്വന്‍സസിനെ കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നില്ല. പ്രതികരിക്കേണ്ട സ്ഥലത്ത് നന്നായി പ്രതികരിക്കാന്‍ സാധിച്ചതില്‍ ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. ചില സ്ഥലത്ത് എന്നെ കൂടെയുള്ളവര്‍ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സപ്പോര്‍ട്ട് കിട്ടാത്ത സ്ഥലങ്ങളുമുണ്ട്.
ഇത് ശക്തമായിട്ടുള്ള മൂവ്‌മെന്റല്ലേ. സ്ത്രീകളോട് അതിക്രമം ചെയ്തിട്ടുള്ള എല്ലാവര്‍ക്കും ഒരു ഭയം വന്നിട്ടുണ്ടല്ലോ, ആ ഭയമാണ് അവരുടെ പണിഷ്‌മെന്റ്. ആ ഭയം എപ്പോഴും ഉണ്ടാവണം. ഇനി ഇത്തരത്തിലുള്ള മോശം സംഭവങ്ങള്‍ നടക്കില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപക്ഷേ നടന്നാല്‍ പോലും അത് എതിര്‍ക്കാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം.
ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കാന്‍ വിളിച്ചിട്ടില്ല. എന്നോട് ചോദിച്ചാല്‍ എന്റെ അനുഭവങ്ങള്‍ തീര്‍ച്ചയായും പറയും. നടന്ന കാര്യങ്ങള്‍ എല്ലാവരും അറിയണമല്ലോ. ആ കാര്യങ്ങള്‍ ഞാന്‍ വ്യക്തിപരമായി കൈകാര്യം ചെയ്തിട്ടുണ്ട്. അതിന്റെ അനന്തരഫലങ്ങള്‍ നോക്കാതെയാണ് ഞാന്‍ അവയെ കൈകാര്യം ചെയ്തത്. അതുകാരണം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. താനന്ന് ശക്തമായി എതിര്‍ത്തതുപോലെ എല്ലാവരും പ്രതികരിക്കണമെന്നില്ല. ഇനി ഇത്തരം സംഭവങ്ങള്‍ അധികമുണ്ടാവില്ല, കാരണം ഇവിടെ മീഡിയയുണ്ടല്ലോ', ഗീത വിജയന്‍ പറഞ്ഞു.