തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ നായികമാർക്കു വേണ്ടിയുള്ള ഓട്ടത്തിലാണ് സംവിധായകൻ കൊർത്താല ശിവ. ചെറുപ്പക്കാരികളായ നടിമാർക്കൊപ്പം ഇനി പ്രണയരംഗങ്ങളിൽ അഭിനയിക്കില്ലെന്ന ചിരഞ്ജീവിയുടെ തീരുമാനമാണ് സംവിധായകനെ വലച്ചത്. തന്റെ നായികയെക്കുറിച്ച് ചിരഞ്ജീവി ഇങ്ങനെയൊരു നിബന്ധന മുന്നോട്ടുവച്ചതോടെ നായികയെ തേടി സംവിധായകൻ ശിവ വലഞ്ഞതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ഇതോടുകൂടി മുൻകാല നടിമാരെയും സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറിയ മുതിർന്ന നടിമാരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ശിവ.കോനിഡെല പ്രൊഡക്ഷനും മാറ്റിനി എന്റർടെയ്ന്മെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നവംബറിൽ ചിത്രീകരണം ആരംഭിക്കും. ചിത്രം 2019ൽ പുറത്തിറങ്ങും. ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരൺ നിർമ്മാണം നടത്തുന്ന സൈരാ നരസിംഹ റെഡ്ഡിയാണ് നിലവിൽ ഇപ്പോൾ നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം.
മൂന്ന് ഭാഷകളിലിറങ്ങുന്ന സൈരാ നരസിംഹ റെഡ്ഡിയുടെ സംവിധായകൻ സുന്ദർ റെഡ്ഡിയാണ്. നയൻതാര, അമിതാഭ് ബച്ചൻ, തമന്ന, ജഗപതി ബാബു, അല്ലു അർജ്ജുൻ എന്നിവരാണ് മറ്റു താരങ്ങൾ.